കരിപ്പൂരിൽ നിന്നും എട്ട് വിമാനങ്ങൾ കൂടി; ഹജ്ജ് ക്യാമ്പ് ബുധനാഴ്ച സമാപിക്കും

hajj flight from kochi

ഫയൽ ചിത്രം

വെബ് ഡെസ്ക്

Published on May 18, 2025, 09:01 PM | 2 min read

മലപ്പുറം: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന കരിപ്പൂരിൽ നിന്നും അവശേഷിക്കുന്നത് എട്ട് സർവ്വീസുകൾ. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ രണ്ട് വീതവും ബുധൻ മൂന്ന്, വ്യാഴം പുലർച്ചെ ഒന്ന് എന്നിങ്ങനെയാണ് ബാക്കിയുള്ള സർവ്വീസുകൾ. അവസാന വിമാനം 22 വ്യാഴം പുലർച്ചെ ഒരു മണിക്കാണ്. ഇതിലേക്കുള്ള തീർഥാടകർ ബുധൻ രാവിലെ 10ന് ക്യാമ്പിലെത്തി രാത്രി എട്ട് മണിയോടെ എയർപോർട്ടിലേക്ക് തിരിക്കും. ഇതോടെ കരിപ്പൂരിലെ ഹജ്ജ് ക്യാമ്പിന് പരിസമാപ്തിയാവും. മെയ് 9നാണ് ക്യാമ്പ് ആരംഭിച്ചത്.


കരിപ്പൂരിൽ നിന്നും ഇന്ന് രണ്ട് വിമാനങ്ങളിലായി 346 പുറപ്പെട്ടു. പുലർച്ചെ 12.30 ന് പുറപ്പെട്ട വിമാനത്തിൽ 87 പുരുഷന്മാരും 86 സ്ത്രീകളും വൈകുന്നേരം 4.50 ന് പുറപ്പെട്ട വിമാനത്തിൽ 85 പുരുഷന്മാരും 88 സ്ത്രീകളുമാണ് യാത്രയായത്. കരിപ്പൂരിൽ നിന്നും ഇത് വരെ 23 വിമാനങ്ങളിലായി 3967 തീർഥാടകർ മക്കയിലെത്തി. തിങ്കളാഴ്ച പുലർച്ചെ ഒരു മണിക്ക് പുറപ്പെടുന്ന വിമാനത്തിൽ 74 പുരുഷന്മാരും 92 സ്ത്രീകളും വൈകുന്നേരം 5.30 ന് പുറപ്പെടുന്ന വിമാനത്തിൽ 82 പുരുഷന്മാരും 91 സ്ത്രീകളുമാണ് പുറപ്പെടുക. കണ്ണൂരിൽ നിന്നും തിങ്കൾ പുലർച്ചെ അഞ്ച് മണിക്കാണ് സർവ്വീസ്. ചൊവ്വാഴ്ച കണ്ണൂരിൽ നിന്നും ഹജ്ജ് സർവ്വീസുകളില്ല.


കരിപ്പൂരിൽ ഇന്ന് തിങ്കളാഴ്ച വിവിധ സമയങ്ങളിൽ നടന്ന യാത്രയയപ്പ് സംഗമങ്ങളിൽ എ പി അനിൽ കുമാർ എംഎൽഎ, സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ അംഗം എ. സൈഫുദ്ധീൻ ഹാജി, ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് നേതൃത്വം നൽകി. ഹജ്ജ് കമ്മിറ്റി മെമ്പർമാരായ കെ ഉമർ ഫൈസി മുക്കം, അഷ്കർ കോറാട്, അസി.സെക്രട്ടറി ജാഫർ കക്കൂത്ത്, ഹസൻ സഖാഫി തറയിട്ടാൽ, യൂസുഫ് പടനിലം സംബന്ധിച്ചു.


കൊച്ചി വഴി 1436 തീർഥാടകർ മക്കയിലെത്തി


കൊച്ചി: കൊച്ചി എംബാർക്കേഷൻ പോയിന്റ് വഴി ഇത് വരെ അഞ്ച് വിമാനങ്ങളിലായി 1436 തീർത്ഥാടകർ മക്കയിലെത്തി. ഇതിൽ 444 പേർ പുരുഷന്മാരും 992 പേർ വനിതാ തീർഥാടകരുമാണ്. ശനിയാഴ്ച രാത്രിയും ഞായറാഴ്ച രാവിലെയുമായി പുറപ്പെട്ട അഞ്ച് വിമാനങ്ങളിൽ 572 വനിതാ തീർഥാടകർ മക്കയിലെത്തി. വനിതാ തീർത്ഥടർക്കു മാത്രമായുള്ള അവസാനത്തെ വിമാനം 21ന് രാവിലെ 11.30 ന് പുറപ്പെടും. മൂന്ന് വിമാനങ്ങളാണ് വനിതകൾക്ക് മാത്രമായി കൊച്ചിയിൽ നിന്നും ഷെഡ്യൂൾ ചെയ്തിട്ടുള്ളത്.


ഇന്ന് വൈകുന്നേരം 3.27 ന് പുറപ്പെട്ട എസ് വി 3063 നമ്പർ വിമാനത്തിൽ 152 പുരുഷന്മാരും 137 സ്ത്രീകളുമാണ് യാത്രയായത്. തിങ്കളാഴ്ച ഒരു വിമാനമാണുള്ളത്. ഇതിൽ 284 പേരാണ് മക്കയിലേക്ക് പോകുന്നത്. അതേ സമയം ലക്ഷദ്വീപിൽ നിന്നുള്ള തീർഥാടക സംഘം നാളെ ഹജ്ജ് ക്യാമ്പിലെത്തും. ചൊവ്വാഴ്ച രാത്രി 8.20 ന് പുറപ്പെടുന്ന എസ് വി 3067 നമ്പർ വിമാനത്തിലാണ് ഇവർ യാത്രയാവുക. 58 പുരുഷന്മാരും 54 സ്ത്രീകളും അടക്കം 112 പേരാണ് ലക്ഷദ്വീപിൽ നിന്നുള്ളത്. ഇവരുടെ സേവനത്തിനായി ഒരു ഹജ്ജ് ഇൻസ്പെക്ടറും ഉണ്ട്. ലക്ഷ്വദീപിൽ നിന്നുള്ള സംഘത്തെ ഹജ്ജ് കമ്മിറ്റിയുടേയും സംഘാടക സമിതിയുടേയും നേതൃത്വത്തിൽ ക്യാമ്പിൽ സ്വീകരിക്കും.



deshabhimani section

Related News

View More
0 comments
Sort by

Home