തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയെ തകര്‍ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം മനുഷ്യത്വവിരുദ്ധം: ഡിവൈഎഫ്ഐ

തിരുവനന്തപുരം: ശ്രീചിത്ര ആശുപത്രിയെ തകർക്കാനുള്ള കേന്ദ്രസർക്കാർ നീക്കം മനുഷ്യത്വവിരുദ്ധവും കേരള ജനതയോടുള്ള വെല്ലുവിളിയുമാണെന്ന് ഡിവൈഎഫ്ഐ. കേന്ദ്രസർക്കാറിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ അഡ്മിനിസ്ട്രേറ്റീവ് നിയന്ത്രണത്തിലുള്ള തിരുവനന്തപുരം ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജിയിൽ അടിയന്തര ശസ്ത്രക്രിയകൾ അടക്കം മാറ്റിവെക്കുന്ന സാഹചര്യം അതീവ ഗുരുതരവും രോഗികളുടെ ജീവനെ പോലും ബാധിക്കുന്നതുമാണ്.
ശസ്ത്രക്രിയ ഉപകരണങ്ങളുടെ ക്ഷാമമാണ് ഇത്തരമൊരു സാഹചര്യം സൃഷ്ടിച്ചത്. ആതുര സേവനരംഗത്ത് ഏറെ പ്രശസ്തമായ സ്ഥാപനത്തെ തകർക്കുവാൻ വേണ്ടിയാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുവാനും മതിയായ ചികിത്സ ഉപകരണങ്ങൾ ലഭ്യമാക്കുവാനും കേന്ദ്ര സർക്കാർ ശ്രമിക്കുന്നില്ല. ശസ്ത്രക്രിയ ഉപകരണങ്ങളുടെ ക്ഷാമം ശ്രദ്ധയിൽപ്പെട്ടിട്ടും അത് പരിഹരിക്കാൻ ശ്രമിക്കാതെ പിടിവാശി കാണിക്കുകയാണ് സ്ഥാപന അധികൃതർ ചെയ്‌തത്.
സ്ഥാപനത്തിൽ ആവശ്യമായ ഡോക്ടർമാരെയും ജീവനക്കാരെയും കേന്ദ്ര സർക്കാർ പുതുതായി നിയമിക്കുന്നില്ല. ഇത് തൊഴിൽ ലഭ്യമാവുക എന്ന യുവതയുടെ അവകാശത്തെ ലംഘിക്കുന്നതുമാണ്. സ്വയംഭരണ സ്ഥാപനങ്ങളോടും കേരളം പോലുള്ള സംസ്ഥാനങ്ങളോടും കേന്ദ്രം തുടരുന്ന സമീപനത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്. ശ്രീചിത്രയെ തകർക്കാൻ കേരള ജനത അനുവദിക്കില്ല. ആരോഗ്യരംഗത്ത് ഏറെ ശ്രദ്ധേയമായ സ്ഥാപനത്തെ തച്ചു തകർക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.









0 comments