ഇഡി കൈക്കൂലി ; തട്ടിയത് 30 കോടിയെന്ന് സൂചന

കൊച്ചി
കേസ് ഒതുക്കാനെന്ന പേരിൽ ഇഡി ഉദ്യോഗസ്ഥർ പലരിൽനിന്ന് കൈക്കൂലിയായി വാങ്ങിയത് 30 കോടിയിലേറെയെന്ന് സൂചന. കശുവണ്ടിവ്യവസായിയോട് രണ്ടുകോടി രൂപ ആവശ്യപ്പെട്ട ഇഡി ഉദ്യോഗസ്ഥനും ഇടനിലക്കാർക്കുമെതിരെ വിജിലൻസ് കേസെടുത്തതിനുപിന്നാലെ ലഭിച്ച പരാതി പരിശോധിച്ചാണ് ഈ വിലയിരുത്തൽ. ഒരു വർഷത്തിനിടെ ഇഡി കേസ് രജിസ്റ്റർ ചെയ്‌തവരുടെ വിവരങ്ങളും വിജിലൻസ് ശേഖരിക്കുന്നുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ഇവരെ ബന്ധപ്പെടും.
പുതുതായി പരാതി നൽകിയവരുടെ മൊഴിയെടുക്കൽ പുരോഗമിക്കുന്നു. ഇഡിക്കെതിരെ കൂടുതൽ തെളിവ് ലഭിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥർ 2016 മുതൽ കൈക്കൂലി വാങ്ങിയിരുന്നുവെന്നാണ് വിജിലൻസ് നിഗമനം. വ്യവസായിയിൽനിന്ന് കൈക്കൂലി ആവശ്യപ്പെട്ട കേസിൽ പ്രതികളിൽനിന്ന് പിടിച്ചെടുത്ത മൊബൈൽ ഫോൺ, ലാപ്ടോപ് എന്നിവയുടെ പരിശോധന സൈബർസെൽ സഹായത്തോടെ ആരംഭിച്ചു.
കൂടുതൽ ഇഡി ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്നാണ് വിജിലൻസ് സംശയിക്കുന്നത്. ശാസ്‌ത്രീയ പരിശോധനാഫലം പുറത്തുവരുന്നതോടെ ഇക്കാര്യത്തിൽ വ്യക്തത വരുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.









0 comments