ഡ്രോൺ പറത്തി, പിള്ളേര്‌ ഉദ്യോഗസ്ഥരായി

drone training
avatar
വി എസ്‌ വിഷ്‌ണുപ്രസാദ്‌

Published on May 22, 2025, 02:31 AM | 1 min read


പത്തനംതിട്ട

കല്യാണപ്പന്തലിലും സമ്മേളനങ്ങളിലും വമ്പൻ മേളകളിലുമൊക്കെ മൂളിപ്പറന്ന്‌ ആകാശദൃശ്യങ്ങൾ പകർത്തി ‘വൈറൽ’ ആക്കുന്ന ഡ്രോണിനോട്‌ ഒരു സൂപ്പർ സ്‌റ്റാറിനോടെന്നപോലെ ആരാധനയായിരുന്നു അവർക്ക്‌. ആരാധന മൂത്തപ്പോൾ ‘ഡ്രോൺ പറത്തൽ’ പഠിക്കാൻ തീരുമാനിച്ചു. ആത്മാർഥമായി പഠിച്ച്‌, പരീക്ഷാഫലം വരുന്നതിനുമുമ്പേ ക്യാമ്പസ്‌ സെലക്ഷനിലൂടെ ഇന്ത്യയിൽ അറിയപ്പെടുന്ന കമ്പനിയിൽ അഞ്ചക്കശമ്പളത്തിൽ ഉദ്യോഗസ്ഥരാകാനൊരുങ്ങുകയാണ്‌ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നൈപുണി വികസന കേന്ദ്രമായ ആറന്മുള ജിവിഎച്ച്‌എസ്‌എസ്‌ സ്‌കിൽ ഡെവലപ്‌മെന്റ്‌ സെന്ററിലെ ആദ്യ ബാച്ച്‌ വിദ്യാർഥികൾ.


നിർമിതബുദ്ധി കേന്ദ്രീകൃതമായ ജോലികൾക്ക്‌ കേരളത്തിലെ വിദ്യാർഥികളെ പ്രാപ്‌തരാക്കുക എന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പ്‌ നടപ്പാക്കുന്ന നൈപുണി വികസന പരിശീലനത്തിലൂടെയാണ്‌ പത്തനംതിട്ട സ്വദേശികളായ 10 വിദ്യാർഥികൾക്ക്‌ ക്യാമ്പസ്‌ സെലക്ഷൻ ലഭിച്ചത്‌. എസ്‌ സിദ്ധാർഥ്‌, സി അദ്വൈത്‌ (ഇലവുംതിട്ട), ധനുർവേദ്‌ അയ്യർ, ആദർശ്‌ ടി സുരേന്ദ്രൻ (ആറന്മുള), ആരോമൽ (മണ്ണടി), റോബിൻ ഗീവർഗീസ്‌ (കിടങ്ങന്നൂർ), എച്ച്‌ എസ്‌ ആദിത്യൻ (ചെന്നീർക്കര) ബിശാന്ത്‌ (കോഴഞ്ചേരി), അഭിറാം (മല്ലപ്പള്ളി) എന്നിവരാണ്‌ വർക്കല ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ട്രാവൻകൂർ എവിയേഷൻ’ എന്ന സ്ഥാപനത്തിലേക്ക്‌ ‘ഡ്രോൺ സർവീസ്‌ ആൻഡ്‌ ടെക്‌നീഷ്യൻ’ എന്ന തസ്‌തികയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടത്‌. മികച്ച ശമ്പളമാണ്‌ കമ്പനി വാഗ്‌ദാനംചെയ്തത്‌.


കഴിഞ്ഞവർഷമാണ്‌ പൊതുവിദ്യാഭ്യാസ വകുപ്പ്‌ ഓരോജില്ലയിലും ഒന്നുവീതം പുതിയ തലമുറ കോഴ്‌സുകൾക്ക്‌ പരിശീലനം നൽകിത്തുടങ്ങിയത്‌. ആദ്യബാച്ചിൽ പരിശീലനം നേടിയ 350 പേരിൽ 40 ശതമാനത്തോളം വിദ്യാർഥികൾക്കും പരീക്ഷാഫലം വരുന്നതിനുമുമ്പുതന്നെ ക്യാമ്പസ്‌ സെലക്ഷനിലൂടെ തൊഴിൽ ലഭിച്ചതായി പദ്ധതിയുടെ സംസ്ഥാന കോഓർഡിനേറ്റർ ടി വി അനിൽകുമാർ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ എല്ലാ ജില്ലയിലും കൂടുതൽ സെന്ററുകൾ ആരംഭിക്കുകയാണ്‌. സൗജന്യമായി നൽകുന്ന കോഴ്‌സിലൂടെ ഇന്ത്യയ്‌ക്കകത്തും പുറത്തും ജോലി ലഭിക്കാനുള്ള സാധ്യതയാണ്‌ വിദ്യാർഥികൾക്ക്‌ ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home