സ്ത്രീധന പരാതികൾ : പരാതിക്കാരിയുടെ താമസസ്ഥലത്തുള്ള കോടതിക്ക‍് കേസെടുക്കാം

കൊച്ചി : സ്ത്രീധന കെെമാറ്റവും പീഡനവും സംബന്ധിച്ചുള്ള കേസുകൾ പരാതിക്കാരി എവിടെയാണോ താമസിക്കുന്നത് ആ പ്രദേശത്തെ മജിസ്ട്രേറ്റ് കോടതികളിൽ നൽകാമെന്ന് ഹെെക്കോടതി. വിവാഹവും സ്ത്രീധന കൈമാറ്റവും നടന്നിടത്തുള്ള മജിസ്ട്രേറ്റിന് മാത്രമല്ല, പരാതിക്കാരി നിലവിൽ താൽക്കാലികമായി താമസിക്കുന്ന സ്ഥലത്തുള്ള മജിസ്ട്രേറ്റിനും നടപടിയെടുക്കാൻ ബാധ്യതയുണ്ടെന്ന് ജസ്റ്റിസ് ജി ഗിരീഷ് ഉത്തരവായി.
വിവാഹബന്ധം തകർന്നതിനാൽ സ്ത്രീധനമായി കൈമാറിയിരുന്ന സ്വർണം തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പരാതി മാവേലിക്കര കോടതി തള്ളിയതിനെതിരെ തിരുവല്ല സ്വദേശിയായ യുവതി നൽകിയ ഹർജിയാണ് പരിഗണിച്ചത്.
യുവതിയെ വടക്കൻ പറവൂരിലുള്ള യുവാവാണ് വിവാഹം ചെയ്തിരുന്നത്. വിവാഹസമയത്ത് 150 പവൻ സ്വർണ്ണം സ്ത്രീധനമായി ആവശ്യപ്പെടുകയും അത് ഭർത്താവിൻ്റെ വീട്ടിൽവെച്ച് കൈമാറുകയും ചെയ്തിരുന്നതായി ഹർജിയിൽ പറയുന്നു. വിവഹ ബന്ധം ഉലഞ്ഞതിനെ തുടർന്നുള്ള മാനസിക സമ്മർദ്ദം കാരണം യുവതി മാവേലിക്കരയിലെ ബന്ധുവീട്ടിലേക്ക് താമസം മാറ്റിയിരുന്നു. അതിനാലാണ് സ്ത്രീധനമായി നൽകിയ സ്വർണം തിരികെ ലഭിക്കുവാനായി അവിടുത്തെ കോടതിയെ സമീപിച്ചത്. എന്നാൽ ആരോപിക്കുന്ന കുറ്റം നടന്നത് മറ്റിടങ്ങളിലാണെന്ന് ചൂണ്ടിക്കാട്ടി മാവേലിക്കര മജിസ്ട്രേറ്റ് കേസ് മടക്കുകയായിരുന്നു. ഇതിനെതിരെയാണ് ഹൈക്കോടതിയെ സമീപിച്ചത്.
മാനസിക സമ്മർദ്ദം കാരണമാണ് ബന്ധുവീട്ടിൽ താമസിക്കുന്നതെന്ന ഹർജിക്കാരുടെ വാദം കണക്കിലെടുത്ത ഹൈക്കോടതി, മജിസ്ട്രേറ്റിൻ്റെ ഉത്തരവ് റദ്ദാക്കി. ഹർജി വീണ്ടും പരിഗണിച്ച് തീരുമാനമെടുക്കാൻ മജിസ്ട്രേറ്റിനോട് നിർദ്ദേശിച്ചു. ഹർജിക്കാരിക്ക് വേണ്ടി അഭിഭാഷകരായ ആർ പത്മകുമാർ, പി എസ് നിഷിൽ എന്നിവർ ഹാജരായി.









0 comments