നഗരസഭകളിലെ ഇ–മാലിന്യ ശേഖരണം പൂർത്തിയാകുന്ന മുറയ്‌ക്ക് പദ്ധതി പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കും
ഇ– മാലിന്യം പോയി ; കാശും കിട്ടി , ഒന്നരമാസത്തിനിടെ ശേഖരിച്ചത് 77,930 കിലോ

തിരുവനന്തപുരം
സംസ്ഥാനത്ത് ഒന്നരമാസത്തിനിടെ നഗരങ്ങളിലെ വീടുകളിൽനിന്ന് ഹരിതകർമസേന ശേഖരിച്ചത് 77,930.675 കിലോ ഇ–മാലിന്യം. പുനരുപയോഗ യോഗ്യമായ ഇ–മാലിന്യത്തിന് പ്രതിഫലമായി പൊതുജനങ്ങൾക്ക് 6.39 ലക്ഷം രൂപ നൽകി. മുനിസിപ്പാലിറ്റികളിലെയും കോർപറേഷനുകളിലെയും 1,082 വാർഡുകളിലാണ് ഇ–മാലിന്യ ശേഖരണം നടന്നത്. ശേഷിക്കുന്ന വാർഡുകളിലും ശേഖരണം ഉടൻ നടക്കും. ഇവ പൂർത്തിയാകുന്നതോടെ പഞ്ചാത്തുകളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്ന് ക്ലീൻ കേരള എംഡി ജി കെ സുരേഷ്‌കുമാർ പറഞ്ഞു.
ഏറ്റവും കൂടുതൽ മാലിന്യം ശേഖരിച്ചത് ആലപ്പുഴ ജില്ലയിൽനിന്നാണ്. 15,936.341 കിലോ. രണ്ടാമത് എറണാകുളത്തും (15,682.084 കിലോ) കുറവ് വയനാട്ടിലും (525 കിലോ). സിഎഫ്‌എൽ, ട്യൂബ് ഉൾപ്പെടെയുള്ള ആപൽക്കരമായ ഇ–മാലിന്യം ശേഖരിച്ചത് നാല് ജില്ലകളിൽനിന്നാണ്. ആകെ 4462.05 കിലോ മാലിന്യം ശേഖരിച്ചു. ആലപ്പുഴ – 345.15 കിലോ, കോട്ടയം – 365.5 കിലോ, എറണാകുളം – 551.4 കിലോ, കണ്ണൂർ – 3200 എന്നിങ്ങനെയാണ് കണക്ക്.
പൊതുജനങ്ങൾക്ക് കൂടുതൽ പണം കൈമാറിയതും എറണാകുളം ജില്ലയിൽ. 1,28,889.66 രൂപ. രണ്ടാമത് ആലപ്പുഴയും (1,77,939 രൂപ) മൂന്നാമത് കോട്ടയവും (1,10,316 രൂപ). അപകടമില്ലാത്ത ഇലക്ട്രോണിക്-, ഇലക്ട്രിക്കൽ ഗണത്തിൽപെടുന്ന 44 ഇനങ്ങളാണ് ഹരിത കർമസേന വില നൽകി ശേഖരിക്കുന്നത്.
ശേഖരിക്കുന്ന ഉപകരണങ്ങൾ ക്ലീൻ കേരള കമ്പനിയിൽ എത്തിച്ച് തരംതിരിക്കും. പുനഃചംക്രമണം സാധ്യമാകുന്ന വസ്തുക്കൾ ഈ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾക്ക് കൈമാറും. പുനരുപയോഗിക്കാൻ കഴിയാത്തവ കൃത്യമായ മാനണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ നിർമാർജനം ചെയ്യും. ഇ– -മാലിന്യത്തിന്റെ ശാസ്ത്രീയ സംസ്‌കരണം ഉറപ്പാക്കാൻ ആരംഭിച്ച പദ്ധതി ക്ലീൻ കേരള കമ്പനി, ശുചിത്വ മിഷൻ, കുടുംബശ്രീ, എന്നീ ഏജൻസികളുമായി ചേർന്ന് തദ്ദേശ വകുപ്പാണ് നടപ്പാക്കുന്നത്.










0 comments