ഗതാഗതക്കുരുക്ക് ഇനിയും പരിഹരിച്ചില്ലെങ്കിൽ നേരിട്ട് ഇടപെടുമെന്ന് സംസ്ഥാന സർക്കാർ

ഇടപ്പള്ളി–തൃശൂർ ദേശീയപാതയിലെ ഗതാഗതക്കുരുക്ക്‌ ; ഒരാഴ്ചയ്‌ക്കുള്ളിൽ പരിഹരിച്ചില്ലെങ്കിൽ ടോൾ നിർത്തലാക്കുമെന്ന്‌ ഹെെക്കോടതി

highcourt warns nhai
വെബ് ഡെസ്ക്

Published on Jul 10, 2025, 12:59 AM | 1 min read


കൊച്ചി

ഇടപ്പള്ളി–തൃശൂർ ദേശീയപാതയിലെ അതിരൂക്ഷമായ ഗതാഗതക്കുരുക്ക് ഒരാഴ്ചയ്‌ക്കുള്ളിൽ പരിഹരിച്ചില്ലെങ്കിൽ ടോൾപിരിവ് നിർത്തലാക്കുമെന്ന് ദേശീയപാത അതോറിറ്റിക്ക് (എൻഎച്ച്എഐ) ഹെെക്കോടതിയുടെ അന്ത്യശാസനം. പണം നൽകുന്ന യാത്രക്കാർക്ക് സുഗമമായ യാത്രയ്ക്ക് അവകാശമുണ്ടെന്നും കോടതി ഓർമിപ്പിച്ചു.


നിർമാണം നടക്കുന്ന പാതയിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ സർവീസ് റോഡടക്കം സഞ്ചാര്യയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട്, നിർദേശങ്ങൾ ഉൾപ്പെടുത്തി കലക്ടർ രണ്ട്‌ റിപ്പോർട്ട് നൽകിയിട്ടും എൻഎച്ച്എഐ നടപടി സ്വീകരിച്ചില്ല. ഇതേത്തുടർന്നാണ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്‌, ജസ്റ്റിസ് ജോൺസൺ ജോൺ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ അതിരൂക്ഷ വിമർശനം. കലക്ടറുടെയും സംസ്ഥാന സർക്കാരിന്റെയും നിർദേശങ്ങൾ പാലിക്കാത്തതിനാൽ ടോൾ നിർത്തലാക്കാൻ നിർദേശിക്കുമെന്ന് കോടതി പറഞ്ഞതോടെ, കേന്ദ്രസർക്കാർ ഇടപെടുമെന്നും ഒരാഴ്ച സമയം അനുവദിക്കണമെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ എ ആർ എൽ സുന്ദരേശൻ ആവശ്യപ്പെട്ടു. കോടതി ഇതനുവദിച്ചു.


ഗതാഗതക്കുരുക്ക് ഇനിയും പരിഹരിച്ചില്ലെങ്കിൽ നേരിട്ട് ഇടപെടുമെന്ന് സംസ്ഥാന സർക്കാരിനുവേണ്ടി ഹാജരായ സ്പെഷ്യൽ ഗവ. പ്ലീഡർ കെ വി മനോജ് കുമാറും കോടതിയെ അറിയിച്ചു. ഒരാഴ്ചത്തേക്കുപോലും ടോൾ നിർത്തിവച്ചാൽ മറ്റ് പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്ന്‌ കേന്ദ്രസർക്കാർ അറിയിച്ചു. ആശങ്കകൾ പരിഹരിക്കാൻ സംസ്ഥാന സർക്കാരിനെ ഉൾപ്പെടുത്തി യോഗം ചേരുമെന്നും അറിയിച്ചു.

ദേശീയപാതയുടെ മോശം അവസ്ഥയും ഗതാഗത തടസ്സവും സംബന്ധിച്ച്‌ റിപ്പോർട്ടുകൾ ഉണ്ടായിട്ടും, ടോൾപിരിവ് തുടരുന്നതിൽ ഹൈക്കോടതി ആശങ്ക പ്രകടിപ്പിച്ചു. ജില്ലാ ഭരണസംവിധാനത്തിന്റെ ഇടപെടലുണ്ടായിട്ടും, ദേശീയപാത പ്രശ്‌നം പരിഹരിക്കുന്നതിൽ പരാജയപ്പെട്ടെന്നും നിരീക്ഷിച്ചു.


തടസ്സങ്ങളുള്ളത്‌ 4.8 കിലോമീറ്ററിൽമാത്രമേയുള്ളൂവെന്നും ശേഷിക്കുന്ന 65 കിലോമീറ്ററിൽ പ്രശ്‌നങ്ങളില്ലെന്നും ദേശീയപാത അതോറിറ്റിയുടെ അഭിഭാഷകൻ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.


ഗതാഗതക്കുരുക്ക് രൂക്ഷമായ പാതയിൽ ടോൾ നിർത്തണമെന്നാവശ്യപ്പെട്ട് ഷാജി കോടകണ്ടത്ത് സമർപ്പിച്ച ഹർജിയാണ് ഡിവിഷൻബെഞ്ച് പരിഗണിക്കുന്നത്.ടോൾപിരിവ് നിർത്തിവയ്ക്കാതിരിക്കാൻ കാരണം അറിയിക്കണമെന്ന് ദേശീയപാതയോട് നിർദേശിച്ച് വിഷയം 16ന് പരിഗണിക്കാൻ മാറ്റി.




deshabhimani section

Related News

View More
0 comments
Sort by

Home