അനധികൃത സ്വത്തുസമ്പാദനം: പൊലീസുകാരനെതിരെ വിജിലൻസ് കേസ്

കൊച്ചി: വരവിൽ കവിഞ്ഞ സ്വത്തുസമ്പാദനത്തിന് സീനിയർ സിവിൽ പൊലീസ് ഓഫീസർക്കെതിരെ വിജിലൻസ് കേസെടുത്തു. കോട്ടയം വാഴൂർ ചാമംപതാൽ ആനിക്കാട്ടുപറമ്പിൽ കെ പി ഷിമാലിന് (43) എതിരെയാണ് എറണാകുളം വിജിലൻസ് ആൻഡ് ആന്റി കറപ്‌ഷൻ ബ്യൂറോ സ്‌പെഷ്യൽ സെൽ കേസെടുത്തത്.
ഇടുക്കി ഉപ്പുതറ സ്‌റ്റേഷനിൽ എസ്‌സിപിഒയായിരുന്ന ഷിമാൽ, നിലവിൽ വാഴൂർ ഗവ. പ്രസിൽ സുരക്ഷാവിഭാഗത്തിൽ ഡെപ്യൂട്ടേഷനിലാണ്. ഉപ്പുതറ സ്‌റ്റേഷനിൽ ജോലിയിലിരിക്കെ, വിജിലൻസ് നടത്തിയ പ്രാഥമികാന്വേഷണത്തിൽ 29.26 ലക്ഷം രൂപയുടെ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായി കണ്ടെത്തിയിരുന്നു. വ്യാഴാഴ്‌ച ഷിമാലിന്റെ വീട്ടിലും സ്ഥാപനങ്ങളിലും വിഎസിബി എറണാകുളം സ്‌പെഷ്യൽ സെൽ ഡെപ്യൂട്ടി സൂപ്രണ്ട് എ എൽ യേശുദാസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ വിവിധ രേഖകളടക്കം പിടിച്ചെടുത്തു. കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് വിജിലൻസ് അറിയിച്ചു.









0 comments