മണ്ണുത്തി–ഇടപ്പള്ളി പാത ; തീവ്ര അപകട മേഖലകളിലെ സുരക്ഷാ നടപടികളിലും വീഴ്‌ച

വിവേക് വേണുഗോപാലൻ
Published on Aug 21, 2025, 12:27 AM | 1 min read
തൃശൂര്‍
ദേശീയപാത 544ൽ മണ്ണുത്തി – ഇടപ്പള്ളി റീച്ചിൽ 11 തീവ്ര അപകട മേഖലകളുണ്ടെന്ന് ദേശീയപാത അതോറിറ്റിയുടെ സുരക്ഷാ ഓഡിറ്റ് റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടും സുരക്ഷാ നടപടികളില്ല. മേൽപ്പാലങ്ങൾ, അടിപ്പാതകൾ, യു ടേൺ ട്രാക്കുകൾ, സൈൻബോർഡുകൾ തുടങ്ങിയവയാണ് പരിഹാര നടപടികളായി നിർദേശിച്ചിട്ടുള്ളത്. എന്നാൽ നിർമാണ കമ്പനിയും ദേശീയ പാത അതോറിറ്റി അധികൃതരും ഇക്കാര്യത്തിൽ വീഴ്‌ച വരുത്തിയിരിക്കയാണ്.
നടത്തറ ജങ്ഷന്‍, കുഞ്ഞനംപാറ ജങ്ഷന്‍, പാലിയേക്കര ടോള്‍ ജങ്ഷന്‍, പുതുക്കാട് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ്, പുതുക്കാട് സെന്റര്‍, പുതുക്കാട് പൊലീസ് സ്റ്റേഷന്‍ ജങ്ഷന്‍, കുറുമാലി ജങ്ഷന്‍, നന്തിക്കര, നെല്ലായി, പേരാമ്പ്ര കെഎംസി പോയിന്റ് ജങ്ഷന്‍, പോട്ട ആശ്രമം ജങ്ഷന്‍ തുടങ്ങിയവയാണ് അപകട മേഖലകള്‍.
ജങ്ഷനുകളില്‍ അപകട മുന്നറിയിപ്പ് ബോർഡും സിഗ്നലുകളും സ്ഥാപിച്ചുവെന്നും ചില ജങ്ഷനുകളില്‍ ഫ്ലെെഓവര്‍ നിര്‍മിക്കാന്‍ കരാര്‍ നല്‍കിയിട്ടുണ്ടെന്നുമാണ് ദേശീയപാത അതോറിറ്റി അധികൃതരുടെ മറുപടി. പേരാമ്പ്ര ജങ്ഷനില്‍ റംബിള്‍ സ്ട്രിപ്പുകള്‍ സ്ഥാപിച്ചതായും വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിൽ പറയുന്നു.
ദേശീയപാതയിൽ അഞ്ചിടത്താണ് അടിപ്പാത,മേൽപ്പാല നിർമാണം നടക്കുന്നത്. ഇത് ഘട്ടംഘട്ടമായി നടത്താതെ ഒന്നിച്ച് ആരംഭിച്ചതോടെ കിലോമീറ്ററുകൾ ഗതാഗതക്കുരുക്കിന് വഴിയൊരുക്കി. നിലവിലെ നിര്‍മാണങ്ങള്‍ ഡിസംബറിൽ പൂർത്തീകരിക്കേണ്ടതായിരുന്നു. എന്നാല്‍ 2026 മെയ് മാസത്തിലേ പൂര്‍ത്തീകരിക്കാനാകൂവെന്നാണ് എൻഎച്ച്എഐ അധികൃതർ പറയുന്നത്. സുഗമയാത്രയും മതിയായ സുരക്ഷയും ഒരുക്കാതെ പതിന്നാലര വർഷത്തിൽ പാലിയേക്കരയില്‍ ടോൾ കമ്പനി ജൂലൈ വരെ പിരിച്ചത് 1620 കോടി രൂപയാണ്. 2011ലാണ് പിരിവ് തുടങ്ങിയത്. മണ്ണുത്തി–ഇടപ്പള്ളി പാത 721 കോടി രൂപ ചെലവിലാണ് ആദ്യഘട്ടം പൂർത്തീകരിച്ചത്. ഇതിന്റെ ഇരട്ടി സംഖ്യ ഇതിനകം പിരിച്ചെടുത്തു. 2028 വരെയാണ് ടോൾ പിരിവ് കാലാവധി.









0 comments