രാഷ്ട്രീയ വേട്ടക്കൊപ്പം കോടികളുടെ അഴിമതിയും; ഇ ഡി ഓഫീസിലേക്ക് ഡിവൈഎഫ്ഐ മാർച്ച്

കൊച്ചി: രാഷ്ട്രീയ വേട്ടക്കൊപ്പം എൻഫോഴ്സമെന്റ് ഡയറക്ടേറ്റ് (ഇ ഡി) ഉദ്യോഗസ്ഥരുടെ കോടികളുടെ അഴിമതിയും പുറത്ത് വന്നതിന് പിന്നാലെ ഇ ഡിയുടെ കൊച്ചി ഓഫീസിലേക്ക് ഡിവൈഎഫ്ഐ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ഇമ്മാതിരി തോന്നിവാസവുമായി പോയി കഴിഞ്ഞാൽ ഒരു ഇ ഡി ഓഫീസും കേരളത്തിൽ തുറത്തുപ്രവർത്തിക്കില്ലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു.
രാജ്യത്തിന്റെ കള്ളപ്പണത്തിന്റെ ഒഴുക്ക് നിയന്ത്രിക്കാൻ വേണ്ടിയാണ് ഇ ഡി രൂപീകരിച്ചത്. എന്നാൽ രാജ്യം ഭരിക്കുന്ന ബിജെപിയുടെ വളർത്തുപട്ടിയായി ഇ ഡി മാറി. ഇ ഡി എടുത്ത കേസുകളുടെ എണ്ണം പരിശോധിക്കുമ്പോൾ ഇതു മനസിലാകും. രാഷ്ട്രീയ നേതാക്കൾക്കെതിരായി 196 കേസുകളാണ് ഇഡി എടുത്തത്. ഒരു ബിജെപി നേതാവിന്റെ പേരിൽ പോലും കേസില്ല. കേരളത്തിലെ ബിജെപി നേതാക്കൾക്കെതിരായ കൊടകര കുഴൽപ്പണക്കേസ് അന്വേഷിച്ച ഇഡിയുടെ ഉദ്യോഗസ്ഥനാണ് ഇപ്പോൾ രണ്ട് കോടി രൂപ കൈക്കൂലി ചോദിച്ച കേസിൽ പിടിയിലായത്. ഈ സംഭവത്തിൽ ഒരു വരി പ്രസ്താവന പോലും ഇറക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ലെന്നും സനോജ് പറഞ്ഞു. പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സനോജ്.
ജോസ് ജങ്ഷനിൽ നിന്നാരംഭിച്ച മാർച്ച് ഇഡി ഓഫീസിന് സമീപം പൊലീസ് ബാരിക്കേട് വച്ച് തടഞ്ഞു. പ്രതിഷേധിച്ച പ്രവർത്തകർക്കുനേരെ പൊലീസ് ഒരുതവണ ജലപീരങ്കിയും ഉപയോഗിച്ചു. പ്രതിഷേധ മാർച്ചിൽ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് അനീഷ് എം മാത്യൂ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എ ആർ രഞ്ജിത്ത്, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സൗമ്യ ശശികുമാരൻ, സംസ്ഥാന കമ്മിറ്റി അംഗം ബിബിൻ വർഗീസ് എന്നിവർ സംസാരിച്ചു.
അതേസമയം സംസ്ഥാനത്തിനകത്തും പുറത്തും പലരിൽനിന്നായി ഇടനിലക്കാർ മുഖേന ഇഡി ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തി തട്ടിയെടുത്തത് കോടികളെന്ന് വിജിലൻസ് അന്വേഷണ സംഘം വ്യക്തമാക്കി. പരാതികളുടെ അടിസ്ഥാനത്തിൽ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഇത് വ്യക്തമായെന്ന് അന്വേഷണസംഘത്തലവൻ വിജിലൻസ് മധ്യമേഖലാ എസ്‌പി എസ് ശശിധരൻ പറഞ്ഞു.









0 comments