മണ്ണുത്തി-ഇടപ്പള്ളി ദേശീയപാത ; ഹൈക്കോടതി ഇടപെട്ടിട്ടും എൻഎച്ച്‌എ അധികൃതർക്ക് അനക്കമില്ല

ദേശീയപാത സർവീസ് റോഡിൽ പൊടിശല്ല്യം രൂക്ഷമായപ്പോൾ
തൃശൂർ
ഹൈക്കോടതി ഇടപെട്ടിട്ടും മണ്ണുത്തി- – ഇടപ്പള്ളി ദേശീയപാത സഞ്ചാരയോഗ്യമാക്കാതെ കരാർ കമ്പനിയും ദേശീയപാത അതോറിറ്റിയും. പാലിയേക്കരയിലെ ടോള്‍ പിരിവ് നാലാഴ്ചത്തേക്ക് താല്‍ക്കാലികമായി മരവിപ്പിച്ച ഹൈക്കോടതി, നാലാഴ്ചക്കുള്ളിൽ അറ്റകുറ്റപ്പണി തീര്‍ത്ത് ഗതാഗത യോഗ്യമാക്കണമെന്നും ഉത്തരവിട്ടിരുന്നു. കഴിഞ്ഞ ആറിനാണ് ഉത്തരവിറങ്ങിയത്. രണ്ടാഴ്ച കഴിഞ്ഞിട്ടും നിർമാണപ്രവൃത്തിയിൽ കാര്യമായ പുരോഗതിയില്ല.
ദേശീയപാതയിൽ കഴിഞ്ഞ രണ്ടുദിവസം വലിയകുരുക്കാണ് രൂപപ്പെട്ടത്. പൊലീസ് ഇടപെട്ട് വാഹനങ്ങൾ വഴിതിരിച്ചുവിടുന്നതിനാൽ ചൊവ്വാഴ്‌ച കുരുക്കിന് അൽപ്പം ശമനമുണ്ടായി. എന്നാൽ ഗതാഗതം സുഗമമായിട്ടില്ല. നിർമാണം അതിവേഗം നടത്തി പ്രശ്നപരിഹാരത്തിന് ശ്രമിക്കുന്നതിന് പകരം ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കുന്ന നിലപാടാണ് ദേശീയപാത അതോറിറ്റിയും ടോൾ പിരിക്കുന്ന കമ്പനിയും സ്വീകരിക്കുന്നത്. ടോൾപിരിവിന് ഹൈക്കോടതി വിലക്ക് ഏർപ്പെടുത്തിയതിന് പിന്നാലെ പാലിയേക്കര ടോൾ ബൂത്തിൽ പൊതുജനങ്ങള്‍ക്ക് നല്‍കിയിരുന്ന എല്ലാ സേവനങ്ങളും കരാര്‍ കമ്പനി നിര്‍ത്തിവച്ചു. ആംബുലന്‍സ് സേവനം ഉള്‍പ്പെടെ നിര്‍ത്തി. ടോള്‍ പുനഃസ്ഥാപിക്കുന്നതുവരെ സേവനങ്ങളൊന്നും നല്‍കേണ്ടതില്ലെന്നാണ് ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ തീരുമാനം.
മണ്ണുത്തി– ഇടപ്പിള്ളി പാതയിൽ ആമ്പല്ലൂർ, പേരാമ്പ്ര, മുരിങ്ങൂർ, ചിറങ്ങര എന്നിവിടങ്ങളിലാണ് അടിപ്പാതകൾ നിർമിക്കുന്നത്. കൊരട്ടിയിൽ മേൽപ്പാലം നിർമാണവും തുടങ്ങി. നാമമാത്രമായ ജോലിക്കാരാണ് പ്രവൃത്തികൾക്കുള്ളത്. സർവീസ് റോഡുകൾ ബലപ്പെടുത്താനുള്ള പ്രവൃത്തികളും നടക്കുന്നില്ല. റോഡിലെ കുഴികൾ അതേപടി തുടരുന്നു. മഴ ശക്തിപ്പെട്ടതോടെ അപകടങ്ങളും പതിവായി.









0 comments