എംഡിഎംഎ 'കുക്കിങ് ലാബുകൾ' കർണാടകത്തിലും ​നോയിഡയിലും ; ലഹരി മാഫിയകൾക്ക് ഉന്നത രാഷ്ട്രീയബന്ധം

drugs mafia
avatar
എസ് കിരൺബാബു

Published on Apr 03, 2025, 01:46 AM | 3 min read


തിരുവനന്തപുരം : എംഡിഎംഎ ഉൾപ്പെടെയുള്ള രാസലഹരിവസ്തുക്കൾ രാജ്യത്ത് പ്രധാനമായും ഉൽപ്പാദിപ്പിക്കുന്നത് കർണാടകയിലും ഉത്തർപ്രദേശിലും ​ഗോവയിലുമെന്ന് പൊലീസ്. കർണാകത്തിലെ ബം​ഗളൂരുവിലും ഉത്തർപ്രദേശിലെ നോയിഡയിലും ​ഗോവയിലും ചെറുതും വലുതുമായ നിരവധി ലാബുകളാണ്‌ പ്രവർത്തിക്കുന്നത്‌.


ന​ഗരത്തോടുചേർന്നുള്ള ജനസാന്ദ്രത കുറഞ്ഞ റസിഡൻഷ്യൽ ഏരിയകളിലെ ഫ്ലാറ്റുകളും വില്ലകളും വാടകയ്‌ക്ക്‌ എടുത്താണ് ലാബുകൾ പ്രവർത്തിക്കുന്നത്. നൈജീരിയ, ഇറാൻ എന്നിവിടങ്ങളിൽനിന്നുള്ളവരുടെ നേതൃത്വത്തിലാണ് എംഡിഎംഎ നിർമാണം. മലയാളി യുവാക്കളും വിദ്യാർഥികളും ഈ കണ്ണികളിൽ പങ്കാളിയാണെന്നാണ് വിവരം.


കേരള പൊലീസ്‌ ഇത്തരം ലാബുകളുടെ വിവരം അതത് സംസ്ഥാനത്തെ പൊലീസുകാർക്ക് കൈമാറുന്നുണ്ടെങ്കിലും തുടർനടപടിയുണ്ടാകാറില്ല. ഉന്നത രാഷ്ട്രീയബന്ധം ഉപയോ​ഗിച്ചും പണംനൽകിയും പലപ്പോഴും കേസ് അട്ടിമറിക്കുകയാണെന്ന് പൊലീസുകാർ പറയുന്നു.


എംഡിഎംഎ നിർമിക്കാനുള്ള അസംസ്കൃത വസ്തുക്കൾ ഡാർക്ക് വെബ്ബിലൂടെയും ക്രിപ്റ്റോ കറൻസി ഉപയോ​ഗിച്ചുമാണ് വാങ്ങുന്നത്. വിദേശത്തുനിന്ന്‌ ഇവ എത്തിക്കാൻ മാഫിയ പ്രവർത്തിക്കുന്നുണ്ട്. അമേരിക്ക, ബ്രിട്ടൻ, നെതർലൻഡ്‌സ്, തായ്‌ലൻഡ്, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽനിന്ന്‌ രാസലഹരി നേരിട്ട് എത്താറുണ്ട്. എംഡിഎംഎ കച്ചവടം ടെല​ഗ്രാംവഴിയും നടക്കാറുണ്ട്. പ്രത്യേക ​കോഡുകളായി സന്ദേശങ്ങൾ കൈമാറും. ഓൺലൈനായി മുൻകൂറായി പണമടച്ചാലേ ഡീലർമാർ എംഡിഎംഎ എത്തിച്ചു നൽകൂ.


കടത്താൻ 
മലയാളികളും

രാസലഹരിവസ്തു കടത്തുസംഘത്തിൽ മലയാളി പെൺകുട്ടികളും സജീവമായുണ്ട്. ആഡംബര കാറിലും ബൈക്കുകളിലുമായി ദമ്പതികളെന്ന വ്യാജേനയും അതിർത്തിവഴി ലഹരി കടത്തുന്നു. കടത്തുകാർക്ക് ആഡംബര വാഹനംനൽകുന്നതും ലഹരിക്കച്ചവട റാക്കറ്റുകളാണ്.


