അവിടെ പ്രാർഥനാ വിലക്ക്
ഇതാണ് കേരള സ്റ്റോറി ; ഇവിടെ ക്ഷേത്രോത്സവവും ഈദ് നമസ്‌കാരവും ഒരിടത്ത്

കിണാശേരി പള്ളിയറക്കൽ ദുർഗാ ഭഗവതിക്ഷേത്രം ഉത്സവത്തിന്റെ ഭാഗമായി പരിപാടികൾ നടക്കുന്ന മൈതാനത്ത് പെരുന്നാൾ ദിവസം രാവിലെ നടന്ന ഈദ് ഗാഹിൽനിന്ന്
പി ചൗഷ്യാരാഗി
Published on Apr 01, 2025, 02:48 AM | 2 min read
മതാന്ധതയുടെ ഇരുൾ പടരുന്ന ഇന്ത്യയുടെ വഴികളിൽ മാനവികതയുടെ വെളിച്ചം തൂകി കേരളം വീണ്ടും മതനിരപേക്ഷതയ്ക്ക് കാവലാളായി. അപരവിദ്വേഷത്താൽ ജീർണിച്ച തലച്ചോറുകൾ പ്രാർഥനകൾക്ക് ഭീതിയുടെ വിലങ്ങിട്ട ഉത്തരേന്ത്യൻ വാർത്തകൾക്ക് ഒരായിരം നന്മക്കാഴ്‌ചകൾ ചേർത്തുവച്ച് നമ്മൾ ഉലയാത്ത മാതൃകയായി.
ഒരു മാസത്തെ കഠിന വ്രതാനുഷ്ഠാനത്തിനൊടുവിൽ റംസാൻ നിലാവ് പരന്നപ്പോൾ ഒന്നിച്ചിരുന്ന് പ്രാർഥിക്കാൻ, പരസ്പരം ആശംസ നേരാൻ കശ്‌മീരിലടക്കം വിശ്വാസികൾ ഒത്തുചേർന്നത് നിയന്ത്രണങ്ങൾക്കും ഭീഷണികൾക്കും ഇടയിലായിരുന്നു. പൊതുഇടങ്ങളൊന്നും അധികൃതർ ഈദ്‌ഗാഹിനായി അനുവദിച്ചില്ല. പൊലീസ് വലയത്തിലായിരുന്നു യുപി അടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഈദ് നമസ്‌കാരം. എന്നാൽ, കേരളത്തിൽ ക്ഷേത്രാങ്കണങ്ങൾ മുതൽ വീട്ടുമുറ്റങ്ങൾവരെ നിസ്‌കാരപ്പായ നിവർന്നു. മണ്ണിലും വിണ്ണിലും മനസ്സിലും പ്രാർഥന നിറഞ്ഞു. ഇതാണ് നമ്മളെന്ന് കേരളം പിന്നെയും ഇന്ത്യയോട് പറഞ്ഞു...
ഇവിടെ ക്ഷേത്രോത്സവവും ഈദ് നമസ്‌കാരവും ഒരിടത്ത്
ക്ഷേത്രോത്സവം നടക്കുന്ന മൈതാനത്തിന്റെ ഒരുവശത്ത് വെള്ളവസ്ത്രമണിഞ്ഞ് ഈദ് നമസ്കാരത്തിനെത്തിയവർ, മറുവശത്ത് ഉത്സവാഘോഷം. ഇങ്ങനെയാണ് മാങ്കാവ് കിണാശേരിക്കാർ. ഉത്സവവും പെരുന്നാളുമെല്ലാം ഇവർക്ക് ഒന്നാണ്. വർഷങ്ങളായി പള്ളിയറക്കൽ ദുർഗ ഭഗവതി ക്ഷേത്രോത്സവത്തിന്റെ പരിപാടികളും മസ്‌ജിദീൻ മുജാഹിദീൻ പള്ളിയുടെ പെരുന്നാൾ ഈദ് ഗാഹും ഒരേ മൈതാനത്താണ് നടക്കുന്നത്. ഇത്തവണ ആദ്യമായി ക്ഷേത്രോത്സവവും ചെറിയ പെരുന്നാളും ഒരേ ദിവസത്തിലായത് ആഘോഷത്തിന്റെ തിളക്കം കൂട്ടി.
കിണാശേരി ജിവിഎച്ച്എസ്എസ് മൈതാനത്ത് ഉത്സവത്തിന് ഒരുക്കങ്ങൾ നടത്തുമ്പോൾ തന്നെ ഈദ് ഗാഹിനുള്ള സൗകര്യം ഉണ്ടാകുമെന്ന് ക്ഷേത്രകമ്മിറ്റി പള്ളിക്കമ്മിറ്റി ഭാരവാഹികളെ അറിയിച്ചിരുന്നു.
