വിവരാവകാശ നിയമത്തെ ദുര്‍ബലപ്പെടുത്താന്‍ അനുവദിക്കരുത്: ഡോ. എ അബ്ദുള്‍ ഹക്കിം

കല്‍പ്പറ്റ: വിവരാവകാശ നിയമത്തെ ദുര്‍ബലപ്പെടുത്താന്‍ പല നിലക്കും ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും അതനുവദിക്കരുതെന്നും സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ ഡോ. എ അബ്ദുല്‍ ഹക്കിം . സംസ്ഥാന വിവരാവകാശ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ കല്‍പ്പറ്റ താലൂക്കിലെ അപ്പ്‌ലറ്റ് അതോറിറ്റി, എസ് പി ഐ ഒ ഉദ്യോഗസ്ഥര്‍ക്ക് പുത്തൂര്‍ വയല്‍ എം എസ് സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ ഹാളില്‍ സംഘടിപ്പിച്ച ഏകദിന ശില്‍പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തിന്റെ അഞ്ചാം സ്തംഭവും നെടുന്തൂണുമായി വളര്‍ന്നുവന്ന ഈ നിയമത്തെ ഏതുവിധേനയും സംരക്ഷിക്കാന്‍ ഉദ്യോഗസ്ഥരും സാമൂഹ്യ പ്രവര്‍ത്തകരും ജാഗ്രത പുലര്‍ത്തണം. അഴിമതിക്കാര്‍ക്ക് ചൂട്ടുപിടിക്കുന്ന ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം ആര്‍ടിഐ നിയമത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും കമിഷണര്‍ പറഞ്ഞു.
അഴിമതിയും സ്വജന പക്ഷപാതവും മായവും ചതിയും വഞ്ചനയുമെല്ലാം സമൂഹത്തെ വരിഞ്ഞുമുറുക്കിയിരിക്കുന്നു. ഇക്കാലത്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജനങ്ങളോട് സത്യം വിളിച്ചു പറയണം. ഔദ്യോഗിക രഹസ്യ നിയമത്തിനുമേല്‍ വിവരാവകാശ നിയമം ആധിപത്യം സ്ഥാപിച്ചുകഴിഞ്ഞതിനാല്‍ സത്യപ്രതിജ്ഞകള്‍പോലും സുതാര്യതാ സംരക്ഷണ പ്രതിജ്ഞകളാകണം. ജനാധിപത്യത്തിലെ ദുര്‍ബലന്റെ നീതിയുടെ പടവാളാണ് ആര്‍ടിഐ നിയമമെന്നും അതിന്‍െ കാവല്‍ക്കാരായി ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കണമെന്നും ഹക്കിം അഭ്യര്‍ത്ഥിച്ചു. മേലുദ്യോഗസ്ഥരുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി വിവരം നിഷേധിക്കുന്നവരും ഫയല്‍ കാണുന്നില്ല, വിവരം ലഭ്യമല്ല എന്ന് മറുപടി നല്‍കുന്നവരും വിവരാവകാശനിയമ പ്രകാരമുള്ള നടപടി നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.









0 comments