print edition ദുരന്തമുഖങ്ങളിൽ രക്ഷാപ്രവർത്തനത്തിന് ഡ്രോണും റോബോട്ടിക് വാഹനവും

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: മനുഷ്യന് എത്തിച്ചേരാനാകാത്ത ദുരന്തമുഖങ്ങളിൽ രക്ഷാപ്രവർത്തനത്തിന് ഡ്രോണും ആധുനിക വാഹനങ്ങളും ഉപകരണങ്ങളും വാങ്ങാനൊരുങ്ങി അഗ്നിരക്ഷാസേന. വെള്ളത്തിനടിയിൽ തിരയാൻ കാമറയുള്ള അണ്ടർവാട്ടർ ഡ്രോൺ, 10 കിലോ ഭാരംവരെ വഹിക്കുന്ന ഡ്രോൺ, തീകെടുത്തുന്നതിനുള്ള റോബോട്ടിക് ഫയർ ഫൈറ്റിങ് എക്യൂപ്മെന്റ് വിത്ത് കാരിയിങ് വെഹിക്കിൾ, ഇടുങ്ങിയ സ്ഥലങ്ങളിൽ ദ്രുതഗതിയിൽ എത്താനുള്ള പ്രത്യേക വാഹനങ്ങൾ എന്നിവയാണ് വാങ്ങുക. കനത്ത തീയും പുകയുമുള്ള സ്ഥലങ്ങളിൽ റോബോട്ടിക് അഗ്നിരക്ഷാ ഉപകരണങ്ങളെ ഉപയോഗിക്കാം. പുറത്തുനിന്ന് നിയന്ത്രിക്കാവുന്ന റോബോട്ടിക് വാഹനത്തിൽ കാമറയും വെള്ളം പമ്പ് ചെയ്യാൻ സംവിധാനങ്ങളുമുണ്ടാകും.
ബഹുനില കെട്ടിടങ്ങളിൽ തീപിടിത്തമുണ്ടാകുമ്പോൾ രക്ഷാപ്രവർത്തനം നടത്താൻ ഏരിയൽ ലാഡർ പ്ലാറ്റ്ഫോം, ഫയർ ഫൈറ്റിങ് ടവർ മോണിറ്റർ എന്നിവയും വാങ്ങും. ടെൻഡർ നടപടി ഉടൻ ആരംഭിക്കും. ജലാശയങ്ങളിൽ രക്ഷാപ്രവർത്തനം നടത്താവുന്ന ബ്രീത്തിങ് അപ്പാരറ്റസ് സെറ്റുകൾ, സ്കൂബാ സെറ്റ് വിത്ത് ഡൈവിങ് സ്യൂട്ട്, സിലിണ്ടറിൽ വായു നിറയ്‌ക്കുന്ന എയർ കംപ്രസറുകൾ എന്നിവയും വാങ്ങും.
അഗ്നിരക്ഷാസേനയെ ആധുനികവൽക്കരിക്കാൻ ഒമ്പത് വർഷത്തിനിടെ 600 കോടിയോളം രൂപയാണ് എൽഡിഎഫ് സർക്കാർ വകയിരുത്തിയത്. ഈ വർഷം 60 കോടിയും 2024 ൽ 51.5 കോടിയും 2023 ൽ 72.5 കോടിയും അനുവദിച്ചു. ദുരന്തനിവാരണ ഫണ്ടായി 2023ൽ 10 കോടി രൂപ അനുവദിച്ചിരുന്നു. രാജ്യത്തെ മികച്ച രക്ഷാസേനകളിൽ ഒന്നായി കേരളഫയർഫോഴ്സ് മാറി. സേനയിലേക്ക് വനിതകൾക്കും നിയമനം നൽകി.









0 comments