സ്വപ്ന തുറമുഖം യാഥാർത്ഥ്യം; പ്രതിപക്ഷനുണകൾ പൊളിച്ചടുക്കി സോഷ്യൽ മീഡിയ


ശീതൾ എം എ
Published on Apr 29, 2025, 07:12 PM | 2 min read
തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്തിന്റെ കമീഷനിങ്ങ് ചടങ്ങിന് പ്രതിപക്ഷ നേതാവിനെ ഒഴിവാക്കി എന്നൊരു നുണക്കമ്പി പാഞ്ഞു നടക്കുന്നുണ്ട്. പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങിൽ കേന്ദ്ര മന്ത്രി, മുഖ്യമന്ത്രി, ഗവർണർ, മേയർ തുടങ്ങി വിരലിൽ എണ്ണാവുന്നവർ മാത്രമേ ഉൾപ്പെടൂ എന്ന് അറിയാഞ്ഞിട്ടല്ല. എന്നിട്ടും വ്യാജവിവാദങ്ങൾ ഉണ്ടാക്കിയവർ തന്നെ പറയുന്നു സർക്കാറിന്റെ വാർഷിക ആഘോഷത്തിന്റെ ഭാഗമായതിനാലാണത്രെ പ്രതിപക്ഷ നേതാവിനെ വിളിക്കാത്തത്!
അപ്പോൾ പ്രധാനമന്ത്രി വരുന്നത് വാർഷികാഘോഷത്തിനാണോ എന്ന ചോദ്യവും വന്നു. ഈ സർക്കാർ വാർഷികം ആഘോഷിക്കുമ്പോൾ വിഴിഞ്ഞം ഉദ്ഘാടനം ചെയ്താൽ എന്താണ് സർ കുഴപ്പം? ഇത് മുടക്കാൻ കാലാപം അഴിച്ചു വിട്ടവരല്ലേ നിങ്ങൾ? പിണറായി സർക്കാറിന്റെ ഇഛാശക്തി ഒന്നുകൊണ്ടല്ലേ ഈ പദ്ധതി യാഥാർഥ്യമായത്? വഴി മുടക്കികളായിരുന്നില്ലേ നിങ്ങൾ ?
ജീവൻ പോയാലും വിഴിഞ്ഞം പദ്ധതി നടപ്പിലാക്കില്ലെന്ന് സർക്കാരിനെ വെല്ലുവിളിച്ചിരുന്നവരാണ് ഉദ്ഘാടനത്തിന് വിളിച്ചില്ലെന്ന് ആരോപിച്ച് രംഗത്ത് എത്തിയത്. പദ്ധതി മുടക്കികളായ പ്രതിപക്ഷം സ്വപ്നസാക്ഷാത്കാരത്തിന്റെ പങ്കുപറ്റികളാകുന്ന കാഴ്ചയാണ് ഇപ്പോൾ കേരളസമൂഹം കാണുന്നത്.
പ്രതിപക്ഷ ആരോപണം മാധ്യമങ്ങൾ ബ്രേക്കിങ് ന്യൂസാക്കിയപ്പോൾ സംഭവം ചർച്ചയായി. പ്രതിപക്ഷത്തോട് കൂറുള്ള മുഖ്യധാരാ മാധ്യമങ്ങൾ സത്യാവസ്ഥ അന്വേഷിക്കാതെയാണ് വ്യാജ ആരോപണത്തോടൊപ്പം നിന്നത്. എന്നാൽ പ്രതിപക്ഷ നേതാവിനെ ഉദ്ഘാടനത്തിന് ക്ഷണിച്ചുകൊണ്ട് കത്തയച്ചിരുന്നു എന്ന വിവരം പുറത്തറിഞ്ഞ് നിമിഷങ്ങൾക്കകം കത്ത് തനിക്ക് കിട്ടിയെന്ന് വിഡി സതീശൻ സമ്മതിക്കുകയും ചെയ്തു.
വിഎസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ വിഴിഞ്ഞം പദ്ധതി തടഞ്ഞവരാണ് അന്ന് കേന്ദ്രം ഭരിച്ചിരുന്ന കോൺഗ്രസ്. പിന്നീട് കേരളത്തിൽ ഭരണത്തിൽ വന്നിട്ടും വിഴിഞ്ഞം തുറമുഖം നടപ്പിലാക്കുവാൻ കോൺഗ്രസ് പരിശ്രമിച്ചില്ല. വിഴിഞ്ഞം പദ്ധതി മാത്രമല്ല ദേശീയ പാത വികസനം, മലയോര ഹൈവേ, ഗെയ്ൽ പദ്ധതി തുടങ്ങിയ പദ്ധതികളെല്ലാം യുഡിഎഫ് സർക്കാർ നടപ്പിലാക്കാൻ ശ്രമിക്ക കൂടി ചെയ്യാത്തവയാണ്. പിണറായി സർക്കാരിന്റെ വികസന വാഗ്ദാനങ്ങൾ ഓരോന്നായി ലക്ഷ്യം കാണുമ്പോഴും വികസനങ്ങൾ ലോകശ്രദ്ധ നേടുമ്പോഴും സഹിക്കാനാകാതെ വായിൽ തോന്നിയത് വസ്തുത ഇല്ലാതെ പ്രചരിപ്പിക്കുമ്പോൾ, സെക്കണ്ടുകൾകൊണ്ട് അത് സോഷ്യൽ മീഡിയ പൊളിച്ചടുക്കുന്നതും സ്ഥിരം കാഴ്ചയാണ്.
നവകേരള സൃഷ്ടിക്കുവേണ്ടി സംസ്ഥാന സർക്കാർ നിശ്ചയദാർഡ്യത്തോടെ നിലകൊള്ളുമ്പോൾ നിലനിൽപ്പിനായി വ്യാജവിവാദങ്ങളിറക്കുന്ന പ്രതിപക്ഷത്തെ കൃത്യമായി ജനങ്ങൾ വിലയിരുത്തുന്നുണ്ട്. അതിന്റെ തെളിവാണ് നുണപ്രചരണങ്ങൾ പെട്ടെന്ന് തന്നെ തെളിവു സഹിതം തകരുന്നതിന്റെ അടിസ്ഥാനം.









0 comments