കേസ് ഒതുക്കാൻ കൈക്കൂലി ; ഇ ഡി ഉദ്യോഗസ്ഥൻ ശേഖർ കുമാറിനെ ചോദ്യംചെയ്‌തു

ഇ ഡി അസിസ്‌റ്റന്റ് ഡയറക്ടർ ശേഖർകുമാർ വിജിലൻസ് മധ്യമേഖലാ ആസ്ഥാനത്ത് ഹാജരാകുന്നു
കൊച്ചി
കേസ് ഒതുക്കാൻ കൊല്ലത്തെ കശുവണ്ടിവ്യവസായിയിൽനിന്ന് ഇഡി ഏജന്റുമാർ കൈക്കൂലി വാങ്ങിയ കേസിലെ ഒന്നാംപ്രതി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അസിസ്റ്റന്റ് ഡയറക്ടർ ശേഖർ കുമാറിനെ വിജിലൻസ് ചോദ്യംചെയ്‌തു. ബുധനാഴ്‌ചയും തുടരുമെന്നാണ് സൂചന. അറസ്‌റ്റുണ്ടായേക്കും.
എറണാകുളം കതൃക്കടവിലെ വിജിലൻസ് മധ്യമേഖല ആസ്ഥാനത്ത് ചൊവ്വ രാവിലെ 10.45നാണ് ശേഖർകുമാർ അഭിഭാഷകനൊപ്പം ഹാജരായത്. പകൽ 11ന് ആരംഭിച്ച ചോദ്യംചെയ്യൽ വൈകിട്ടുവരെ നീണ്ടു. വിജിലൻസ് എസ്‌പി എസ് ശശിധരന്റെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യൽ. വൈകിട്ടോടെ വിട്ടയച്ചു.
ഇഡി ഏജന്റും രണ്ടാംപ്രതിയുമായ തമ്മനം സ്വദേശി വിൽസൺ വർഗീസുമായി ഐ ഫോണിൽ ബന്ധപ്പെട്ടതിന്റെ തെളിവുകളടക്കം ശേഖർ കുമാറിനുമുന്നിൽ വിജിലൻസ് നിരത്തി. ഐ ഫോണുകളിൽ വിവരങ്ങൾ കൈമാറാൻ ഉപയോഗിക്കുന്ന ‘ഫേസ് ടൈം’ എന്ന ഇൻബിൽറ്റ് മൊബൈൽ ആപ് വഴിയാണ് ഇരുവരും ബന്ധപ്പെട്ടത്. ഇവർ തമ്മിൽ പലതവണ ഓഡിയോ കോൾ ചെയ്‌തതിന്റെ തെളിവുകൾ വിജിലൻസ് ഹാജരാക്കി. വിൽസൺ വർഗീസിന്റെ ഐ ഫോണിൽനിന്നാണ് തെളിവുകൾ കിട്ടിയത്.
രണ്ടാഴ്‌ചയ്‌ക്കകം അന്വേഷണ ഉദ്യോഗസ്ഥനുമുന്നിൽ ഹാജരാകണമെന്ന വ്യവസ്ഥയോടെയാണ് ശേഖർകുമാറിന് ഹൈക്കോടതി 10ന് മുൻകൂർജാമ്യം അനുവദിച്ചത്.









0 comments