വിദഗ്ധ പരിചരണം ഉറപ്പാക്കി അമ്മയെയും കുഞ്ഞിനെയും രക്ഷിച്ചു

print edition ആരോഗ്യപ്രവര്‍ത്തകരുടെ അടിയന്തര ഇടപെടൽ ; ഇടമലക്കുടിയിലെ ആദിവാസി യുവതിക്ക്‌ സുഖപ്രസവം

Edamalakkudy settlement

ഇടമലക്കുടിയിൽ ആരോഗ്യ പ്രവർത്തകർ ജീവൻ രക്ഷിച്ച അമ്മയും കുഞ്ഞും

വെബ് ഡെസ്ക്

Published on Nov 15, 2025, 02:53 AM | 1 min read


​ഇടുക്കി

ഇടമലക്കുടിയില്‍ ഗര്‍ഭിണിയുടെയും കുഞ്ഞിന്റെയും ജീവന്‍ രക്ഷിച്ച് ആരോഗ്യ പ്രവര്‍ത്തകര്‍. ഇടമലക്കുടി ഷെഡ്ഡുകുടി ഉന്നതിയിലെ ശിവശക്തിയെ ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ആംബുലന്‍സില്‍ അടിമാലി താലൂക്ക് ആശുപത്രിയിലെത്തിച്ചാണ് പ്രസവം സുരക്ഷിതമാക്കിയത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. മുതുവാ വിഭാഗത്തിലെ മഹാദേവന്റെ ഭാര്യയാണ്‌ ശിവശക്തി. മാതൃകാപരമായ സേവനം നടത്തിയ എല്ലാ ആരോഗ്യ പ്രവര്‍ത്തകരേയും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.


​ക്ഷയരോഗ ബോധവൽക്കരണവുമായി ബന്ധപ്പെട്ട് ഇടമലക്കുടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ തങ്ങിയ ആരോഗ്യ പ്രവര്‍ത്തകരാണ് രക്ഷകരായത്. തൊടുപുഴ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റിലെ ഡോ. എസ് ഡി അയ്യപ്പദാസ്, ഇടമലക്കുടി മെഡിക്കല്‍ ഓഫീസര്‍ ഡോ. സഖില്‍ രവീന്ദ്രന്‍, നഴ്‌സിങ് ഓഫീസര്‍ വെങ്കിടേഷ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുനില്‍കുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് എട്ടുമാസം ഗര്‍ഭിണിയായ ആദിവാസി സ്ത്രീക്ക് അടിയന്തര പരിചരണം നല്‍കിയത്.


ബുധൻ അര്‍ധരാത്രിയോടെയാണ് യുവതിയ്ക്ക് ബുദ്ധിമുട്ടനുഭവപ്പെട്ടത്. പുലർച്ചെ രണ്ടോടെ ഉന്നതിയില്‍നിന്ന് ബന്ധുക്കള്‍ ഇടമലക്കുടി കുടുംബാരോഗ്യ കേന്ദ്രത്തിലെത്തി. ഉടന്‍ മെഡിക്കല്‍ സംഘം വീട്ടിലെത്തി. പ്രസവ വേദനയാകാമെന്ന് മനസിലാക്കി ആംബുലന്‍സ് എത്തിച്ച് തുടര്‍ചികിത്സയ്ക്കായി അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ​ വിദഗ്ധ പരിചരണം ഉറപ്പാക്കി കുഞ്ഞിന്റെ ശ്വാസകോശത്തിന്റെ വികാസത്തിന് ഉള്‍പ്പെടെ മരുന്നുകള്‍ നല്‍കി. വ്യാഴം പകൽ യുവതി കുഞ്ഞിന് ജന്മം നല്‍കി.


​താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. സോളി പി മാത്യുവിന്റെ നേതൃത്വത്തില്‍ നഴ്‌സിങ്‌ ഓഫീസര്‍ ജി മീനാകുമാരി, നഴ്‌സിങ്‌ അസിസ്റ്റന്റ് ഫ്‌ളൈമി വര്‍ഗീസ്, ഗ്രേഡ് 2 അറ്റന്‍ഡര്‍ പി ജി മിനിമോള്‍ എന്നിവര്‍ പ്രസവ ചികിത്സയ്ക്ക് നേതൃത്വം നല്‍കി.



deshabhimani section

Related News

View More
0 comments
Sort by

Home