ദുരന്തനിവാരണം: വയനാട്ടിൽ 5 ഹെലിപാഡ് നിർമിക്കും


അജ്‌നാസ് അഹമ്മദ്
Published on Mar 24, 2025, 12:00 AM | 2 min read
കൽപ്പറ്റ: മുണ്ടക്കൈ–-ചൂരൽമല ഉരുൾപൊട്ടൽ പശ്ചാത്തലത്തിൽ ജില്ലയിൽ അഞ്ച് ഹെലിപാഡിന് ഭരണാനുമതി. പ്രകൃതി ദുരന്തമുണ്ടായാൽ ജില്ല ഒറ്റപ്പെടാതിരിക്കലാണ് ലക്ഷ്യം. അഞ്ചിടങ്ങളിലായുള്ള പ്രവൃത്തിക്ക് ഒമ്പതു കോടി രൂപ സർക്കാർ അനുവദിച്ചു. കൽപ്പറ്റ എസ്‌കെഎംജെ സ്‌കൂളിലെ താൽക്കാലിക ഹെലിപാഡും ബത്തേരി സെന്റ്‌മേരീസ് കോളേജ് ഗ്രൗണ്ടുമാണ് നിലവിൽ ദുരന്തനിവാരണത്തിന് ഉപയോഗിക്കുന്നത്. പുതിയ ഹെലിപാഡുകൾ സജ്ജമാകുന്നതോടെ ദുരന്തസമയത്ത് റോഡ് ഗതാഗതം മുടങ്ങിയാലും ജില്ല ഒറ്റപ്പെടില്ല.
റവന്യു വകുപ്പിന്റെ കൈവശമുള്ള ബത്തേരി സെന്റ് മേരീസ് കോളേജിനോട് ചേർന്ന ഭൂമി, മാനന്തവാടി തവിഞ്ഞാൽ മുനീശ്വരൻകുന്ന്, മുള്ളൻകൊല്ലി കൊളവള്ളി എന്നിവിടങ്ങളിലും അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രത്തിന്റെയും പടിഞ്ഞാറത്തറ ബാണാസുര സാഗർ അണക്കെട്ടിന്റെയും ഭൂമിയിലാണ് ഹെലിപാഡ് നിർമിക്കുക.
ഓരോ കേന്ദ്രത്തിലും 65 മുതൽ 75 വരെ ഏക്കർ വിനിയോഗിക്കും. റോഡ് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യം ഉറപ്പാക്കും. പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കിയ എസ്റ്റിമേറ്റിനാണ് ഭരണാനുമതിയായത്. അട്ടമലയിലെ സ്വകാര്യ ഭൂമി ഏറ്റെടുത്ത് ചൂരൽമലയ്‌ക്ക് തൊട്ടടുത്ത് ഹെലിപാഡ് നിർമിക്കാനും ശ്രമം നടക്കുന്നുണ്ട്.
വയനാട്ടിൽ പുതിയ 3 അഗ്നിരക്ഷാ കേന്ദ്രം
ദുരന്തനിവാരണത്തിൽ സ്വയം പര്യാപ്‌തമാക്കാനായി മൂന്ന് അഗ്നിരക്ഷാ കേന്ദ്രങ്ങൾകൂടി വയനാടിൽ സ്ഥാപിക്കും. വൈത്തിരി, പനമരം, തൊണ്ടർനാട് പഞ്ചായത്തുകളിലാണ് കേന്ദ്രം. ഇതിനായി 21 കോടി രൂപയുടെ പദ്ധതി പൊതുമരാമത്ത് കെട്ടിട വിഭാഗം സർക്കാരിന് സമർപ്പിച്ചു. വൈത്തിരി, പനമരം എന്നിവിടങ്ങളിൽ ഏഴു കോടിരൂപ വിനിയോഗിച്ച് പ്രവൃത്തി ആരംഭിക്കാൻ ഭരണാനുമതിയായി. മൂന്നു കോടിരൂപ കെട്ടിടത്തിനും നാലു കോടിരൂപ ഉപകരണം സജ്ജമാക്കുന്നതിനും വിനിയോഗിക്കും. ആധുനിക സംവിധാനങ്ങളോടെ രണ്ടു നിലകളിലായാണ് കെട്ടിടം.
