അയ്യപ്പ സംഗമത്തിലൂടെ ശബരിമലയെ ആഗോള തലത്തിൽ എത്തിക്കാനാണ് ശ്രമം: പി എസ് പ്രശാന്ത്

ശബരിമല: ആഗോള അയ്യപ്പ സംഗമത്തിലൂടെ ശബരിമലയെ ആഗോള തലത്തിൽ എത്തിക്കാനാണ് ശ്രമിക്കുന്നതെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. വിദേശത്ത് നിന്നും ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും തെരഞ്ഞെടുത്ത പ്രതിനിധികൾക്കാണ് സംഗമത്തിൽ പങ്കെടുക്കാനാവുക. ശബരിമല പോർട്ടലിൽ ആദ്യം രജിസ്ട്രർ ചെയ്തവർക്കാകും മുൻഗണന. സംഗമത്തിന് പിന്തുണയേറുന്നുണ്ടെന്നും മത സാമുദായിക സംഘടനകളുടെ പിന്തുണ കിട്ടുന്നുണ്ടെന്നും ദേവസ്വം ബോർഡ് അറിയിച്ചു.
വിവിധ സ്ഥലങ്ങളിൽ നിന്ന് ശബരിമലയിലെത്തുന്ന തീർഥാടകരുടെ കണക്കിന് ആനുപാദികമായാണ് പ്രതിനിധികളെ തെരഞ്ഞെടുക്കുക. കേരളത്തിൽ നിന്ന് - 500, ആന്ധ്ര - തെലങ്കാനയിൽ നിന്ന് -750, മറ്റ് സംസ്ഥാനങ്ങളിൽ -200, വിദേശത്ത് നിന്നുള്ളവർ - 500 എന്നിങ്ങനെ ആകെ 3000 പ്രതിനിധികളെ പങ്കെടുപ്പിക്കും. ആഗോള അയ്യപ്പ സംഗമത്തിന്റെ രജിസ്ട്രേഷനായുള്ള ഓപ്ഷൻ വിദേശികൾക്ക് മാത്രമാണ് ഇപ്പോൾ തുറന്ന് നൽകിയിരിക്കുന്നത്. നാളെ മുതൽ മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കും അപേക്ഷിക്കാനുള്ള അവസരമൊരുക്കും.
ശബരിമലയിലെ മാസ്റ്റർ പ്ലാൻ വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന പ്രതിനിധികൾക്ക് മുമ്പിൽ അവതരിപ്പിക്കുന്നതാണ് ആദ്യ സെക്ഷൻ. അവരിൽ നിന്നും അഭിപ്രായങ്ങളും നിർദേശങ്ങളും തേടും. ഉന്നതാധികാര കമ്മിറ്റി തയാറാക്കിയ മാസ്റ്റർ പ്ലാൻ സർക്കാർ അംഗീകരിച്ചിരുന്നു. അതിൽ കൂടുതൽ നിർദേശങ്ങൾ തേടും. അടുത്ത സെക്ഷനുകളിൽ ഗതാഗതം, തീർഥാടന ടൂറിസം തുടങ്ങിയ കാര്യങ്ങൾ പരിഗണനയിലുണ്ട്.
പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് സർക്കാർ സഹായത്തോടെയാണ് ആഗോള അയ്യപ്പസംഗമം നടത്തുന്നത്. പമ്പാ തീരത്ത് സെപ്‌തംബർ 20ന് നടക്കുന്ന സംഗമം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ശബരിമലയുടെ ഭാവി വികസന പദ്ധതികളും വേദിയില്‍ ചർച്ചയാകും. ആത്മീയ നേതാക്കള്‍, പണ്ഡിതര്‍, ഭക്തര്‍, സാംസ്‌കാരിക പ്രതിനിധികള്‍, ഭരണകര്‍ത്താക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വീകരിക്കും. 3000 പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യത്തിനായി ജര്‍മന്‍ പന്തല്‍ നിര്‍മിക്കും.
പത്തനംതിട്ട നഗരം കേന്ദ്രീകരിച്ച് പ്രധാന സ്വാഗത സംഘം ഓഫീസ് പ്രവര്‍ത്തിക്കും. പമ്പ, പെരുനാട്, സീതത്തോട് എന്നിവിടങ്ങളിലും സ്വാഗതസംഘം ഓഫീസുകളുണ്ടാകും. പ്രതിനിധികളെ സ്വീകരിക്കാന്‍ കെഎസ്ആര്‍ടിസി സൗകര്യം ഏര്‍പ്പെടുത്തും. താമസസൗകര്യം, പ്രതിനിധികള്‍ക്ക് ദര്‍ശനത്തിനുള്ള അവസരം എന്നിവ ഒരുക്കും. പമ്പയിലടക്കമുള്ള ആശുപത്രികളില്‍ ആധുനിക ചികിത്സാ സൗകര്യം ഉറപ്പാക്കും. സന്നദ്ധ സംഘടനകളുടെ സേവനമടക്കം ശുചീകരണ പ്രവര്‍ത്തനത്തില്‍ ഉപയോഗിക്കും.









0 comments