സംഗീതജ്ഞൻ ഡോ. എസ് ഹരിഹരൻനായർ അന്തരിച്ചു

ആലുവ
സംഗീതജ്ഞനും കിഴക്കേ കടുങ്ങല്ലൂരിലെ സരിഗ സംഗീത അക്കാദമി സ്ഥാപകനുമായ ചക്കുപറമ്പിൽ ഡോ. എസ് ഹരിഹരൻനായർ (78) അന്തരിച്ചു. സംസ്കാരം വെള്ളി വൈകിട്ട് നാലിന് കിഴക്കേ കടുങ്ങല്ലൂരിലെ വീട്ടുവളപ്പിൽ.
കളമശേരി പ്രീമിയർ ടയേഴ്സിൽ ജോലിയിലിരിക്കെ അപകടത്തിൽ ഇരുകൈകളും നഷ്ടമായ ശേഷമാണ് സംഗീതമേഖലയിൽ നേട്ടങ്ങൾ വെട്ടിപ്പിടിച്ചത്. നന്നായി ഹാർമോണിയം വായിക്കുമായിരുന്ന ഹരിഹരൻ നായർ, കൈകൾ നഷ്ടമായതോടെ കർണാടകസംഗീതത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. മദ്രാസ് മ്യൂസിക് അക്കാദമിയുടെ സംഗീതം ഹയർ പരീക്ഷ പാസായി. കേന്ദ്ര സാംസ്‌കാരികവകുപ്പിന്റെ സീനിയർ ഫെലോഷിപ്, കേരള സംഗീതനാടക അക്കാദമിയുടെ മികച്ച ഗായകനുള്ള അവാർഡ് എന്നിവ നേടി. മ്യൂസിക് തെറാപ്പി സംബന്ധിച്ച പ്രബന്ധത്തിന് ഡോക്ടറേറ്റും ശ്രീലങ്കൻ സാംസ്‌കാരികവകുപ്പിന്റെ ഗാനരത്‌ന ബഹുമതിയും ലഭിച്ചു. കാഞ്ചി കാമകോടി പീഠം ആസ്ഥാനവിദ്വാൻ പദവി നൽകി ആദരിച്ചിരുന്നു.
കർണാടകസംഗീതത്തിൽ രാഗം ചിട്ടപ്പെടുത്തി നിരവധി കൃതികൾ രചിച്ചിട്ടുണ്ട്. നിരവധി ശിഷ്യഗണങ്ങളുമുണ്ട്. ഭാര്യ: നിർമല. മകൻ: ദേവീദാസൻ (ഹ്രസ്വചിത്ര സംവിധായകൻ).









0 comments