മുതലപ്പൊഴിയിൽ ഡ്രഡ്ജിങ് വേഗത്തിലാക്കും


സ്വന്തം ലേഖകൻ
Published on May 12, 2025, 12:02 AM | 1 min read
ചിറയിൻകീഴ് : മുതലപ്പൊഴി ചാനലിൽ ചന്ദ്രഗിരി ഡ്രഡ്‌ജറുപയോഗിച്ചുള്ള മണൽ നീക്കം കൂടുതൽ വേഗത്തിലാക്കും. വ്യാഴാഴ്ചമുതൽ ആരംഭിച്ച മണൽ നീക്കം ഡ്രഡ്‌ജറിന്റെ സോയിൽ പൈപ്പുകളും റോപ്പും ഇവയിൽ ഘടിപ്പിക്കുന്ന ഫ്ലോട്ടിങ് സാമഗ്രികളുടെയും ദൗർലഭ്യം കാരണം ഞായറാഴ്ച മുടങ്ങിയിരുന്നു. ഈ സാമഗ്രികൾ കൊച്ചിയിൽനിന്ന് മുതലപ്പൊഴിയിലെത്തിച്ചു.
തിങ്കൾമുതൽ പൂർണതോതിൽ ഡ്രഡ്ജർ പ്രവർത്തിച്ചുതുടങ്ങുമെന്ന് ഹാർബർ എക്‌സിക്യൂട്ടീവ് എൻജിനിയർ ജി എസ് അനിൽകുമാർ പറഞ്ഞു. കണ്ണൂർ അഴീക്കൽ ഹാർബറിൽനിന്നുള്ള മാരിടൈം ബോർഡിന്റെ ഡ്രഡ്‌ജറാണ് മുതലപ്പൊഴിയിലെത്തിച്ചത്. പ്രവർത്തനമില്ലാതെ കിടക്കുകയായിരുന്നതിനാൽ സാങ്കേതിക തകരാറുകൾ നിരവധിയുണ്ടായിരുന്നു. ഇവ പരിഹരിച്ചാണ് യന്ത്രം പ്രവർത്തന സജ്ജമാക്കിയത്.
ഡ്രഡ്‌ജർ പൂർണതോതിൽ പ്രവർത്തന സജ്ജമാകുന്നതോടെ മണിക്കൂറിൽ 400 ക്യൂബിക് മീറ്റർ മണൽ നീക്കാനാകും. നീക്കുന്ന മണൽ താഴമ്പള്ളി ഭാഗത്താണ് നിക്ഷേപിക്കുന്നത്. മുതലപ്പൊഴിയിൽ തൊഴിലാളികളുടെ ആവശ്യപ്രകാരം അധികമായി ഏർപ്പാടാക്കി പ്രവർത്തിച്ചുവരുന്നവ ഉൾപ്പെടെ നിലവിൽ 4 ഹിറ്റാച്ചികളും പ്രവർത്തിക്കും.
ചേറ്റുവ ഹാർബറിൽ നിന്നെത്തിച്ച ശേഷികുറഞ്ഞ ഡ്രഡ്‌ജർ തിരികെ നൽകും. നിലവിലെ കാലാവസ്ഥാ സാഹചര്യത്തിൽ ഇതിന്റെ പ്രവർത്തനം ഫലപ്രദമാകില്ലെന്ന വിലയിരുത്തലിലാണ് നടപടി.
130 മീറ്റർ നീളത്തിലും 70 മീറ്റർ വീതിയിലും 9 മീറ്റർ ആഴത്തിലുമായി ഏകദേശം 2 ലക്ഷത്തിലധികം ക്യൂബിക് മീറ്റർ മണലാണ് അഴിയിൽ അടിഞ്ഞുകൂടിയത്.സ്വ ഇതോടെ അഴിമുഖം പൂർണമായി അടഞ്ഞിരുന്നു. പൊഴി മുറിച്ചാണ് ഒഴുക്ക് ക്രമീകരിച്ചത്.
കാലവർഷത്തിനുമുമ്പ് മണൽ നീക്കി ആവശ്യമായ ആഴം ഉറപ്പാക്കാനാകുമെന്നാണ് പ്രതീക്ഷ.









0 comments