രാഹുലിന്റെ ലൈംഗിക അതിക്രമം പുറത്തുകൊണ്ടുവന്നതിന്റെ വിരോധം; കോൺഗ്രസ് അക്രമം അപലപനീയമെന്ന് ഡിവൈഎഫ്ഐ

തിരുവനന്തപുരം: റിപ്പോർട്ടർ ടിവി വാർത്താ സംഘത്തിന് നേരെയുണ്ടായ കോൺഗ്രസ് അക്രമം അപലപനീയവും ജനാധിപത്യ വിരുദ്ധവുമെന്ന് ഡിവൈഎഫ്ഐ. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ക്കെതിരായ ലൈംഗിക അതിക്രമ പരാതികൾ പുറത്തു കൊണ്ടുവന്നതിനുള്ള വിരോധത്താലാണ് ഈ ആക്രമം നടന്നത്. വടകര എംപി ഷാഫി പറമ്പിലിൻ്റെയും രാഹുൽ മാങ്കൂട്ടത്തിലിൻ്റെയും അനുയായികളാണ് അക്രമം നടത്തിയത്. മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന കോൺഗ്രസ് സംസ്ഥാന നേതൃത്വം മറുപടി പറയണമെന്നും, അന്വേഷണം നടത്തി കുറ്റവാളികൾക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
കഴിഞ്ഞദിവസം കോഴിക്കോട് മേപ്പയൂരിലും പേരാമ്പ്രയിലുമാണ് കോൺഗ്രസ് പ്രവർത്തകർ റിപ്പോർട്ടർ ടിവിയുടെ മാധ്യമ സംഘത്തെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്. ചാനലിന്റെ വാഹനം അടിച്ചുതകർക്കാനും ശ്രമം നടന്നു. അക്രമികൾക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകുമെന്ന് ചാനൽ അറിയിച്ചു. പാലക്കാട് എംഎൽഎയായ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണ പരാതികളിലെ ശബ്ദരേഖകൾ ഉൾപ്പെടെയുള്ള തെളിവുകൾ പുറത്തുകൊണ്ടുവന്നത് റിപ്പോർട്ടർ ചാനലായിരുന്നു.









0 comments