രഞ്ജിത്തിന്റെ ലാപ്‌ടോപ്പിലും മൊബൈൽ ഫോണിലും ഇഡിയുമായി ബന്ധപ്പെട്ട വിവരങ്ങൾ
ഇഡി കൈക്കൂലി റാക്കറ്റ് ; തെളിവുകൾ ശക്തം , ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ചും പരിശോധന

കൊച്ചി
കേസ് ഒതുക്കാൻ വ്യവസായിയിൽനിന്ന് രണ്ട് കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തിൽ ഇഡി ഉദ്യോഗസ്ഥർക്കെതിരെയുള്ള തെളിവുകൾ ശക്തം. ഇഡി ഉദ്യോഗസ്ഥരുടെ പങ്ക് വ്യക്തമാക്കുന്ന ഡയറി ഉൾപ്പെടെ നിർണായക തെളിവുകൾ വിജിലൻസിന്റെ പ്രത്യേക അന്വേഷക സംഘത്തിന് ലഭിച്ചു. കൈക്കൂലിക്കേസിൽ അറസ്റ്റിലായ ചാർട്ടേഡ് അക്കൗണ്ടന്റ് രഞ്ജിത് വാര്യരുടെ വീട്ടിലും ഓഫീസിലും നടത്തിയ പരിശോധനയിലാണ് ഇവ ലഭിച്ചത്. ഇഡി സമൻസ് അയച്ചവരുടെയും അയക്കാൻ പോകുന്നവരുടെയും പേര്, വിലാസം, ഫോൺനമ്പർ, എടുത്ത കേസിന്റെ വിവരങ്ങൾ തുടങ്ങിയവ ഡയറിയിലുണ്ട്. കേസിലെ ഒന്നാംപ്രതി ശേഖർ കുമാർ ഉൾപ്പെടെയുള്ള ഇഡി ഉന്നത ഉദ്യോഗസ്ഥരാണ് രഞ്ജിത്തിന് വിവരം കൈമാറിയിരുന്നത്.
സമൻസ് അയക്കാൻ പറ്റാവുന്നവരുടെ വിവരങ്ങൾ രഞ്ജിത് മുഖേന ഇഡി ശേഖരിച്ചിരുന്നു. ഇയാളുടെ ലാപ്‌ടോപ്, മൊബൈൽ ഫോൺ എന്നിവയിലും ഇഡിയുമായി ബന്ധപ്പെട്ട വിവരങ്ങളുണ്ട്. ഇവ ഫോറൻസിക് പരിശോധനയ്‌ക്കായി കൈമാറി.
ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ചുള്ള പരിശോധന പുരോഗമിക്കുന്നു. സംസ്ഥാനത്തിനു പുറത്തുള്ള അക്കൗണ്ടുകളാണ് ഭൂരിഭാഗവും. ഏജന്റുമാരുടേതിനുപുറമെ ഇഡി ഉദ്യോഗസ്ഥരുടെ ബിനാമികളുടേതും ഉൾപ്പെടും. ചില അക്കൗണ്ടുകൾ ഉദ്യോഗസ്ഥരുടേതാണെന്നാണ് പ്രാഥമിക വിവരം. സംശയാസ്‌പദമാംവിധം വൻ തുകകളുടെ കൈമാറ്റം ചില അക്കൗണ്ടുകളിൽ നടന്നിട്ടുണ്ട്. അക്കൗണ്ടുകളുടെ വിശദാംശങ്ങൾതേടി ബാങ്കുകൾക്ക് വിജിലൻസ് നോട്ടീസ് അയച്ചു.
അറസ്‌റ്റിലായ ഇഡി ഏജന്റുമാരായ വിൽസൺ വർഗീസ്, രാജസ്ഥാൻ സ്വദേശി മുരളി മുകേഷ്, ചാർട്ടേഡ് അക്കൗണ്ടന്റ് രഞ്ജിത് വാര്യർ എന്നിവരെ ചോദ്യംചെയ്യുകയാണെന്ന് വിജിലൻസ് മധ്യമേഖലാ എസ്‌പി എസ് ശശിധരൻ പറഞ്ഞു.









0 comments