സെന്റ് തെരേസാസ് കോളേജ്‌ ശതാബ്ദി ലോഗോ പ്രകാശിപ്പിച്ചു

print edition കേരളത്തിലെ സ്‌ത്രീകൾ മികവിന്റെ 
മാതൃക സൃഷ്ടിച്ചവർ : രാഷ്‌ട്രപതി

Droupadi Murmu
വെബ് ഡെസ്ക്

Published on Oct 25, 2025, 02:45 AM | 1 min read


കൊച്ചി

കേരളത്തിലെ സ്ത്രീകൾ മികവിന്റെ മികച്ച മാതൃകകൾ സൃഷ്ടിച്ചവരാണെന്ന്‌ രാഷ്‌ട്രപതി ദ്ര‍ൗപദി മുർമു. വനിതകൾ നയിക്കുന്ന സമൂഹം കൂടുതൽ കാര്യക്ഷമവും മാനുഷികവുമായിരിക്കുമെന്നും എറണാകുളം സെന്റ് തെരേസാസ് കോളേജിന്റെ ശതാബ്ദി ആഘോഷങ്ങളിൽ വിശിഷ്ടാതിഥിയായി സംസാരിക്കവെ രാഷ്‌ട്രപതി പറഞ്ഞു.

കേരളത്തിൽനിന്നുള്ള വനിതകൾ രാജ്യത്തിന് നേതൃത്വം നൽകിയിട്ടുണ്ട്. ഭരണഘടനാ അസംബ്ലിയിലെ 15 വനിതാ അംഗങ്ങൾ ഇന്ത്യയുടെ ഭരണഘടനാ രൂപീകരണത്തിൽ പങ്കാളിയായി. അവരിൽ അമ്മു സ്വാമിനാഥൻ, ആനി മസ്ക്രീൻ, ദാക്ഷായണി വേലായുധൻ എന്നിവർ കേരളത്തിൽനിന്നുള്ളവരായിരുന്നു. ലിംഗസമത്വത്തിന്റെ വക്താവായി അറിയപ്പെടുന്ന അമ്മു സ്വാമിനാഥൻ മുൻകൂട്ടി കണ്ടതുപോലെ, രാഷ്ട്രനിർമാണ പ്രവർത്തനങ്ങളിൽ ഇന്ത്യയിലെ സ്ത്രീകൾ പ്രധാന ഉത്തരവാദിത്വങ്ങൾ വഹിക്കുന്നുണ്ടെന്നത് സന്തോഷകരമാണ്.


ഇന്ത്യയിൽ ആദ്യമായി ഹൈക്കോടതി ജഡ്ജിയായ വനിത മലയാളിയായ ജസ്റ്റിസ് അന്നാ ചാണ്ടിയായിരുന്നു. 1956ൽ അവർ കേരള ഹൈക്കോടതി ജഡ്ജിയായി.1989ൽ സുപ്രീംകോടതിയിലെ ആദ്യ വനിതാ ജഡ്ജിയായി ജസ്റ്റിസ് എം ഫാത്തിമ ബീവി ചരിത്രംകുറിച്ചു. രാജ്യത്ത് ഏറ്റവും അനുകൂലമായ ലിംഗാനുപാതമുള്ള സംസ്ഥാനമാണ് കേരളം. ഇത് മറ്റ് സംസ്ഥാനങ്ങൾക്ക് അനുകരിക്കാനാകും.​ വികസിതഭാരതം സൃഷ്ടിക്കാൻ 70 ശതമാനം വനിതാ തൊഴിൽശക്തി പങ്കാളിത്തം പ്രധാനമാണ്. സെന്റ്‌ തെരേസാസ് കോളേജ് ഒരു നൂറ്റാണ്ടായി സ്ത്രീകൾക്കിടയിൽ അറിവിന്റെ വെളിച്ചം പരത്തുകയാണെന്നും രാഷ്‌ട്രപതി പറഞ്ഞു.


ശതാബ്ദിലോഗോ രാഷ്ട്രപതി പ്രകാശിപ്പിച്ചു. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, മന്ത്രിമാരായ പി രാജീവ്, വി എൻ വാസവൻ, ഹൈബി ഈഡൻ എംപി, ടി ജെ വിനോദ് എംഎൽഎ, പ്രിൻസിപ്പൽ ഡോ. അനു ജോസഫ്, വരാപ്പുഴ അതിരൂപത സഹായമെത്രാൻ ഡോ. ആന്റണി വാലുങ്കൽ എന്നിവർ പങ്കെടുത്തു.




deshabhimani section

Related News

View More
0 comments
Sort by

Home