കരുത്തും പ്രതീക്ഷയുമാകണം 
നിയമവും കുടുംബവും

Domestic Violence and dowry cases
avatar
ഗയ പുത്തലത്ത്‌

Published on Aug 07, 2025, 02:27 AM | 2 min read

സ്ത്രീധന നിരോധന നിയമപ്രകാരം 
സ്ത്രീധനം ചോദിക്കുകയോ വാങ്ങുകയോ 
ചെയ്താൽ കുറഞ്ഞത് അഞ്ചുവർഷം 
എങ്കിലും ജയിൽശിക്ഷ അനുഭവിക്കാൻ 
നിയമമുള്ളപ്പോഴാണ്‌ ഇപ്പോഴും 
സ്‌ത്രീധനത്തിന്റെ പേരിലുള്ള 
ആത്മഹത്യയും കൊലപാതകവും


മുത്തോലി പഞ്ചായത്ത് മുൻ പ്രസിഡന്റും ഹൈക്കോടതി അഭിഭാഷകയുമായിരുന്ന ജിസ്‌മോൾ തോമസ്‌, അഞ്ചും രണ്ടും വയസ്സുള്ള രണ്ട്‌ പെൺമക്കൾക്കൊപ്പം പുഴയിൽചാടി മരിച്ചിട്ട്‌ നാലുമാസമേ അയിട്ടുള്ളൂ. ജിസ്‌മോൾ കടുത്ത ശാരീരിക പീഡനമേറ്റിരുന്നുവെന്നാണ്‌ ഫൊറൻസിക്‌ റിപ്പോർട്ട്‌. ഭർതൃവീട്ടിൽ കടുത്ത മാനസിക പീഡനം അനുഭവിച്ചിരുന്നതായാണ്‌ സാക്ഷിമൊഴികൾ.


ഉയർന്ന വിദ്യാഭ്യാസവും തൊഴിലും ഉണ്ടായിട്ടും സ്‌ത്രീധന പീഡന, ഗാർഹിക പീഡനക്കുരുക്കിൽനിന്ന്‌ രക്ഷനേടാൻ ജിസ്‌മോൾക്ക്‌ കഴിഞ്ഞില്ല. പ്രശ്‌നങ്ങളുണ്ടായാലും സഹിച്ചുകഴിയാൻ പെൺകുട്ടികളെ നിർബന്ധിക്കുന്ന സമൂഹ വ്യവസ്ഥിതിയോട്‌ പൊരുതിനിൽക്കാൻ ഉയർന്ന വിദ്യാഭ്യാസവും തൊഴിൽ മികവും പോരാതെവരുന്നു. നിയമങ്ങൾ കർശനമാക്കുന്നതിനപ്പുറം ഗാർഹിക ഘടനയും വിവാഹ സമ്പ്രദായവും വിമർശനവിധേയമാക്കേണ്ടതിലേക്കാണ്‌ സ്ത്രീധനത്തിന്റെ പേരിൽ ആവർത്തിക്കുന്ന കൊലപാതകങ്ങളും ആത്മഹത്യകളും വിരൽചൂണ്ടുന്നത്‌.


കരട്‌ നിയമഭേദഗതിക്കൊരുങ്ങി സർക്കാർ

രാജ്യത്ത് ഏറ്റവും കൂടുതൽ സ്ത്രീധന വിവാഹം നടക്കുന്നത് കേരളത്തിലാണെന്നാണ്‌ കണക്കുകൾ പറയുന്നത്‌. സ്ത്രീകൾ ഭർതൃവീടുകളിൽ നേരിടുന്ന പീഡനങ്ങളും ആത്മഹത്യകളും കൊലപാതകങ്ങളും ദിവസംപ്രതി വർധിക്കുന്നു.

