ലഹരി വഴിതുറന്നത് തുറുങ്കിലേക്ക്


ബിജോ ടോമി
Published on Jan 26, 2025, 03:08 AM | 1 min read
തിരുവനന്തപുരം : ലഹരി വസ്‌തുക്കളുടെ വിൽപ്പനയും ഉപയോഗവും തടയാൻ കർശന നടപടിയുമായി സംസ്ഥാന സർക്കാർ. 2024 ജനുവരിമുതൽ ഡിസംബർവരെയുള്ള കണക്കനുസരിച്ച് വ്യാജമദ്യ നിർമാണം ഉൾപ്പെടെ അബ്‌കാരികേസുകളിൽ പ്രതികളായ 94 ശതമാനംപേരും അറസ്റ്റിലായി. ലഹരി മരുന്ന് (എൻഡിപിഎസ്) കേസുകളിൽ 97.4 ശതമാനംപേരും പിടിയിലായി. സംസ്ഥാനത്ത് കഴിഞ്ഞവർഷം 19,421 അബ്‌കാരി കേസാണ് രജിസ്റ്റർ ചെയ്തത്. 17,631 പേർ പ്രതികളായി. 16,601 പേരെ അറസ്റ്റ് ചെയ്തു. 8,160 ലഹരിമരുന്ന് കേസ് രജിസ്റ്റർ ചെയ്‌തു. 8,158 പ്രതികളിൽ 7946 പേരെയും പിടികൂടി.
കൂടുതൽ എൻഡിപിഎസ് കേസ് എറണാകുളത്താണ്, 1010 കേസ്. കോട്ടയമാണ് രണ്ടാമത് (888). കുറവ് കാസർകോടാണ് (98). ലഹരിമരുന്നു കേസുകളിൽ 417 വാഹനങ്ങളുംതൊണ്ടിയായി 15 ലക്ഷം രൂപയും പിടിച്ചെടുത്തു. 73,279 കോട്‌പ കേസുകളിൽനിന്ന് 1.46 കോടിരൂപ പിഴയീടാക്കി. എക്സൈസ് വകുപ്പിന്റെ ആധുനികവൽക്കരണ നടപടികളും പുരോഗമിക്കുന്നു. 15 വർഷം പഴക്കമുള്ള വാഹനങ്ങൾ പിൻവലിച്ച് പുതിയ 66 മഹേന്ദ്ര ബൊലേറോ വാഹനങ്ങൾ വാങ്ങി. ആയുധശേഷി വർധിപ്പിക്കാൻ പിസ്റ്റലുകളും തിരകളും വാങ്ങി. മയക്കുമരുന്ന് ഉപയോഗം തിരിച്ചറിയാൻ സഹായിക്കുന്ന 1,700 ഡ്രഗ് ഡിറ്റക്ഷൻ കിറ്റുകളും കണ്ടെടുക്കുന്ന മയക്കുമരുന്നിന്റെ തരം തിരിച്ചറിയാൻ 144 കിറ്റുകളും വാങ്ങി. എറണാകുളം, പാലക്കാട് ജില്ലകൾക്കുപുറമേ ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലും ഡിജിറ്റൽ വയർലെസ്സ് സിസ്റ്റം സ്ഥാപിച്ചു.









0 comments