മരുന്നിന്റെ ​ഗുണനിലവാരം ഉറപ്പാക്കല്‍; കര്‍ശന നടപടികളുമായി ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ്

MEDICINE
വെബ് ഡെസ്ക്

Published on Jul 30, 2025, 08:54 PM | 1 min read

തിരുവനന്തപുരം: ജനങ്ങൾക്ക് സുരക്ഷിതവും ഫലപ്രാപ്തിയുള്ളതും ഗുണനിലവാരമുള്ളതുമായ മരുന്നുകളും സൗന്ദര്യവർധക വസ്തുക്കളും ഉറപ്പാക്കുന്നതിന് സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് ശക്തമായ നടപടികൾ സ്വീകരിച്ച് വരുന്നതായി മന്ത്രി വീണാ ജോർജ്. സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിന്റെ നേതൃത്വത്തിൽ ജൂൺ, ജൂലൈ മാസങ്ങളിലായി എട്ട് പ്രത്യേക ഡ്രൈവ് നടത്തിയത്. നിയമലംഘനങ്ങൾക്ക് എതിരെ ഡ്രഗ്‌സ് ആൻഡ് കോസ്‌മെറ്റിക്‌സ് നിയമപ്രകാരവും മറ്റ് അനുബന്ധ നിയമങ്ങൾ പ്രകാരവും നടപടികൾ സ്വീകരിച്ചു. കേസുകൾക്ക് കോടതിയിൽ നിന്ന് ശിക്ഷാനടപടികൾ സ്വീകരിച്ചുവെന്നും മന്ത്രി പറഞ്ഞു.

ഓപ്പറേഷൻ സൗന്ദര്യയുടെ രണ്ടാം ഘട്ടത്തിൽ മിസ്ബ്രാന്റഡ് കോസ്‌മെറ്റിക്‌സ് വിൽപ്പന നടത്തിയതിന് തലശ്ശേരി എമിരേറ്റ്‌സ് ഡ്യൂട്ടി ഫ്രീ ഡിസ്‌കൗണ്ട് ഷോപ്പിനെതിരെ 15,000 രൂപ വീതം ആകെ 75,000 രൂപ പിഴ അടയ്ക്കുന്നതിനും കൊടുങ്ങല്ലൂർ ന്യൂ ലൗലി സെന്റർ ഷോപ്പിനെതിരെ 10,000 രൂപ പിഴയും കോടതി പിരിയുംവരെ തടവ് ശിക്ഷയും വിധിച്ചു. മരുന്നുമാറി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തൃപ്പൂണിത്തുറ സ്റ്റ്യാച്യു ജങ്ഷനിലെ മറിയാ മെഡിക്കൽസിനും അതിന്റെ പങ്കാളികൾക്കും ഒരു വർഷം തടവും 20,000 രൂപ പിഴയും വിധിച്ചു.

കാലാവധി കഴിഞ്ഞ മരുന്നുകൾ നൽകിയ കോഴിക്കോട് മാറാട് മെഡിക്കൽ സെന്ററിനും ഡോക്ടർക്കുമെതിരെയും, ഡ്രഗ്‌സ് ലൈസൻസ് ഇല്ലാതെ അലോപ്പതി മരുന്ന് വിറ്റതിന് കോട്ടയം ചിങ്ങവനത്തുള്ള കല്യാൺ ഹോമിയോ മെഡിക്കൽസ് ഉടമയായ ഹോമിയോ ഡോക്ടർക്കെതിരെ, കുറിപ്പടി ഇല്ലാതെ നാർക്കോട്ടിക്, ആന്റിബയോട്ടിക് മരുന്നുകൾ വിറ്റതിന് കണ്ണൂർ തളിപ്പറമ്പ് അറഫ മെഡിക്കൽസ് എന്നിവയ്ക്കെതിരെ നടപടിയെടുത്തു. കോട്ടയത്ത് 60,000 രൂപ വരുന്ന മെഫെന്റർമൈൻ സൾഫേറ്റ് ഇൻജക്ഷൻ അനധികൃതമായി വാഹനത്തിൽ കടത്തിക്കൊണ്ടുപോയത് കണ്ടെത്തി. മെഫെന്റർമൈൻ സൂക്ഷിച്ചതിന് തൊടുപുഴ കരിക്കോട് സ്വദേശിക്കെതിരെ ഡ്രഗ്‌സ് ഇന്റലിജൻസ് വിഭാഗവും മൂലമറ്റം സ്വദേശി ​ഗൗതം കൃഷ്ണയ്ക്കെതിരെ ഇടുക്കി ഡ്രഗ്‌സ് ഇൻസ്‌പെക്ടരും നടപടി സ്വീകരിച്ചു.

തൃശൂർ ആലപ്പാട് കേന്ദ്രീകരിച്ച് മതിയായ ഡ്രഗ്‌സ് ലൈസൻസുകൾ ഇല്ലാതെ പ്രവർത്തിച്ച സ്ഥാപന ഉടമയ്‌ക്കെതിരെ നിയമനടപടികൾ സ്വീകരിച്ചു. ഇടുക്കി നെടുങ്കണ്ടത്തുള്ള സെന്റ് ജോർജ് സ്റ്റോഴ്‌സിൽ ഷെഡ്യൂൾ എച്ച് വിഭാഗത്തിൽ ഉൾപ്പെടുന്ന മരുന്ന് സ്റ്റോക്ക് ചെയ്തതിനെതിരെയും നടപടിയെടുത്തതായി ഡ്ര​ഗ്സ് കൺ‌ട്രോൾ വകുപ്പ് അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home