റെക്കോഡ് വേഗത്തിൽ ഒന്നാം സെമസ്റ്റർ ഫലങ്ങൾ; ഉന്നതവിദ്യാഭ്യാസ പരിഷ്കാരങ്ങൾക്കുള്ള കിരീടം: ഡോ. ആർ ബിന്ദു

minister r bindu

ഫയൽ ചിത്രം

വെബ് ഡെസ്ക്

Published on Dec 30, 2024, 06:49 PM | 2 min read

തിരുവനന്തപുരം > സംസ്ഥാനത്തെ എല്ലാ മുൻനിര സർവ്വകലാശാലകളും സർക്കാർ നിർദ്ദേശിച്ച സമയക്രമത്തിനും മുമ്പേ ഒന്നാം സെമസ്റ്റർ ബിരുദഫലം പ്രഖ്യാപിച്ചത് കേരളത്തിന്റെ ഉജ്ജ്വലമായ ഉന്നതവിദ്യാഭ്യാസ പരിഷ്കരണക്കുതിപ്പിന് സുവർണ്ണ കിരീടം ചാർത്തി നൽകുന്ന നേട്ടമെന്ന് മന്ത്രി ഡോ. ആർ ബിന്ദു. പരീക്ഷയെഴുതി ഫലത്തിനായി മാസങ്ങൾ കാത്തിരിക്കുന്ന കാലം അവസാനിച്ചിരിക്കുകയാണെന്നും- മന്ത്രി പറഞ്ഞു.

അത്യത്ഭുതവേഗത്തിലാണ് കാലിക്കറ്റ് അടക്കമുള്ള സർവ്വകലാശാലകൾ നാലുവർഷ ബിരുദ പരീക്ഷയുടെ ഒന്നാം സെമസ്റ്റർ ഫലങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. പരീക്ഷ കഴിഞ്ഞ് ഏറ്റവും ചുരുക്കം ദിവസങ്ങളിൽ ഒന്നാം സെമസ്റ്റർ ഫലം പ്രസിദ്ധപ്പെടുത്തി റെക്കോഡിട്ടിരിക്കുകയാണ് കാലിക്കറ്റിലെ ഫലം കൂടി പുറത്തുവന്നതോടെ നമ്മുടെ സർവ്വകലാശാലകൾ. ഏറ്റവുമധികം വിദ്യാർഥികൾ പരീക്ഷയെഴുതുന്ന (അമ്പത്തെട്ടായിരം) സർവ്വകലാശാലയെന്ന നിലയിൽ കാലിക്കറ്റിന്റെ ഫലപ്രഖ്യാപനത്തിന് സവിശേഷമായ മികവുണ്ടെന്ന് മന്ത്രി പറഞ്ഞു. ഡിസംബർ അഞ്ചിന് പരീക്ഷകൾ പൂർത്തിയാക്കി ഇരുപത്തഞ്ച് ദിവസം കൊണ്ടാണ് കാലിക്കറ്റ് ഫലം പ്രഖ്യാപിച്ചിരിക്കുന്നത്.

പ്രാക്ടിക്കൽ പരീക്ഷ കഴിഞ്ഞ് രണ്ടുദിവസംകൊണ്ടാണ് ഇരുപത്തിനാലായിരത്തോളം കുട്ടികൾ പരീക്ഷയെഴുതിയ കേരള സർവ്വകലാശാല ഫലം പ്രസിദ്ധപ്പെടുത്തിയത്. പതിനേഴായിരം പരീക്ഷാർത്ഥികളുണ്ടായ എം ജി അഞ്ചു ദിവസം കൊണ്ട് ഫലം പ്രഖ്യാപിച്ചു. പന്ത്രണ്ട് ദിവസം കൊണ്ടായിരുന്നു കണ്ണൂർ സർവ്വകലാശാലയുടെ ഫലപ്രഖ്യാപനം. കെ - റീപ് നടപ്പിലാക്കിയ കണ്ണൂർ സർവ്വകലാശാല ഫലപ്രഖ്യാപനത്തോടൊപ്പം വിദ്യാർത്ഥികളുടെ ലോഗിനിൽ മാർക്ക് ലിസ്റ്റ് ലഭ്യമാക്കുക കൂടി ചെയ്ത് കൂടുതൽ മികവുകാട്ടി.

ഉന്നതവിദ്യാഭ്യാസ സമഗ്രപരിഷ്കരണ കമ്മീഷനുകളിലെ പ്രധാന കമ്മീഷനായ പരീക്ഷാ പരിഷ്കരണ കമ്മീഷന്റെ സുപ്രധാന നിർദ്ദേശമാണ് ഇതുവഴി ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നേതൃപങ്കോടെ സാക്ഷാത്കരിക്കാൻ സാധിച്ചിരിക്കുന്നത്. ഇതിനായി പുറത്തിറക്കിയ ഏകീകൃത അക്കാദമിക് കലണ്ടർ പ്രകാരം മുപ്പതു ദിവസത്തിനകം ഫലപ്രഖ്യാപനം നടന്നിരിക്കണമെന്ന് മന്ത്രിയെന്ന നിലയിൽ പ്രത്യേകം നിർദ്ദേശിച്ചു. അതുൾപ്പെടെ സർക്കാരിന്റെ ഭാവനാത്മകമായ ആസൂത്രണങ്ങളെയും പരീക്ഷകളും ഫലങ്ങളും അതിവേഗതയിൽ പൂർത്തിയാക്കാനുള്ള നിർദ്ദേശങ്ങളെയും അക്ഷരാർത്ഥത്തിൽ ഉൾക്കൊണ്ട് സർവ്വകലാശാലാ സമൂഹം വിജയത്തിലെത്തിച്ചിരിക്കുകയാണെന്ന്‌ - മന്ത്രി ഡോ. ബിന്ദു ചൂണ്ടിക്കാട്ടി.

ഈ വിജയത്തിന് സർവ്വകലാശാലാ സമൂഹത്തെയാകെ മന്ത്രി ഡോ. ബിന്ദു അഭിവാദനം ചെയ്തു. ഇതിനായി എത്രയും ഉയർന്നു പ്രവർത്തിച്ച സർവ്വകലാശാലാ ജീവനക്കാരെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു. കോളേജ് തലത്തിൽ പരീക്ഷ നടത്തി മൂല്യനിർണ്ണയം പൂർത്തിയാക്കി കൃത്യതയോടെ മാർക്കുകൾ ലഭ്യമാക്കുന്നതിൽ വിവിധ കോളേജ് നേതൃത്വങ്ങളും അദ്ധ്യാപക -അനദ്ധ്യാപക ജീവനക്കാരും സർവ്വകലാശാലകൾക്ക് നൽകിയ പിന്തുണയ്ക്കും മന്ത്രി സ്നേഹാശ്ലേഷങ്ങൾ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home