കൽപ്പറ്റ, ബത്തേരി, മാനന്തവാടി എന്നിവിടങ്ങളിൽ നിലവിൽ അഗ്നിരക്ഷാ കേന്ദ്രങ്ങളുണ്ട്. മുണ്ടക്കൈ–- ചൂരൽമല ദുരന്തം ഉൾപ്പെടെയുള്ള അടിയന്തര സാഹചര്യത്തിൽ മറ്റു ജില്ലകളെ ആശ്രയിക്കേണ്ടി വന്നിരുന്നു. ഇതിന് പരിഹാരമായാണ് പദ്ധതി നടപ്പാക്കുന്നത്. പുൽപ്പള്ളിയിലും പുതിയ യൂണിറ്റ് ആരംഭിക്കാൻ ആലോചനയുണ്ട്. മാനന്തവാടിയിലെ കേന്ദ്രം പുതിയ കെട്ടിടത്തിലേക്ക് മാറ്റാനും ജില്ലാ ദുരന്തനിവാരണ അതോറിറ്റി നിർദേശം നൽകി. പദ്ധതി യാഥാർഥ്യമാകുമ്പോൾ ജില്ലയിലെ അഗ്നിരക്ഷാ കേന്ദ്രങ്ങളുടെ എണ്ണം ഏഴാകും.
വയനാട്ടിൽ 8 ദുരിതാശ്വാസ ഷെൽട്ടർ
താൽക്കാലിക ദുരിതാശ്വാസ ക്യാമ്പുകൾക്ക് ബദലായി വയനാട്ടിൽ എട്ട് സ്ഥിരം ഷെൽട്ടറുകൾ നിർമിക്കാൻ ഭരണാനുമതി. ഒരു ഷെൽട്ടറിന് 3.5 കോടിരൂപ വീതം 28 കോടിരൂപ സർക്കാർ അനുവദിച്ചു. 7541.41 ചതുരശ്ര അടിയിൽ റെസ്റ്റ് ഹൗസുകൾക്ക് സമാനമായ സൗകര്യം ഒരുക്കും. മേപ്പാടി, മൂപ്പൈനാട്, പനമരം, പടിഞ്ഞാറത്തറ, കോട്ടത്തറ, തരിയോട്, മുള്ളൻകൊല്ലി, തവിഞ്ഞാൽ പഞ്ചായത്തുകളിലാണ് ഷെൽട്ടർ ഉയരുക. മുണ്ടക്കൈ–-ചൂരൽമല ഉരുൾപൊട്ടൽ പശ്ചാത്തലത്തിലാണ് പ്രത്യേക പദ്ധതി.
പ്രകൃതിദുരന്ത സാധ്യതയുള്ള ജനവാസ കേന്ദ്രങ്ങളിൽ കഴിയുന്നവരെ കാലവർഷത്തിൽ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി പാർപ്പിക്കലാണ് ലക്ഷ്യം. സ്‌കൂളുകളെ ആശ്രയിച്ചാണ് നിലവിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നത്. ദുരിതബാധിതരെ മാറ്റിപാർപ്പിക്കാത്ത സമയത്ത് ഷെൽട്ടറുകൾ റസ്റ്റ് ഹൗസുകളാക്കും. ഇതിലൂടെ വിനോദസഞ്ചാര സീസണിൽ വരുമാനം ലഭിക്കും. തദ്ദേശ സ്ഥാപനങ്ങൾക്കായിരിക്കും ഈ വരുമാനം. പൊതുമരാമത്ത് കെട്ടിട വിഭാഗം തയ്യാറാക്കിയ എസ്റ്റിമേറ്റിനാണ് ഭരണാനുമതി ആയത്.









0 comments