ശിക്ഷ മയക്കുമരുന്നിന്റെ തൂക്കമനുസരിച്ച് , ഒരുകിലോഗ്രാം വരെ ജാമ്യമുള്ള കേസ്
കേന്ദ്രനിയമത്തിലെ പഴുത് കഞ്ചാവുമാഫിയയ്‌ക്ക് തണൽ

എസ് കിരൺബാബു
Published on Apr 28, 2025, 02:14 AM | 2 min read
തിരുവനന്തപുരം : കേന്ദ്രനിയമത്തിലെ പഴുതു മുതലാക്കി കഞ്ചാവുമാഫിയ പിടിമുറുക്കുന്നു. കിലോയ്‌ക്ക് 80 ലക്ഷം വരെ വിലയുള്ള ഹൈബ്രിഡ് കഞ്ചാവ് വിൽപ്പന കേസിലെ പ്രതികൾക്കു പോലും ജാമ്യം ലഭിക്കുന്ന സ്ഥിതി. സാധാരണ കഞ്ചാവ് വിൽക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്നവർക്കുള്ള അതേ ശിക്ഷയാണ് ഹൈബ്രിഡ് കഞ്ചാവ് ഉപയോഗിച്ചാലും ലഭിക്കുക. വ്യക്തിയിൽനിന്നും ഒരുകിലോയിൽ കുറവു കഞ്ചാവാണു പിടിക്കുന്നതെങ്കിൽ എളുപ്പത്തിൽ ജാമ്യം നേടി പുറത്തിറങ്ങാമെന്ന പഴുത് ഉപയോഗിച്ചാണു പലപ്പോഴും കഞ്ചാവുമാഫിയ രക്ഷപ്പെടുന്നത്.
സാധാരണ കഞ്ചാവിന് കിലോയ്‌ക്ക് 8000 മുതൽ 10000 വരെ ഈടാക്കി വിൽക്കുമ്പോൾ ഹൈബ്രിഡ് കഞ്ചാവിന് സിന്തറ്റിക് മയക്കുമരുന്നുകൾക്ക് സമാനമായ വിലയാണ്. രാസലഹരി പോലെ പൂർണമായും കൃത്രിമമായി ഉണ്ടാക്കിയെടുക്കുന്നവയും ഹൈബ്രിഡ് കഞ്ചാവെന്ന പേരിൽ വിൽക്കുന്നതായി വിവരമുണ്ട്. തായ്‌ലാൻഡ്, മലേഷ്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്നാണ് പ്രധാനമായും ഹൈബ്രിഡ് കഞ്ചാവ് കേരളത്തിലടക്കം എത്തുന്നത്.എൻഡിപിഎസ് (നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ട് ഇന്ത്യ 1985) പ്രകാരമാണ് ലഹരിമരുന്ന് ഇടപാട് കേസിൽ സംസ്ഥാന സർക്കാരുകൾ കേസെടുക്കുന്നത്. 2015-ൽ കേന്ദ്രം കൊണ്ടുവന്ന ഭേദഗതി അനുസരിച്ച് ഇത്തരം നിരോധിത മയക്കുമരുന്നുകളുടെ പട്ടികയിൽ ഏതൊക്കെ ഉൾപ്പെടുമെന്ന് എപ്പോൾ വേണമെങ്കിലും ഭേദഗതി ചെയ്യാം. ലഹരിക്കെതിരെ നിലവിലുള്ള കേന്ദ്രനിയമമാണ് സംസ്ഥാനത്തിനും തുടരാനാകുക. പലപ്പോഴും നിയമത്തിലുള്ള പഴുതുകൾ മൂലം ചെറിയശിക്ഷ മാത്രമായോ പ്രതികൾ രക്ഷപ്പെടാനോ കാരണമാകുന്നുണ്ട്.
ശിക്ഷ മയക്കുമരുന്നിന്റെ തൂക്കമനുസരിച്ച്
നർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ട് 1985 (എൻഡിപിഎസ് ആക്ട്) പ്രകാരമുള്ള കേസുകളിൽ ശിക്ഷാനടപടി തീരുമാനിക്കുന്നത് കുറ്റകൃത്യങ്ങളുടെ ഗൗരവം അനുസരിച്ച്. എൻഡിപിഎസ് നിയമപ്രകാരം വധശിക്ഷവരെ ഉണ്ടാകാമെങ്കിലും പിടിച്ചെടുക്കുന്ന മയക്കുമരുന്നിന്റെ തൂക്കമനുസരിച്ചാണ് ശിക്ഷ. മയക്കുമരുന്ന് കൈവശംവയ്‌ക്കൽ, ഉപയോഗം, വിൽപ്പന തുടങ്ങിയവയാണ് ആക്ടനുസരിച്ച് എടുക്കുന്ന കേസുകൾ. കണ്ടെടുക്കുന്ന നിരോധിത മയക്കുമരുന്നിന്റെ തൂക്കമനുസരിച്ച് ജാമ്യത്തിന് സാധ്യതയുണ്ട്.
തൂക്കമനുസരിച്ച് ശിക്ഷകൾ ചെറുത്, ഇടത്തരം, വാണിജ്യം എന്നിങ്ങനെ മൂന്നായി തിരിച്ചിട്ടുണ്ട്. ഉദാഹരണത്തിന് കഞ്ചാവ് ഒരു കിലോയ്ക്ക് താഴെയാണെങ്കിൽ (ചെറുത്) സ്റ്റേഷൻ ജാമ്യം ലഭിക്കും. ശിക്ഷ ഒരുവർഷം തടവും പതിനായിരം രൂപ പിഴയുമാണ്. ഒരുകിലോഗ്രാം മുതൽ 20 കിലോഗ്രാംവരെയാണെങ്കിൽ ഒരു ലക്ഷംരൂപയും പത്ത് വർഷംവരെ കഠിന തടവുമാണ് പിഴ. 20 കിലോയ്ക്ക് മുകളിൽ (വാണിജ്യം) 10 മുതൽ 20 വർഷംവരെ തടവും രണ്ട് ലക്ഷംവരെ പിഴയും ലഭിക്കും. ശിക്ഷയുടെ കാഠിന്യം സംബന്ധിച്ച് കോടതിക്ക് വിവേചനാധികാരമുണ്ട്.
എംഡിഎംഎയുടെ തൂക്കം 0.5 ഗ്രാമിൽ താഴെയാണെങ്കിലും (ചെറുത്) ജാമ്യം ലഭിക്കും. 20 ഗ്രാംവരെ ഇടത്തരം ആയും 20 ഗ്രാമിന് മുകളിൽ വാണിജ്യ വിഭാഗമായും കണക്കാക്കും.









0 comments