സ്ത്രീധനം നൽകുന്നവരെ കുറ്റക്കാരാക്കരുത് : ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജി

കൊച്ചി
സ്ത്രീധന നിരോധന നിയമത്തിലെ- വകുപ്പ്–മൂന്ന് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാൽപ്പര്യ ഹർജിയിൽ ഹൈക്കോടതി കേന്ദ്ര–--സംസ്ഥാന സർക്കാരുകളുടെ വിശദീകരണംതേടി. സ്ത്രീധനം വാങ്ങുന്നവർക്കുപുറമെ നൽകുന്നവരെയും കുറ്റക്കാരായി കണക്കാക്കുന്ന ഈ വകുപ്പുമൂലം ഇതുമായി ബന്ധപ്പെട്ട് പീഡനപരാതി നൽകാൻ വധുവിന്റെ വീട്ടുകാർക്ക് കഴിയുന്നില്ലെന്ന് ഹർജിയിൽ പറയുന്നു.
എറണാകുളം സ്വദേശി ടെൽമി ജോളിയാണ് ഹർജി നൽകിയത്. സ്ത്രീധന പീഡനത്തെത്തുടർന്നുള്ള മരണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ നൽകിയ ഹർജി ചീഫ് ജസ്റ്റിസ് നിതിൻ എം ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് പരിഗണിച്ചത്. വിവാഹസമയത്ത് വധുവിന്റെ വീട്ടുകാർ കൈമാറുന്ന സമ്മാനങ്ങളടക്കമുള്ള സ്വത്തുവിവരങ്ങൾ രേഖപ്പെടുത്തിവയ്‌ക്കാനുള്ള ചട്ടങ്ങൾക്കായി നിർദേശിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
സ്ത്രീധനം നൽകുന്നവരെയും കുറ്റക്കാരായി കണക്കാക്കുന്നത് നിലവിലെ സാമൂഹിക യാഥാർഥ്യങ്ങൾ മനസ്സിലാക്കാതെയാണ്. വധുവിന്റെ മാതാപിതാക്കൾക്കോ ബന്ധുക്കൾക്കോ ഇതുകാരണം പരാതി നൽകാനാകുന്നില്ല. ഇതുമൂലം സ്ത്രീധന നിരോധന നിയമം കാര്യക്ഷമമായി നടപ്പാക്കാനാകുന്നില്ലെന്നും ഹർജിയിൽ പറയുന്നു. ഏഴിന് വീണ്ടും പരിഗണിക്കും.









0 comments