കുമ്പളങ്ങാട്‌ ബിജു വധം: എട്ട്‌ ആർഎസ്എസുകാർക്ക് ജീവപര്യന്തം

BIJU MURDER

കൊല്ലപ്പെട്ട കുമ്പളങ്ങാട്‌ ബിജു, പ്രതികളായ കുമ്പളങ്ങാട് മൂരായിൽ ജയേഷ്, ഇരവുകുളങ്ങര സുമേഷ്, കുറ്റിക്കാടൻ സെബാസ്റ്റ്യൻ, തൈക്കാടൻ ജോൺസൺ, കിഴക്കോട്ടിൽ ബിജു എന്ന കുചേലൻ ബിജു, കരിമ്പന വളപ്പിൽ സജീഷ് എന്ന സതീഷ്, കരിമ്പനവളപ്പിൽ സുനീഷ്, കരിമ്പനവളപ്പിൽ സനീഷ്

വെബ് ഡെസ്ക്

Published on May 31, 2025, 03:40 PM | 1 min read

തൃശൂർ: സിപിഐ എം, ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്ന കുമ്പളങ്ങാട്‌ ബിജുവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ എട്ട്‌ ആർഎസ്എസുകാർക്കും ജീവപര്യന്തം. ഓരോരുത്തര്‍ക്കും 1,44,000 രൂപ പിഴയടക്കണം. ഇതു കൂടാതെ ആക്രമണത്തിന്‌ 10 വർഷവും സംഘംചേരലിനും ഗുഢാലോചനക്കും ഓരോ വർഷവും ശിക്ഷ വിധിച്ചു. കുമ്പളങ്ങാട് ചാലയ്ക്കൽ ബിജു (31)വിനെ വെട്ടിക്കൊലപ്പെടുത്തുകയും പന്തലങ്ങാട്ട് ജിനീഷിനെ (39) വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്‌ത കേസിലാണ് വിധി.


കുമ്പളങ്ങാട് മൂരായിൽ ജയേഷ് (43 ), ഇരവുകുളങ്ങര സുമേഷ് ( 42 ), കുറ്റിക്കാടൻ സെബാസ്റ്റ്യൻ (46), തൈക്കാടൻ ജോൺസൺ( 51), കിഴക്കോട്ടിൽ ബിജു എന്ന കുചേലൻ ബിജു (46 ), കരിമ്പന വളപ്പിൽ സജീഷ് എന്ന സതീഷ്(39 ), കരിമ്പനവളപ്പിൽ സുനീഷ് (34), കരിമ്പനവളപ്പിൽ സനീഷ്(37 ) എന്നിവരെയാണ് തൃശൂർ മൂന്നാം അഡീഷണൽ ജില്ലാ ആൻഡ്‌ സെഷൻസ് ജഡ്ജ് കെ എം രതീഷ് കുമാര്‍ ശിക്ഷിച്ചത്. ആറാം പ്രതി രവി വിചാരണയ്ക്കിടെ മരിച്ചിരുന്നു.


2010 മെയ്‌ 16ന്‌ പകൽ മൂന്നരയോടെ കുമ്പളങ്ങാട് ഗ്രാമീണ വായനശാലയുടെ മുൻവശത്താണ്‌ സംഭവം. ഡിവൈഎഫ്ഐ യൂണിറ്റ് സമ്മേളനത്തിന്റെ പ്രവർത്തനങ്ങൾ നടത്തവേ ബിജെപി, ആർഎസ്എസ് പ്രവർത്തകരായ പ്രതികൾ മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. നാലു ബൈക്കിലായി എത്തിയ ഇവർ വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച്‌ ബിജുവിന്റെ തലയിലും കൈയിലും വെട്ടി. തടയാനെത്തിയ ജിനീഷിനെയും വെട്ടിവീഴ്‌ത്തി. പരിക്കേറ്റ ജിനീഷ് അടക്കം 24 സാക്ഷികളെ പ്രോസിക്യൂഷൻ ഭാഗത്തുനിന്നും വിസ്തരിച്ചു. 82 രേഖകളും 23 തൊണ്ടി മുതലുകളും ഹാജരാക്കി.


പ്രതികൾക്ക്‌ പരമാവധി ശിക്ഷ നൽകണമെന്നും കുടുംബത്തിന്‌ നഷ്ടപരിഹാരം നൽകണമെന്നും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ ഡി ബാബു വാദിച്ചു. അഡ്വ. ശരത് ബാബു കോട്ടയ്ക്കൽ, അഡ്വ. പി വി രേഷ്മ എന്നിവരും പ്രോസിക്യൂഷനുവേണ്ടി ഹാജരായി. വടക്കാഞ്ചേരി ഇൻസ്‌പെക്ടറായിരുന്ന, നിലവിൽ ഗുരുവായൂർ എസിപിയായ ടി എസ് സിനോജാണ് കേസന്വേഷണം നടത്തി കുറ്റപത്രം നൽകിയത്‌.

.



deshabhimani section

Related News

View More
0 comments
Sort by

Home