കൊച്ചി ഇഡി ഓഫീസിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥർക്കെതിരെയും പരാതി
കൈക്കൂലി റാക്കറ്റ് ; ഇഡിക്കെതിരെ കൂടുതൽ പരാതികൾ

കൊച്ചി
കേസ് ഒതുക്കാൻ, കൊട്ടാരക്കര സ്വദേശിയായ കശുവണ്ടി വ്യവസായി അനീഷ് ബാബുവിൽനിന്ന് രണ്ടുകോടി രൂപ കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തിൽ കൂടുതൽ ഇഡി ഉദ്യോഗസ്ഥർക്ക് പങ്ക്. കൈക്കൂലിക്കേസിൽ ഒന്നാംപ്രതിയും കൊടകര കുഴൽപ്പണക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനുമായ ഇഡി അസിസ്റ്റന്റ് ഡയറക്‌ടർ ശേഖർ കുമാറിന് പുറമെ കൊച്ചി ഇഡി ഓഫീസിലെ മറ്റ് ഉന്നതോദ്യോഗസ്ഥർക്കും പങ്കുണ്ടെന്ന് വിജിലൻസിന് വിവരം ലഭിച്ചു.
അതിനിടെ കശുവണ്ടി വ്യവസായ മേഖലയിലുള്ള മറ്റു ചിലരും പ്രവാസി മലയാളികളും ഇഡി ഉദ്യോഗസ്ഥർ കൈക്കൂലി ആവശ്യപ്പെട്ടതായി വിജിലൻസിന് പരാതി നൽകി. പരാതികളിൽ അന്വേഷണം പുരോഗമിക്കുന്നു. ഇഡിയും ആഭ്യന്തര അന്വേഷണം ആരംഭിച്ചു.
വിജിലൻസ് സംഘം അറസ്റ്റുചെയ്‌തവരിൽനിന്ന് ലഭിച്ച വിവരങ്ങൾ, ബാങ്ക് അക്കൗണ്ടുകൾ, ഡിജിറ്റൽ തെളിവുകൾ എന്നിവ ഇഡി ഓഫീസിലെ മറ്റ് ഉന്നതരുടെകൂടി അഴിമതിയിടപാട് വ്യക്തമാക്കുന്നതാണ്. ഇതുസംബന്ധിച്ച പരിശോധന പൂർത്തിയായശേഷം ഒന്നാംപ്രതി ശേഖർകുമാറിനെ ഉൾപ്പെടെ വിജിലൻസ് ചോദ്യംചെയ്യും. ചോദ്യംചെയ്യലിന് ഹാജരാകാനാവശ്യപ്പെട്ട് ശേഖർ കുമാറിന് ഉടൻ നോട്ടീസ് നൽകും.
അനീഷ് ബാബുവിന്റെ വിശദ മൊഴി ഞായറാഴ്‌ച രേഖപ്പെടുത്തി. ‘‘ഇഡിയുടെ സമൻസ് പ്രകാരം ഹാജരായപ്പോഴാണ് വിനോദ് കുമാർ ഭീഷണിപ്പെടുത്തിയത്. പിന്നീട് രണ്ടുകോടിരൂപ ആവശ്യപ്പെട്ട് ഇടനിലക്കാരൻ വിൽസൺ വർഗീസ് ബന്ധപ്പെട്ടു. ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയത് ഓർമിപ്പിച്ച വിൽസൺ ഇഡി അടുത്ത സമൻസ് അയക്കുമെന്നു പറഞ്ഞു. പറഞ്ഞപ്രകാരം സമൻസ് ലഭിച്ചു. തുടർന്ന് ഇഡി ഉദ്യോഗസ്ഥൻ ഫോണിൽ വിളിച്ചു’’–-അനീഷ് മാധ്യമങ്ങളോട് പറഞ്ഞു. അനീഷിന്റെ വെളിപ്പെടുത്തലിൽ മലയാളിയായ ഇഡി ഡെപ്യൂട്ടി ഡയറക്‌ടർ വിനോദ്‌കുമാറിനെയും വിജിലൻസ് ചോദ്യംചെയ്യും.
ഇഡിയുടെ ഏജന്റുമാരായ വിൽസൺ വർഗീസ്, രാജസ്ഥാൻ സ്വദേശി മുരളി മുകേഷ്, ചാർട്ടേഡ് അക്കൗണ്ടന്റ് രഞ്‌ജിത് വാര്യർ എന്നിവരെയാണ് കഴിഞ്ഞ ദിവസങ്ങളിൽ വിജിലൻസ് അറസ്റ്റ് ചെയ്തത്.









0 comments