അഞ്ചുവർഷം കൊണ്ട് ഇന്ത്യയ്ക്കുണ്ടായത് പുരോഗതിയോ അധോഗതിയോ എന്ന് സംശയം: ടൊവിനോ തോമസ്

കൊച്ചി : കഴിഞ്ഞ അഞ്ചാറു വർഷങ്ങൾ കൊണ്ട് ഇന്ത്യയ്ക്കുണ്ടായത് പുരോഗതിയാണോ അധോഗതിയാണോ എന്ന കാര്യത്തിൽ സംശയമുണ്ടെന്ന് നടൻ ടൊവിനോ തോമസ്. ടൊവിനോ നിർമിച്ച് ബേസിൽ ജോസഫ് നായകനായി പുറത്തിറങ്ങിയ പുതിയ ചിത്രം മരണമാസിന്റെ പ്രസ് മീറ്റിൽ സംസാരിക്കുകയായിരുന്നു താരം. സിനിമയുടെ കാസ്റ്റിൽ ട്രാൻസ്ജെൻഡർ വ്യക്തി ഉണ്ടെന്നു കാണിച്ച് ചിത്രം സൗദിയിലും കുവൈറ്റിലും നിരോധിച്ചിരുന്നു. കുവൈറ്റിൽ സിനിമയിലെ ആദ്യപകുതിയിലെയും രണ്ടാംപകുതിയിലെയും ചില രംഗങ്ങൾ നീക്കംചെയ്യേണ്ടിവന്നിട്ടുണ്ടെന്ന് റിലീസിന് മുന്നോടിയായി അണിയറ പ്രവർത്തകർ തന്നെ അറിയിച്ചിരുന്നു. ഇതിനെപ്പറ്റിയുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ടൊവിനോ.
മറ്റ് രാജ്യങ്ങളിൽ അവിടങ്ങളിലെ നിയമം അനുസരിച്ചാണ് കാര്യങ്ങൾ. നമ്മുടെ രാജ്യമാണെങ്കിൽ ഈ വിഷയത്തിൽ ഫൈറ്റ് ചെയ്യാമായിരുന്നു. എന്നാൽ സൗദിയിലും കുവൈത്തിലുമൊക്കെ നിയമം വേറെയാണ്. തത്കാലം ഒന്നുംചെയ്യാൻ പറ്റാത്ത അവസ്ഥയാണ്. പക്ഷേ ഒരുപാട് സ്ഥലങ്ങളിൽ സിനിമ റിലീസ് ചെയ്യാൻ പറ്റി. അവിടങ്ങളിൽ നല്ല അഭിപ്രായവും ലഭിക്കുന്നുണ്ട്. ഓരോ രാജ്യങ്ങളുടെയും നിയമത്തെ അംഗീകരിക്കേണ്ടി വരും- ടൊവിനോ പറഞ്ഞു.
സൗദിയിൽ മാറ്റങ്ങൾ ഉണ്ടാകുന്നുണ്ട്. 2019-ൽ പോയപ്പോൾ കണ്ടിട്ടുള്ള സൗദിയല്ല 2023ൽ പോയപ്പോൾ കണ്ടത്. അതിന് അതിന്റേതായ സമയം കൊടുക്കൂ. അവർ അവരുടേതായ ഭേദഗതികൾ വരുത്തുന്നുണ്ട്. എന്നാൽ ഇന്ത്യ 2019ൽ ഉണ്ടായിരുന്നതിനേക്കാൾ പ്രോഗ്രസീവായാണോ, റിഗ്രസീവായിട്ടാണോ മാറിയിരിക്കുന്നത് എന്നുള്ളത് വലിയ ചോദ്യമാണ്. കഴിഞ്ഞ അഞ്ചാറുവർഷംകൊണ്ട് പുരോഗതിയാണോ അധോഗതിയാണോ ഉണ്ടാക്കിയിരിക്കുന്നത് എന്നതിൽ എനിക്ക് സംശയമുണ്ടെന്നും ടൊവിനോ കൂട്ടിച്ചേർത്തു.









0 comments