കോൺഗ്രസ് സമരത്തിൽപ്പെട്ട് യുവാവിന്റെ മരണം; പ്രതിപക്ഷ നേതാവിന്റെ വസതിയിലേക്ക് ഡിവൈഎഫ്‌ഐ മാർച്ച്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്റെ വസതിയായ കന്റോൺമെന്റ് ഹൗസിലേക്ക് ഡിവൈഎഫ്‌ഐ മാർച്ച്. തിരുവനന്തപുരം വിതുരയിൽ കോൺഗ്രസ് പ്രവർത്തകർ ആംബുലൻസ് തടഞ്ഞത് മൂലം രോഗി മരണപ്പെട്ടിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ഡിവൈഎഫ്‌ഐ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ വസതിയിലേക്ക് മാർച്ച് നടത്തിയത്. മാർച്ച് ചെയ്ത ഡിവൈഎഫ്‌ഐ പ്രവർത്തകർക്കുനേരെ പൊലീസ് ജല പീരങ്കി പ്രയോഗിച്ചു.
കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ ആംബുലൻസ് തടഞ്ഞുള്ള സമരത്തെ തുടർന്ന് ആദിവാസി യുവാവായ വിതുര സ്വദേശി ബിനു (44) ആണ് മരിച്ചത്. മെഡിക്കൽ കോളേജിൽ എത്തിക്കാൻ വൈകിയതിനെ തുടർന്നായിരുന്നു ബിനുവിന്റെ അന്ത്യം.
തിരുവനന്തപുരം വിതുര ആശുപത്രിക്ക് മുന്നിലായിരുന്നു സമരം. ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ ബന്ധുക്കൾ വിതുര ആശുപത്രിയിലെത്തിച്ചിരുന്നു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം മെഡിക്കല്‍ കോളേജിലേക്ക് രോഗിയെ മാറ്റുന്നതിനിടെയാണ് കോൺഗ്രസ് പ്രവർത്തകർ ആംബുലൻസ് തടഞ്ഞത്. ബന്ധുക്കൾ പറഞ്ഞിട്ടും ആംബുലൻസ് വിടാൻ പ്രവർത്തകർ തയാറായില്ല. ഇതോടെ അരമണിക്കൂറോളം വൈകിയാണ് രോഗിയെ ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞത്. പിന്നാലെ രോഗി മരിക്കുകയായിരുന്നു.









0 comments