കേസ്‌ ഒതുക്കാൻ കൈക്കൂലി : ഇഡി ഉദ്യോഗസ്ഥനെ ഇന്ന്‌ ചോദ്യംചെയ്യും

ed bribery case
വെബ് ഡെസ്ക്

Published on Jul 22, 2025, 12:11 AM | 1 min read


കൊച്ചി

കേസ് ഒതുക്കാൻ കൊല്ലത്തെ കശുവണ്ടിവ്യവസായിയിൽനിന്ന് ഇഡി ഏജന്റുമാർ കൈക്കൂലി വാങ്ങിയെന്ന കേസിലെ ഒന്നാംപ്രതി എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ അസിസ്റ്റന്റ്‌ ഡയറക്ടർ ശേഖർകുമാറിനെ വിജിലൻസ്‌ ചൊവ്വാഴ്‌ച ചോദ്യംചെയ്യും. രാവിലെ പത്തിന്‌ കതൃക്കടവ്‌ വിജിലൻസ്‌ മധ്യമേഖലാ ഓഫീസിൽ ഹാജരാകാനാണ്‌ ആവശ്യപ്പെട്ടിരിക്കുന്നത്‌.


ശേഖർകുമാറിന്‌ പത്തിന്‌ മുൻകൂർജാമ്യം അനുവദിക്കുമ്പോൾ, രണ്ടാഴ്‌ചയ്‌ക്കകം അന്വേഷണ ഉദ്യോഗസ്ഥനുമുന്നിൽ ഹാജരാകണമെന്ന്‌ ഹൈക്കോടതി നിർദേശിച്ചിരുന്നു. ഷില്ലോങ്ങിലായിരുന്ന ശേഖർകുമാർ ഞായറാഴ്‌ച കൊച്ചിയിലെത്തി. ഇയാളെ ചോദ്യംചെയ്യാനുള്ള വിശദ ചോദ്യാവലി വിജിലൻസ്‌ തയ്യാറാക്കിയിട്ടുണ്ട്‌.


വിജിലൻസ്‌ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ്‌ ഇഡി ഷില്ലോങ്ങിലേക്ക്‌ സ്ഥലംമാറ്റിയത്‌. ശേഖർകുമാറും ഇഡി ഏജന്റും രണ്ടാംപ്രതിയുമായ വിൽസൺ വർഗീസും ഐഫോണിൽ ബന്ധപ്പെട്ടതിന്റെ തെളിവുകൾ വിജിലൻസിന്റെ പക്കലുണ്ട്‌. ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കും ചോദ്യംചെയ്യൽ. പ്രതികളിൽനിന്ന് പിടിച്ചെടുത്ത അഞ്ച് മൊബൈൽ ഫോണുകൾ, ലാപ്ടോപ് എന്നിവയുടെ ശാസ്ത്രീയപരിശോധനയിൽനിന്ന്‌ ലഭിച്ച തെളിവുകളാണ്‌ വിജിലൻസിന്റെ പക്കലുള്ളത്‌.

കശുവണ്ടിവ്യവസായിക്കെതിരെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇഡി എടുത്ത കേസ്‌ ഒതുക്കാൻ കൊച്ചിയിലെ ഏജന്റുമാർ മുഖേന രണ്ടുകോടി രൂപ വാങ്ങിയെന്ന പരാതിയിലാണ് വിജിലൻസ് കേസ്‌.



deshabhimani section

Related News

View More
0 comments
Sort by

Home