ഡോ. എം അനിരുദ്ധൻ പ്രവാസി സംഘടനാ സംസ്കാരത്തിന് തുടക്കമിട്ട വ്യക്തി: പി ശ്രീരാമകൃഷ്ണൻ

M ANIRUDHAN
വെബ് ഡെസ്ക്

Published on Jul 18, 2025, 04:56 PM | 1 min read

തിരുവനന്തപുരം: നോർക്ക റൂട്ട്‌സ് ഡയറക്ടറും ലോക കേരള സഭ അംഗവും വ്യവസായിയും ശാസ്ത്ര ഗവേഷകനുമായിരുന്ന ഡോ. എം അനിരുദ്ധന്റെ നിര്യാണത്തിൽ നോർക്ക റൂട്ട്സ് ജീവനക്കാർ അനുശോചിച്ചു. വടക്കേ അമേരിക്കയിലെ മലയാളികളുടെ സംഘടനയായ ഫൊക്കാനയുടെ പ്രഥമ പ്രസിഡന്റുമായിരുന്നു ഡോ. എം അനിരുദ്ധൻ. നോർക്ക സെന്ററിൽ നടന്ന അനുശോചന യോഗത്തിൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരി അനുശോചന പ്രമേയം വായിച്ചു. അധ്യാപകനായും ശാസ്ത്ര ഗവേഷകനായും സംരംഭകനായും സംഘാടകനായും അദ്ദേഹത്തിന് ഒരു പോലെ ശോഭിക്കാനായെന്ന് നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ അനുസ്മരിച്ചു.


അമേരിക്കയിലെ പ്രവാസി കേരളീയർക്കിടയിൽ സംഘടനാ സംസ്കാരം വളർത്തുന്നതിൽ നേതൃത്വപരമായ പങ്കാണ് 1983ൽ ഫൊക്കാനയ്ക്ക് രൂപം നൽകിയതിലൂടെ ഡോ. എം. അനിരുദ്ധൻ നടത്തിയത്. അന്നത്തെ സാഹചര്യത്തിൽ അസാധ്യമെന്ന് കരുതിയിടത്താണ് അദ്ദേഹം വിജയിച്ചതും പിന്നീട് പ്രവാസികേരളീയർക്കാകെ പ്രചോദനമായതും. കേരളത്തിന്റെ എല്ലാ ആവശ്യങ്ങൾക്കുമൊപ്പം ഒരു അംബാസിഡറെ പോലെ നിശബ്ദനായി അദ്ദേഹം പ്രവർത്തിച്ചു. നേതൃസ്ഥാനത്ത് നിൽക്കുമ്പോഴും എപ്പോഴും തിരശ്ശീലയ്ക്കു പിറകിൽ നിശബ്ദനായി നിൽക്കാനായിരുന്നു അദ്ദേഹം ഇഷ്ടപ്പട്ടിരുന്നതെന്നും ഡോ. എം അനിരുദ്ധന്റെ സ്മരണകൾക്കു മുന്നിൽ ആദരമർപ്പിച്ച് പി ശ്രീരാമകൃഷ്ണൻ ഓർമ്മിച്ചു. അദ്ദേഹത്തിന്റെ കുടുംബാഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദുഖത്തിൽ പങ്കുചേരുന്നതായും പി ശ്രീരാമകൃഷ്ണൻ പറഞ്ഞു.


അമേരിക്കയിൽ ടെക്സാസ് യൂണിവേഴ്സിറ്റിയിൽ നിന്നും ന്യൂക്ലിയർ കെമിസ്ട്രി, ന്യൂട്രിഷ്യൻ മേഖലകളിലാണ് അദ്ദേഹത്തിന് പി എച്ച് ഡി ലഭിച്ചിട്ടുളത്. സ്പോർട്സ് ന്യൂട്രീഷ്യൻ മേഖലയിലെ നിരവധി സംഭാവനകൾ നൽകിയ വ്യക്തിത്വമായിരുന്നു ഡോ. എം. അനിരുദ്ധനെന്ന് അജിത് കോളശ്ശേരി അനുസ്മരിച്ചു. ബഹുമുഖ മേഖലകളിൽ പ്രതിഭ തെളിയിച്ച അദ്ദേഹം എന്നും ഒരു ചെറു പുഞ്ചിരിയോടെ സൗമ്യമായിട്ടാണ് ഏവരോടും ഇടപെട്ടിരുന്നതെന്നും അദ്ദേഹം ഓർമ്മിച്ചു. അനുശോചന യോഗത്തിൽ നോർക്ക സെന്ററിലെ നോർക്ക റൂട്ട്സ് ലോക കേരള സഭ ജീവനക്കാരും മറ്റ് സെന്ററുകളിലെ ജീവനക്കാർ ഓൺലൈനായും സംബന്ധിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home