ദിയ കൃഷ്ണയുടെ കടയിൽ നിന്നും പണം തട്ടിയ കേസ്: ജീവനക്കാരുടെ മുൻകൂർ ജാമ്യഹർജി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: നടനും ബിജെപി നേതാവുമായ കെ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതികളായ മൂന്ന് ജീവനക്കാരുടെ മുൻകൂർ ജാമ്യഹർജി ഇന്ന് പരിഗണിക്കും. ജീവനക്കാർ തട്ടിപ്പ് നടത്തിയതായി വ്യക്തമായ രേഖകൾ ലഭിച്ചതായി ക്രൈം ബ്രാഞ്ച് കോടതിയിൽ അറിയിച്ചു. ജീവനക്കാർ അന്വേഷണത്തിൽ സഹകരിക്കുന്നില്ലെന്നും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നുമാണ് ക്രൈം ബ്രാഞ്ചിന്റെ ആവശ്യം. എട്ട് ലക്ഷം രൂപ വാങ്ങിയ ശേഷം തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയതായി ജീവനക്കാരും പരാതി നൽകിയിട്ടുണ്ട്. ഈ കേസിലെ ദിയ കൃഷ്ണയുടെ ജാമ്യ ഹർജിയും ഇന്ന് പരിഗണിക്കും.
ആഭരണക്കടയിലെത്തിയിരുന്ന പണം മൂന്ന് ജീവനക്കാരികൾ ചേർന്ന് ക്യൂആർ കോഡിൽ കൃത്രിമം കാട്ടി സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതായാണ് പ്രധാന കേസ്. ഇത്തരത്തിൽ 60 ലക്ഷത്തിലേറെ രൂപ തട്ടിച്ചതിനുള്ള തെളിവുകളുമായാണ് കൃഷ്ണകുമാറും ദിയയും പരാതി നൽകിയത്. ഓ ബൈ ഓസി എന്ന സ്ഥാപനത്തിലെ വിനീത, ദിവ്യ, രാധാകുമാരി എന്നീ മൂന്ന് ജീവനക്കാരികൾക്കെതിരെയാണ് പരാതി. എന്നാൽ കൃഷ്ണകുമാറും മകളും ചേർന്ന് തങ്ങളെ തട്ടിക്കൊണ്ടുപോയി പണം തട്ടിയെടുക്കുകയായിരുന്നുവെന്നാരോപിച്ച് ജീവനക്കാരികളും മ്യൂസിയം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇരുവരും മുഖ്യമന്ത്രിക്കും പരാതി നൽകി.
അന്വേഷണം നടത്തിയിരുന്ന മ്യൂസിയം പൊലീസിന് ക്രമസമാധാന ചുമതലകൾ ധാരാളമുള്ളതിനാൽ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് സിറ്റി പൊലീസ് കമീഷണർ റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജൂൺ 11ന് അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് വിട്ടുകൊണ്ട് പൊലീസ് മേധാവി ഉത്തരവിട്ടിരുന്നു. ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി പൃഥ്വിരാജിന്റെ നേതൃത്വത്തിലാണ് അന്വേഷണം.









0 comments