പോത്തിന്റെ കുത്തേറ്റ് വയോധികൻ മരിച്ചു

ആലങ്ങാട് : പറമ്പിൽകെട്ടിയ പോത്തിന്റെ കുത്തേറ്റ് വയോധികൻ മരിച്ചു. കൊങ്ങോർപ്പിള്ളി കശുവിൻകൂട്ടത്തിൽ കെ എ ബാലകൃഷ്ണനാണ് (73) മരിച്ചത്. വീടിനോടുചേർന്നുള്ള കെട്ടിടത്തിൽ ചായക്കട നടത്തുന്ന ബാലകൃഷ്ണൻ ആറുമാസംമുമ്പാണ് പോത്തിനെ വാങ്ങിയത്. വീടിനുസമീപത്തുള്ള ഒഴിഞ്ഞപറമ്പിൽ കെട്ടുന്ന പോത്തിന് രാവിലെയും വൈകിട്ടും തീറ്റയും വെള്ളവും കൊടുക്കുന്നത് ബാലകൃഷ്ണനാണ്. വെള്ളി പകൽ പോത്തിനെ മാറ്റിക്കെട്ടാൻപോയ ബാലകൃഷ്ണനെ കാണാതായതോടെ ഭാര്യ ഉഷ അന്വേഷിച്ചപ്പോഴാണ് പരിക്കേറ്റ് കിടക്കുന്നതുകണ്ടത്.
ഉടനെ ചേരാനല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. തലയ്‌ക്കും ദേഹത്തുമെല്ലാം പരിക്കേറ്റ പാടുകളുണ്ടായിരുന്നു. പോത്തിന്റെ കുത്തേറ്റ് വാരിയെല്ല് തകർന്നതാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.









0 comments