ഞായർ വൈകിട്ട് ക്ഷേ ത്രോത്സവത്തിന് കൊടിയേറ്റി മെഗാതിരുവാതിരയ്ക്ക് ശേഷം രാത്രി പന്ത്രണ്ടോടെ എല്ലാവരുംചേർന്നാണ് തിങ്കളാഴ്‌ചത്തെ ഈദ് നമസ്‌കാരത്തിനുള്ള ഒരുക്കം നടത്തിയത്. 1500ലധികം പേർ നമസ്‌കാരത്തിന് എത്തി. ക്ഷേത്രത്തിലെ അന്നദാനത്തിനും ഇഫ്താർ വിരുന്നിലുമെല്ലാം എല്ലാവരും ഒരുമനസ്സോടെ പങ്കെടുത്തു. മതസൗഹാർദത്തിന്റെ റിയൽ കേരളാ സ്‌റ്റോറിയാണ് കിണാശേരി.
ഈദ് നമസ്‌കാരത്തിന് സ്ഥലമില്ലാതിരുന്ന പള്ളിക്കായി സ്വന്തം വീട്ടുമുറ്റത്ത് സൗകര്യമൊരുക്കിയ പാലക്കാട് അലനല്ലൂർ കണ്ണംകുണ്ട് സ്വദേശി അനിൽകുമാർ, ക്ഷേത്രമൈതാനം ഇഫ്‌താർസംഗമത്തിന് അനുവദിച്ച ആറ്റിങ്ങൽ പിരപ്പമൺകാട് ശ്രീഭൂതനാഥൻകാവ് ക്ഷേത്രം തുടങ്ങി നിരവധി മാതൃകകളും പ്രതീക്ഷയായി നമുക്ക് മുന്നിലുണ്ട്.
അവിടെ പ്രാർഥനാ വിലക്ക്
ഈദ് ദിനത്തിൽ ശ്രീനഗറിലെ ചരിത്രപ്രസിദ്ധമായ ജാമിയ മസ്‌ജിദിലും ഈദ്‌ഗാഹ് മൈതാനത്തും പ്രാർഥനാവിലക്കുമായി അധികൃതർ. ശ്രീനഗർ ജാമിയ മസ്‌ജിദ് മുഖ്യ പുരോഹിതൻ മിർവെയ്‌സ് ഉമർ ഫറൂഖിനെ വീട്ടുതടങ്കലിലാക്കി. ഡൽഹി ജുമാ മസ്ജിദിലും ഉത്തർപ്രദേശിലെ സംഭലിലും വന്‍ പൊലീസ് സുരക്ഷയിലാണ് ഈദ് പ്രാർഥനകൾ നടന്നത്.
യുപിയില്‍ ഈദ് ദിനത്തിൽ റോഡുകളിലും മറ്റ് പൊതു സ്ഥലങ്ങളിലും നിസ്കാരം നടത്തുന്നത് സര്‍ക്കാര്‍ വിലക്കി. പ്രാര്‍ഥന പള്ളിയില്‍ മാത്രം മതിയെന്നും തെരുവുകളിലും മറ്റും ഈദ് നമസ്കാരം നടത്തുന്നവരുടെ പാസ്പോര്‍ട്ടും ഡ്രൈവിങ് ലൈസന്‍സും റദ്ദാക്കുമെന്നും വരെ യുപി പൊലീസ് മുന്നറിയിപ്പ് നല‍്കിയിരുന്നു. മുസ്ലീം സമുദായഅംഗങ്ങള്‍ സ്വന്തം വീടുകളുടെ ടെറസുകളിൽ കൂട്ടത്തോടെ എത്തി നിസ്കാര ചടങ്ങുകള്‍ നടത്തുന്നതിനും ചിലപ്രദേശങ്ങളില്‍ വിലക്കേര്‍പ്പെടുത്തി. ഈദ് ദിനത്തിൽ യുപിയിലെ റോഡിൽ ഇത്രയും ബാരിക്കേഡുകൾ എന്തിനാണെന്നും ഇത് അടിയന്തരാവസ്ഥയാണോ എന്നും സമാജ്‌വാദി പാർടി നേതാവ് അഖിലേഷ് യാദവ് ചോദിച്ചു. അഖിലേഷിന്റെ വാഹനവ്യൂഹം പൊലീസ് തടഞ്ഞിരുന്നു.
നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ശ്രീനഗറിലെ ഈദ്‌ഗാഹിൽ പ്രാർഥനകൾ നടക്കില്ലെന്ന് ബിജെപി നേതാവ് ദരാക്ഷൻ അൻദ്രാബിയുടെ നേതൃത്വത്തിലുള്ള വഖഫ് ബോർഡ് ഞായറാഴ്ച പ്രഖ്യാപിച്ചിരുന്നു. ഈദ്‌ഗാഹിൽ രാവിലെ 10ന് പ്രാർഥനകൾ നടക്കുമെന്ന ശ്രീനഗർ ജാമിയ മസ്‌ജിദിന്റെ അറിയിപ്പിന് പിന്നാലെയാണ് വഖഫ് ബോർഡ് പ്രഖ്യാപനം നടത്തിയത്.
ബിജെപി ഭരിക്കുന്ന ഹരിയാന ഈദുല്‍ ഫിത്തര്‍ സര്‍ക്കാര്‍ അവധി ദിനങ്ങളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയിരുന്നു. പകരം നിയന്ത്രിത അവധി മാത്രമാക്കി.









0 comments