ലഹരിവസ്തു എത്തിച്ചുനൽകിയാൽ 2000 മുതൽ 4000 രൂപവരെ വരുമാനം ലഭിക്കും. ദിവസം 10,000 രൂപവരെ വരുമാനമുണ്ടാക്കുന്നവരുണ്ട്. ലഹരിക്ക് അടിമപ്പെടുന്നവരാണ് പിന്നീട് ഇത് വിൽപ്പനയ്ക്കായി ഇറങ്ങുന്നതും.


മെഡിക്കൽ വിദ്യാർഥികളും ബിസിനസുകാരും ടെക്കികളുമെല്ലാം ഈ കണ്ണിയുടെ ഭാ​ഗമാണ്. ബംഗളൂരുവിൽ എംഡിഎംഎയുടെ വില ഗ്രാമിന് 2000 രൂപയാണെങ്കിൽ കേരളത്തിൽ എത്തുമ്പോൾ ഇത് 5000 രൂപയ്ക്ക് മുകളിലെത്തും.


ആളെക്കൊല്ലി സിന്തറ്റിക് ലഹരി

എംഡിഎംഎ ഉൾപ്പെടെയുള്ള രാസലഹരി വസ്തുക്കൾ ഉപയോഗിക്കുന്നവർക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് ആരോ​ഗ്യവിദ​ഗ്‌ധരുടെ മുന്നറിയിപ്പ്‌. ക്രിസ്റ്റൽ രൂപത്തിലുള്ള രാസലഹരിയാണ് മെത്തലിൻഡയോക്‌സി മെത്‌ ആംഫിറ്റമിൻ (എംഡിഎംഎ).


ഇതിന്റെ ഉപയോഗം രോഗപ്രതിരോധ വ്യവസ്ഥയെ തകരാറിലാക്കും. ഹൃദയം, ശ്വാസകോശം, വൃക്ക എന്നിവയുടെ പ്രവർത്തനങ്ങളെ ബാധിക്കുകയും ചെയ്യും.സ്ഥിരമായി ഉപയോഗിക്കുന്നവരിൽ പല്ലുകൊഴിയുന്നതായും എല്ലുപൊടിയുന്നതായും കണ്ടെത്തിയിട്ടുണ്ട്. ശാരീരിക പ്രശ്നങ്ങൾക്കു പുറമെ മാനസികാരോഗ്യത്തെയും ബാധിക്കും. ഓർമ, വികാര നിയന്ത്രണം, സ്വഭാവ രൂപീകരണം എന്നീ പ്രവർത്തനങ്ങളെയും താറുമാറാക്കും.


ചിന്താശേഷിയെ ബാധിക്കും. ഇത്തരം ലഹരി ഉപയോഗിക്കുന്നവർ പേടി പോലുള്ള വിഭ്രാന്തി ലക്ഷണങ്ങൾ പ്രകടിപ്പിക്കും. സ്ഥിരമായി ഉപയോഗിച്ചാൽ മൂന്നുവർഷത്തിനകം മരണംവരെ സംഭവിക്കാമെന്നും ഡോക്ടർമാർ പറയുന്നു.

എംഡിഎംഎയിൽ അജിനോമോട്ടോയും

രാസവസ്തുക്കൾ നിശ്ചിത താപനിലയിൽ ചൂടാക്കിയാണ് എംഡിഎംഎ നിർമിക്കുന്നത്. പൊടി രൂപത്തിലും ഗുളിക രൂപത്തിലുമാണ് നിർമാണം. രാസവസ്തു കൃത്യമായ അനുപാതത്തിൽ ചേർത്ത്‌ ചൂടാക്കിയാലേ ഫലം ലഭിക്കൂ. ഇക്കാര്യത്തിൽ ആഫ്രിക്കൻ വംശജർക്കാണത്രേ പ്രാവീണ്യം. നിലവിൽ കേരളത്തിൽ ഇത്തരം ലഹരി വസ്തുക്കൾ ഉൽപ്പാദിപ്പിക്കുന്നതായി കണ്ടെത്തിയിട്ടില്ല. എന്നാൽ എംഡിഎംഎ കൂടുതൽ ലാഭത്തിൽ വിൽക്കാൽ അജിനോമോട്ടോ പോലുള്ള വസ്തുക്കൾ ചേർത്ത് ചിലർ വിൽക്കുന്നുണ്ടെന്ന് എക്സൈസ് ഉദ്യോ​ഗസ്ഥർ പറയുന്നു. അടുത്തിടെ സംസ്ഥാനത്ത് പിടിച്ചെടുത്ത എംഡിഎംഎയിൽ അജിനോമോട്ടോയുടെ അം​ശം കണ്ടെത്തിയിരുന്നു.


