അഞ്ചുവർഷത്തിനിടെ ഗാർഹിക പീഡനക്കേസുകളിൽ ഇരട്ടി വർധന

കോഴിക്കോട്
നിയമങ്ങളുടെയും വേഗത്തിലുള്ള നടപടികളുടെയും പിൻബലത്തിൽ അക്രമികളെ സമൂഹത്തിനുമുമ്പിൽ ചൂണ്ടിക്കാണിച്ച് അതിജീവിതകൾ. അഞ്ച് വർഷത്തിനിടെ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത ഗാർഹിക പീഡനക്കേസുകളിൽ ഇരട്ടിയോളം വർധന. 2020ൽ 2707 കേസുകളായിരുന്നത് 2024ൽ 4515 ആയി. ഈ വർഷം ജൂൺ വരെ 2178 കേസുകൾ രജിസ്റ്റർ ചെയ്തു. 2021ൽ 4997, 2022 – 4998, 2023 – 4710 എന്നിങ്ങനെയാണ് കേസുകൾ.
അതേസമയം, സ്ത്രീകൾക്കെതിരായ അതിക്രമത്തിൽ ആറുമാസത്തിനിടെ മാത്രം 9647 കേസുകൾ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തു. ഓരോ ദിവസവും ശരാശരി 53 കേസ്. 2134 ലൈംഗിക പീഡനക്കേസുകളും 1491 എണ്ണം ബലാത്സംഗക്കേസുകളുമാണ്.
സ്ത്രീകൾക്കെതിരായ അതിക്രമത്തിന് 2024ൽ 18,887ഉം 2023ൽ 18,980, 2022ൽ 18,943, 2021ൽ 16,199 എന്നിങ്ങനെയാണ് കേസെടുത്തത്. 2020ൽ 12,659 കേസായിരുന്നു. സ്‌ത്രീധനവുമായി ബന്ധപ്പെട്ട് ആറുമാസത്തിനിടെ നാല് മരണങ്ങളും റിപ്പോർട്ട് ചെയ്തു.









0 comments