'മരണ'ങ്ങളുടെ ഉത്തരം തേടിയ ജീവിതം

എം ജഷീന
Published on Sep 05, 2025, 01:45 AM | 1 min read
കോഴിക്കോട്
ചോദ്യചിഹ്നങ്ങളാകുന്ന ഒട്ടേറെ കേസുകളുടെ ഉത്തരമായി നിറഞ്ഞുനിന്ന ഫോറൻസിക് സർജൻ. സൂക്ഷ്‌മതയും വൈദഗ്‌ധ്യവും ചേർന്ന കൃത്യനിർവഹണ മികവിൽ സൗമ്യയുടേതുൾപ്പെടെ വാർത്തകളിൽ നിറഞ്ഞ ഒട്ടേറെ കൊലപാതകങ്ങൾക്ക് തുന്പ് നൽകിയാണ് ഡോ. ഷെർലി വാസുവിന്റെ മടക്കം. കേരളത്തിലെ ആദ്യ വനിതാ ഫോറൻസിക് സർജനായി സ്‌ത്രീകൾ കടന്നുവരാത്ത മേഖലയിൽ വിജയപാത തീർക്കുക മാത്രമല്ല, ചുരുളഴിയാത്ത കേസുകളിൽ സത്യവും നീതിയും ലഭ്യമാക്കാൻ പോസ്‌റ്റ് മോർട്ടം ടേബിൾ മുതൽ വിട്ടുവീഴ്‌ചയില്ലാതെ സഞ്ചരിച്ചാണ് ഫോറൻസിക് മേഖലയിൽ സ്വന്തം പേര് അടയാളപ്പെടുത്തിയത്.
Dr. Shirly Vasuഷൊർണൂരിലെ സൗമ്യ കൊലപാതക കേസിൽ സൗമ്യ ട്രെയിനിൽനിന്ന് എടുത്ത് ചാടിയതല്ലെന്നും തള്ളിയിട്ടതാണെന്നുമുള്ള നിർണായക കണ്ടെത്തലുകൾ ഉൾപ്പെടുത്തിയ പോസ്‌റ്റ് മോർട്ടം റിപ്പോർട്ടാണ് ഷെർലി തയ്യാറാക്കിയത്. അന്വേഷണത്തെ നിർണയിച്ച പ്രധാന തെളിവായിരുന്നു ഇത്. ഓരോ പരിക്കിനും കൃത്യമായ വിശദീകരണം വച്ചുള്ള റിപ്പോർട്ടാണ് കോടതിയിൽ സമർപ്പിച്ചത്. മാറാട് കൊലക്കേസ്, പൂക്കിപറമ്പ് ബസപകടം, പെരുമൺ ട്രെയിൻ അപകടം തുടങ്ങിയ പ്രധാന സംഭവങ്ങളിൽ പോസ്‌റ്റ് മോർട്ടത്തിന് നേതൃത്വം നൽകി. കാസർകോട് ബോവിക്കാനത്ത് കർണാടകം സ്വദേശി സഫിയയുടെ കൊലപാതകം, ചേകന്നൂർ മൗലവി കേസ് തുടങ്ങിയവയിലെല്ലാം ഷെർലി വാസുവിന്റെ കൈകളെത്തി. സഫിയയുടെ കേസിൽ തെളിവുകൾ തേടി പൊലീസിനൊപ്പം ഗോവയിലെത്തിയാണ് മനസ്സ് മരവിപ്പിക്കുന്ന കൊലപാതകത്തിന്റെ ചുരുളഴിച്ചത്.
30 വർഷത്തിലേറെ നീണ്ട ഒൗദ്യോഗിക ജീവിതത്തിനിടെ 30,000 ത്തോളം മൃതദേഹങ്ങളാണ് പരിശോധിച്ചത്. വാഹനാപകടങ്ങൾ, കൊലപാതകം, മുങ്ങിമരണം, ആത്മഹത്യ തുടങ്ങി അസ‍്വാഭാവികമായ മരണങ്ങളുടെ ചുരുളഴിക്കാൻ നടത്തിയ തൊഴിൽ മികവിന് അംഗീകാരവും തേടിയെത്തി.
2017ൽ കേരള സർക്കാരിന്റെ സംസ്ഥാന വനിതാ രത്നം പുരസ്‌കാരമായ ജസ്റ്റിസ് ഫാത്തിമ ബീവി അവാർഡ് ലഭിച്ചു. 1996-ൽ ലോകാരോഗ്യ സംഘടനയുടെ ഫെലോഷിപ്പിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേർക്കുള്ള അതിക്രമം, ഭീകരാക്രമണങ്ങളിലെ പരിക്കുകൾ ഇവയിൽ ഇംഗ്ലണ്ടിൽ ഉപരിപഠനം നടത്തിയിരുന്നു.









0 comments