ഓപ്പറേഷന്‍ ഡി ഹണ്ട് ; അറസ്റ്റിലായത് 9335 പേർ

ലഹരിക്കച്ചവടം കണ്ടെത്താൻ സംസ്ഥാന വ്യാപകമായി പൊലീസ് നടത്തിയ ഓപ്പറേഷൻ ഡി ഹണ്ടിലൂടെ ഇതുവരെ അറസ്റ്റിലായത് 9335പേർ. 5.642 കിലോ എംഡിഎംഎയും 523.299 കിലോ കഞ്ചാവും പിടിച്ചെടുത്തു. 8986 കേസുകൾ രജിസ്റ്റർ ചെയ്തു. മയക്കുമരുന്ന് വിൽപ്പനയിൽ ഏർപ്പെടുന്നതായി സംശയിക്കുന്ന 104462 പേരെയാണ് പരിശോധിച്ചത്.


ഫെബ്രുവരി 22 മുതലാണ് പൊലീസ് ഓപ്പറേഷൻ ഡി ഹണ്ട് ആരംഭിച്ചത്.വ്യാഴാഴ്ച നടന്ന പരിശോധനയിൽ 69 പേർ അറസ്റ്റിലായി. 64 കേസുകൾ രജിസ്റ്റർ ചെയ്തു. 1.63 ഗ്രാം എംഡിഎംഎയും 709.03 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. പൊതുജനങ്ങളിൽനിന്ന് വിവരങ്ങൾ സ്വീകരിച്ച് നടപടി കൈക്കൊള്ളാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന ആന്റി നർക്കോട്ടിക്ക് കൺട്രോൾ റൂം (9497927797) നിലവിലുണ്ട്.



ഇന്ത്യന്‍ മഹാസമുദ്രത്തിൽ 
വൻ ലഹരിവേട്ട

ഇന്ത്യന്‍ മഹാസമുദ്രത്തിൽ മുംബൈ തീരത്തിന്‌ സമീപം വന്‍ ലഹരിവേട്ട. സംശയാസ്പദമായ നിലയില്‍ കടലിൽ ചുറ്റിത്തിരിഞ്ഞ ബോട്ടില്‍നിന്ന്‌ 2,500 കിലോയോളം ലഹരിവസ്തുക്കളാണ്‌ നാവികസേന പിടിച്ചെടുത്തത്‌. 2,386 കിലോ ഹാഷിഷ് ഓയിലും 121 കിലോ ഹെറോയിനുമാണ്‌ ഇതിലുണ്ടായിരുന്നത്‌. കുറച്ചു ദിവസമായി ഇന്ത്യന്‍ മഹാസമുദ്രത്തിൽ സംശയാസ്പദമായ ബോട്ടിന്റെ സാന്നിധ്യം കണ്ടെത്തിയ പി81 എയര്‍ക്രാഫ്റ്റ്‌ വിവരം ഐഎന്‍എസ് തര്‍കശിന്‌ കൈമാറിയിരുന്നു. തുടർന്ന്‌ വെസ്റ്റേൺ നേവല്‍ കമാന്‍ഡിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ്‌ ലഹരി സംഘം പിടിയിലായത്‌.


ബോട്ടിലുണ്ടായിരുന്നവരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവരെ മുംബൈയിലെത്തിച്ച് വിശദമായി ചോദ്യംചെയ്യും.



deshabhimani section

Related News

View More
0 comments
Sort by

Home