ഹർജി ഇന്ന് വീണ്ടും പരിഗണിക്കും
ഇടപ്പള്ളി–മണ്ണുത്തി ഗതാഗതക്കുരുക്ക് ; ദേശീയപാത അതോറിറ്റിക്ക് വൻ വീഴ്ചയെന്ന് ഹെെക്കോടതി

കൊച്ചി
ഇടപ്പള്ളി-മണ്ണുത്തി ദേശീയപാത നിർമാണം നടക്കുന്നതുമൂലമുള്ള ഗതാഗതക്കുരുക്ക് മുൻകൂട്ടി കാണാതിരുന്നത് ദേശീയപാത അതോറിറ്റിയുടെ വീഴ്ചയാണെന്ന് ഹെെക്കോടതി. ടോൾ നൽകുന്ന യാത്രക്കാരെ പൂർണമായും അവഗണിക്കുന്ന അവസ്ഥയാണെന്നും ഗതാഗതക്കുരുക്ക് ഒഴിവാക്കണമായിരുന്നുവെന്നും ജസ്റ്റിസുമാരായ എ മുഹമ്മദ് മുഷ്താഖ്, എ ജോൺസൺ ജോൺ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് പറഞ്ഞു.
അടിപ്പാത നിർമാണം നടക്കുന്നതുമൂലം ഗതാഗതക്കുരുക്കുള്ളതിനാൽ പാലിയേക്കരയിലെ ടോൾ പിരിവ് താൽക്കാലികമായി നിർത്താൻ ഉത്തരവിടാനാവശ്യപ്പെട്ട് കെപിസിസി സെക്രട്ടറി ഷാജി കോടങ്കണ്ടത്ത് നൽകിയ ഉപഹർജി പരിഗണിക്കുമ്പോഴായിരുന്നു വിമർശം. റോഡിന്റെ അറ്റകുറ്റപ്പണിയല്ല നടക്കുന്നത്. നിർമാണശേഷം അപാകം സംഭവിച്ചതുമല്ല. ടോൾ നൽകുന്നവർക്ക് കൃത്യമായ സേവനം ലഭിക്കണം.
ഗതാഗതക്കുരുക്കുണ്ടാക്കി ജനങ്ങളെ ബുദ്ധിമുട്ടിച്ചതിൽ ദേശീയപാത അതോറിറ്റി രേഖാമൂലം മറുപടി നൽകണമെന്നും കോടതി നിർദേശിച്ചു. റിപ്പോർട്ട് നൽകാൻ ദേശീയപാത അതോറിറ്റി സമയം തേടി. ഹർജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.
വേണ്ടത്ര ഒരുക്കങ്ങളില്ലാതെയാണ് അടിപ്പാത നിർമാണം ആരംഭിച്ചതെന്നും പണി മെല്ലെപ്പോക്കിലാണെന്നും തൃശൂർ കലക്ടർ ഹെെക്കോടതിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഒരു കരാറുകാരന് ഒന്നിലധികം അടിപ്പാത നിർമിക്കാൻ കരാർ നൽകിയത് ആസൂത്രണം ഇല്ലാതെയാണെന്നും റിപ്പോർട്ടിലുണ്ട്.









0 comments