ബിജെപിക്കാരന്റെ പൂജാമുറിയിൽ കഞ്ചാവും എംഡിഎംഎയും: രാഷ്‌ട്രീയബന്ധം മറച്ച് മാധ്യമങ്ങൾ


സ്വന്തം ലേഖകൻ
Published on May 05, 2025, 08:29 AM | 1 min read
തലശേരി : വീട്ടിലെ പൂജാമുറിയിൽനിന്ന് കഞ്ചാവും എംഡിഎംഎയും പിടിച്ച കേസിൽ പ്രതിയുടെ രാഷ്‌ട്രീയബന്ധം മറച്ചുപിടിച്ച് മനോരമയും മാതൃഭൂമിയും. ബിജെപി പ്രവർത്തകൻ തിരുവങ്ങാട് ഇല്ലത്തുതാഴെയിലെ എൻ എം റനിലിന്റെ വീട്ടിലെ പൂജാമുറിയിൽനിന്നാണ് പൊലീസ് മയക്കുമരുന്ന് പിടിച്ചത്. ചാനലുകളിലൂടെ രാഷ്‌ട്രീയബന്ധം പുറത്തുവന്നതോടെ അങ്കലാപ്പിലായ ബിജെപി നേതൃത്വം തങ്ങൾക്ക് ലഹരിക്കേസ് പ്രതിയുമായി ബന്ധമില്ലെന്ന് പ്രസ്‌താവനയിറക്കിയിരുന്നു. നിയമ നടപടിയെടുക്കുമെന്ന് മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തുകയുംചെയ്‌തു. ഇതോടെയാണ് പല മാധ്യമങ്ങളും സംഘപരിവാർബന്ധം മൂടിവച്ചത്.
ബിജെപിക്കാരന്റെ വീട്ടിലെ പൂജാമുറിയിൽനിന്ന് ലഹരിവസ്‌തുക്കൾ പിടിച്ചതിന്റെ ജാള്യം മറയ്‌ക്കാനാണ് ബന്ധമില്ലെന്ന നിലപാടുമായി ബിജെപി ഇറങ്ങിയത്. പ്രതിയുടെ രാഷ്‌ട്രീയബന്ധം നാട്ടുകാർക്കെല്ലാം അറിയാവുന്നതാണ്. കോടിയേരി പുന്നോലിലെ ഹരിദാസനെ കൊലപ്പെടുത്തിതിനു പിന്നാലെയുള്ള നിഷേധപ്രസ്‌താവനയുടെ മഷിയുണങ്ങും മുമ്പാണ് മണ്ഡലം പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ പിടിയിലായത്.
അന്വേഷണം ഊർജിതം
മയക്കുമരുന്ന് പിടിക്കുന്നതിനിടെ രക്ഷപ്പെട്ട പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. റനിൽ സ്ഥിരമായി ലഹരി ഉപയോഗിക്കാറുണ്ടെന്നും വിൽപ്പനക്കാരനാണെന്നുമുള്ള സഹോദരന്റെ മൊഴി കേസിൽ നിർണായകമാണ്. കഞ്ചാവും എംഡിഎംഎയും പിടിച്ച കേസായതിനാൽ ജാമ്യം കിട്ടാനിടയില്ല.









0 comments