ഇന്ത്യൻ പാർലമെന്റ് 1961-ൽ പാസാക്കിയ സ്ത്രീധന നിരോധന നിയമപ്രകാരം, സ്ത്രീധനം ചോദിച്ചാലോ വാങ്ങിയാലോ കുറഞ്ഞത് അഞ്ചുവർഷമെങ്കിലും ജയിൽശിക്ഷയ്‌ക്ക്‌ നിയമമുള്ളപ്പോഴാണ്‌ സ്‌ത്രീധന പീഡനവും ആത്മഹത്യയും കൊലപാതകവും വർധിക്കുന്നത്‌. സ്ത്രീധനവുമായി ബന്ധപ്പെട്ട കുറ്റകൃത്യം വർധിച്ചപ്പോൾ ഇന്ത്യൻ ശിക്ഷാനിയമത്തിൽ ഐപിസി 498 (എ) വകുപ്പ്‌ 1983ൽ കൂട്ടിച്ചേർത്തു. സ്ത്രീക്ക് ഭർത്താവിൽനിന്നോ ഭർതൃബന്ധുക്കളിൽനിന്നോ നേരിടേണ്ടിവരുന്ന അതിക്രമവും മാനസിക പീഡനങ്ങളും തടയാൻ ലക്ഷ്യമിട്ടുള്ളതായിരുന്നു ഭേദഗതി.


സ്‌ത്രീധന നിരോധന നിയമപ്രകാരം പെൺവീട്ടുകാരും കുറ്റക്കാരാകുന്നതിനാൽ പലരും കേസിനും നിയമനടപടിക്കും തയ്യാറാകാത്ത സാഹചര്യമാണുള്ളത്‌. ഈ സാഹചര്യത്തിൽ കരട്‌ നിയമഭേദഗതിക്ക്‌ ഒരുങ്ങുകയാണ്‌ സംസ്ഥാന സർക്കാർ. ഭേദഗതി നിർദേശങ്ങളടങ്ങിയ റിപ്പോർട്ട്‌ നിയമ പരിഷ്കരണ കമീഷൻ നിയമവകുപ്പുമന്ത്രി പി രാജീവിന്‌ കൈമാറിക്കഴിഞ്ഞു.



തുല്യതാ ബോധവൽക്കരണം 
അത്യാവശ്യം

സ്‌ത്രീധനം കൊടുക്കുന്നത്‌ കുറ്റമല്ലെന്നുവരുമ്പോൾ സ്‌ത്രീകൾ കൂടുതൽ പരാതികളുമായി മുന്നോട്ടുവരുമെന്നാണ്‌ പ്രതീക്ഷ. എന്നാൽ, നിയമം ശക്തിപ്പെടുത്തിയതുമാത്രം പരിഹാരം കണ്ടെത്താനാകില്ല. സ്‌ത്രീവിരുദ്ധത തുടച്ചുമാറ്റാൻ കുടുംബങ്ങളിൽത്തന്നെ സ്‌ത്രീ–പുരുഷ തുല്യതാ ചിന്തയുണ്ടാകണം. അതിനായുള്ള പ്രക്ഷോഭങ്ങളും രാഷ്‌ട്രീയ സമരങ്ങളും ബോധവൽക്കരണവും ഉണ്ടാകണം. സ്‌ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയാനും ബോധവൽക്കരണത്തിനുമായി ഗാർഹികാതിക്രമ പ്രതിരോധ സമിതി സംസ്ഥാനതലത്തിലും ജില്ലാ അടിസ്ഥാനത്തിലും രൂപീകരിച്ചുകൊണ്ടിരിക്കുകയാണ്‌. അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്റെയും മറ്റ്‌ മഹിളാ സംഘടനകളുടെയും വിവിധ സ്‌ത്രീ കൂട്ടായ്മകളുടെയും നേതൃത്വത്തിലാണ്‌ ഈ പ്രവർത്തനങ്ങൾ.
അഡ്വ. പിഎം ആതിര (ഗാർഹിക അതിക്രമ പ്രതിരോധ സമിതി കോഴിക്കോട് ജില്ല കൺവീനർ)



deshabhimani section

Related News

View More
0 comments
Sort by

Home