പ്രഥമ ശുശ്രൂഷയും വാക്‌സിനേഷനും പാഠപുസ്‌തകത്തിൽ
തെരുവുനായയിൽ നിന്ന് കുട്ടികൾക്ക് കരുതലൊരുക്കി പാഠ്യപദ്ധതി


റഷീദ് ആനപ്പുറം
Published on May 20, 2025, 01:23 PM | 1 min read
അഞ്ച് മുതൽ പത്തുവരെ ക്ലാസിലെ പുതുക്കിയ ഹെൽത്ത് ആന്റ് ഫിസിക്കൽ എജുക്കേഷൻ പാഠപുസ്‌തകത്തിലാണ് തെരുവ് നായക്കൾ, പേവിഷം, വാക്‌സിൻ എന്നിവയുമായി ബന്ധപ്പെട്ട ഭാഗം ഉൾപ്പെടുത്തിയത്.
തിരുവനന്തപുരം: തെരുവ് നായ്‌ക്കളുടെ ആക്രമണത്തിൽനിന്നും പേവിഷ ബാധയിൽനിന്നും കുട്ടികൾക്ക് കരുതലൊരുക്കി പുതിയ പാഠ്യപദ്ധതി. അഞ്ച് മുതൽ പത്തുവരെ ക്ലാസിലെ പുതുക്കിയ ഹെൽത്ത് ആന്റ് ഫിസിക്കൽ എജുക്കേഷൻ പാഠപുസ്‌തകത്തിലാണ് തെരുവ് നായ്‌ക്കൾ, പേവിഷം, വാക്‌സിൻ എന്നിവയുമായി ബന്ധപ്പെട്ട ഭാഗം ഉൾപ്പെടുത്തിയത്. അധ്യാപകർക്കും ഇതേ കുറിച്ച് പരിശീലനം നൽകുന്നുണ്ട്. മൃഗസംരക്ഷണ വകുപ്പിന്റെ സഹായത്തോടെയാണ് ഈ പാഠഭാഗം തയ്യാറാക്കിയത്.
തെരുവ് നായ്‌ക്കളുടെ ഉപദ്രവത്തിന് കൂടുതൽ ഇരയാകുന്നത് കുട്ടികൾ ആണ്. പേവിഷബാധയേറ്റ് മരണത്തിന് വിധേയരാകുന്നതും കുട്ടികളാണ്. നായ്‌ക്കളുടെ കടിയേറ്റാൽ സ്വീകരിക്കേണ്ട പ്രാഥമിക കാര്യങ്ങളിൽ അറിവില്ലായ്‌മയാണ് ഇതിന് പ്രധാന കാരണം. വാക്‌സിൻ എടുക്കാൻ ചിലർ മടി കാണിക്കാറുമുണ്ട്. അതിനാൽ ഇതേ കുറിച്ച് കുട്ടികളിൽ അവബോധമുണ്ടാക്കാനാണ് നായ്‌ക്കളുടെ കടിയേറ്റാലുള്ള പ്രഥമ ശുശ്രുഷ, വാക്‌സിനേഷൻ തുടങ്ങിയവ സ്‌കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയത്.
ഹെൽത്ത് ആന്റ് ഫിസിക്കൽ എജുക്കേഷൻ പുസ്‌തകത്തിൽ സേഫ്‌റ്റി ആന്റ് സെക്യൂരിറ്റി വിഭാഗത്തിലാണ് ഇവ പഠിപ്പിക്കുക. നായയെകണ്ട് ഭയന്ന് ഓടി പിന്നീട് ലോകത്തെ ഏറ്റവും വേഗമേറിയ ഓട്ടക്കാരനായ ഉസൈൻ ബോൾട്ടിന്റെ കഥ പറഞ്ഞാണ് ആറാം ക്ലാസിൽ തെരുവുനായ്‌ക്കളെ കുറിച്ച് പഠിപ്പിക്കുന്നത്. ഏറെ ചിന്തിപ്പിക്കുന്ന തരത്തിലാണ് ഈ പാഠഭാഗം തയ്യാറാക്കിയതെന്ന് റിസർച്ച് ഓഫീസർ ഡോ പി ടി പി അജീഷ് പറഞ്ഞു.
തെരുവ് നായക്കളുടെ വാക്‌സിനേഷൻ, വന്ധ്യംകരണം എന്നിവക്കായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയാണ് ഈ വിഷയം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ എസ്‌സിഇആർടിക്ക് നിവേദനം നൽകിയത്. തുടർന്ന് എസ്‌സിഇആർടി മൃഗസംരക്ഷണ വകുപ്പിന്റെ സഹായം തേടി. അവർ തയ്യാറാക്കിയ മൊഡ്യൂൾ പ്രകാരമാണ് വിവരങ്ങൾ പാഠപുസ്‌തകത്തിൽ ഉൾപ്പെടുത്തിയതെന്ന് എസ്‌സിഇആർടി ഡയറക്ടർ ഡോ. ആർ കെ ജയപ്രകാശ് പറഞ്ഞു.









0 comments