ഹൃദയപൂർവം അവർ സ്‌നേഹം വിളന്പി ; ഓണസദ്യയൊരുക്കി ഡിവൈഎഫ്ഐ

പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഡിവൈഎഫ്ഐ ഹൃദയപൂർവം പദ്ധതിയുടെ ഭാഗമായി ഒരുക്കിയ തിരുവോണസദ്യ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി വിളമ്പുന്നു
തിരുവനന്തപുരം
വയറെരിയുന്നവരുടെ മിഴിനിറയാതിരിക്കാൻ ആശുപത്രികളിൽ പൊതിച്ചോർ നൽകുന്ന ഡിവൈഎഫ്ഐ, തിരുവോണദിനത്തിൽ "ഹൃദയപൂർവം' വഴി പതിനായിരങ്ങൾക്ക് സദ്യയും വിളന്പി. മെഡിക്കൽ കോളേജുകൾ ഉൾപ്പെടെ ജില്ലകളിലെ വിവിധ ആശുപത്രികളിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പായസം ഉൾപ്പെടെ വിളമ്പിയായിരുന്നു ഡിവൈഎഫ്ഐ പ്രവർത്തകർ ഓണം ആഘോഷിച്ചത്. മറ്റിടങ്ങളിൽ മുടക്കമില്ലാതെ പൊതിച്ചോറുമെത്തിച്ചു. ഭക്ഷണപ്പൊതിയോടൊപ്പം ഓണക്കോടിയും വിതരണം ചെയ്ത മേഖലാകമ്മിറ്റികളുമുണ്ട്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഡിവൈഎഫ്‍ഐ മണ്ണടി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണസദ്യ ഒരുക്കാൻ നാട്ടുകാരടക്കം ഒത്തുചേർന്നു. ചോറും കറികളും രണ്ട് പായസവുമടക്കം വാഴയിലയിൽ നൽകിയ സ്‌നേഹം വിളന്പാൻ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബിയും എത്തി. ഓരോ ദിവസവും പൊതിച്ചോറ് എത്തിക്കുന്നത് ജില്ലയിലെ ഓരോ മേഖലാ കമ്മിറ്റിയുടെയും ചുമതലയാണ്. പൊതിച്ചോറ് നൽകാനുള്ള ദിവസം തിരുവോണമാണെന്ന് അറിഞ്ഞപ്പോൾ സമൃദ്ധമായ സദ്യ നൽകാൻ അതത് മേഖലാ കമ്മിറ്റികൾ തീരുമാനിക്കുകയായിരുന്നു.
കൊല്ലം ജില്ലയിൽ കൊല്ലം ഗവ. മെഡിക്കൽ കോളേജ് പുനലൂർ താലൂക്ക് ആശുപത്രി, കൊല്ലം ജനറൽ ആശുപത്രി എന്നിവിടങ്ങളിലും സദ്യ വിളമ്പി. കൊല്ലം ജനറൽ ആശുപത്രിയിൽ ഉത്രാട ദിനത്തിലും സദ്യ ഒരുക്കി. കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഡിവൈഎഫ്ഐ 350 ഭക്ഷണപ്പൊതികളോടൊപ്പം പായസവും വിതരണം ചെയ്തു. സംസ്ഥാന സെക്രട്ടറി വി കെ സനോജ് വിതരണം ഉദ്ഘാടനം ചെയ്തു. പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലും തലശേരി ജനറൽ ആശുപത്രിയിലും പൊതിച്ചോറിനൊപ്പം പായസവും വിതരണം ചെയ്തു. കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ കൂട്ടിരിപ്പുകാരില്ലാത്ത പത്തുരോഗികൾക്ക് ഓണക്കോടിയും സമ്മാനിച്ചു. എറണാകുളം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും സദ്യ വിളമ്പി.
തിരുവോണം, നബിദിനം, അധ്യാപക ദിനം ഇങ്ങനെ വലിയ പ്രത്യേകതയുള്ള ദിവസമാണിത്. വീട്ടിൽ ഓണവും നബിദിനവും ആഘോഷിക്കാനാകാത്തവർക്കെല്ലാം സദ്യ കഴിക്കാനുള്ള അവസരമാണ് ഡിവൈഎഫ്‌ഐ ഒരുക്കിയത് എം എ ബേബി സിപിഐ എം ജനറൽ സെക്രട്ടറി









0 comments