print edition സസ്പെന്‍ഷന്‍ പിന്‍വലിക്കേണ്ടിവരുമെന്ന് ഭയം ; സിന്‍ഡിക്കറ്റ് യോഗം റദ്ദാക്കി വിസി

തിരുവനന്തപുരം
കേരള സര്‍വകലാശാല രജിസ്ട്രാറുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കേണ്ടിവരുമെന്ന് പേടിച്ച് സിന്‍ഡിക്കറ്റ് യോഗം റദ്ദാക്കി താല്‍ക്കാലിക വൈസ് ചാന്‍സലര്‍. ചൊവ്വാഴ്ച സിന്‍ഡിക്കറ്റ് യോഗം ചേര്‍ന്നാല്‍ നവംബര്‍ ഒന്നിലെ മിനുട്സ് അംഗീകരിക്കേണ്ടി വരുമെന്നതിനാലാണ് യോഗം അകാരണമായി പിന്‍വലിച്ചത്.
തിങ്കളാഴ്ച വൈകിട്ടാണ് സിന്‍ഡിക്കറ്റ് അംഗങ്ങള്‍ക്ക് യോഗം റദ്ദാക്കുന്നതായി സന്ദേശം ലഭിച്ചത്. എന്നാൽ കാരണം അറിയിച്ചില്ല. അന്നുതന്നെ, താല്‍ക്കാലിക വിസി ഡോ. മോഹനന്‍ കുന്നുമ്മലിന് സര്‍വകലാശാലയില്‍ സുരക്ഷയില്ലെന്ന് അറിയിച്ച് "സ്പോണ്‍സേര്‍ഡ് പിആര്‍' പത്രക്കുറിപ്പ് ഇറക്കി.
സസ്പെന്‍ഷന്‍ വിഷയത്തിൽ സിൻഡിക്കറ്റ് വ്യവഹാരങ്ങളുടെ രേഖകളുമായി രജിസ്ട്രാർ നേരിട്ടെത്താന്‍ ഹൈക്കോടതി കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. സുരക്ഷയില്ലെന്ന് കാണിച്ച് ഗവര്‍ണര്‍ക്ക് കത്തുനല്‍കിയ കുന്നുമ്മലിന്റെ നടപടിക്കെതിരെ അധ്യാപകരും വിദ്യാര്‍ഥികളും പ്രതിഷേധവുമായെത്തി. ഇത്തരം നടപടികള്‍ തുടര്‍ന്നാല്‍ സമരം ആരംഭിക്കുമെന്ന് എകെപിസിടിഎയും അറിയിച്ചു.
നവംബര്‍ ഒന്നിനുചേര്‍ന്ന സിന്‍ഡിക്കറ്റ് യോഗത്തില്‍ പ്രധാന അജണ്ട രജിസ്ട്രാര്‍ ഡോ. കെ എസ് അനില്‍കുമാറിന്റെ സസ്പെന്‍ഷന്‍ വിഷയമായിരുന്നു. 23ല്‍ 19 അംഗങ്ങളും സസ്പെന്‍ഷന്‍ റദ്ദാക്കല്‍ അംഗീകരിച്ചു. എന്നാല്‍, കുന്നുമ്മല്‍ മിനുട്സ് ഒപ്പിടാതെ യോഗത്തില്‍നിന്ന് ഇറങ്ങി. പിഎച്ച്ഡി, 357 അധ്യാപകരുടെ പ്രൊമോഷന്‍, സാമ്പത്തിക വിഷയങ്ങള്‍ തുടങ്ങിയവയൊന്നും അവതരിപ്പിച്ചില്ല. ഇതിനുപിന്നാലെ 18ന് സിന്‍ഡിക്കറ്റ് യോഗം ചേരുമെന്ന അറിയിപ്പ് നല്‍കുകയായിരുന്നു. ഇതാണ് പിൻവലിച്ചത്.








0 comments