ഷർഷാദിന്റെ നാടകങ്ങൾക്ക് പിന്നിൽ കുടുംബവഴക്ക്; പാർടിക്കെതിരെ പറഞ്ഞാൽ മാധ്യമങ്ങൾ വീട്ടുപടിക്കൽ വരുമെന്ന് ആരോ ഉപ​ദേശിച്ചു: രത്തീന

Sharshad Ratheena

ഷർഷാദ്, രത്തീന പി ടി

വെബ് ഡെസ്ക്

Published on Aug 18, 2025, 06:48 PM | 2 min read

തിരുവനന്തപുരം: സിപിഐ എം നേതാക്കളുടെ പേരിൽ 'കത്ത് വിവാദം' സൃഷ്ടിക്കുന്നതിനെതിരെ, സിനിമാ സംവിധായകയും ആരോപണമുന്നയിച്ച ഷർഷാദിന്റെ മുൻ ജീവിത പങ്കാളിയുമായ രത്തീന പി ടി. ഇപ്പോൾ പുറത്തുവരുന്ന വാർത്തകളെല്ലാം താനും ഷർഷാദും തമ്മിലുള്ള കുടുംബ വഴക്കും, വ്യക്തി വൈരാഗ്യവുമായി ബന്ധപ്പെട്ടുള്ളതാണെന്ന് രത്തീന വ്യക്തമാക്കി. ഷർഷാദിന്റെ പീഡനം സഹിക്ക വയ്യാതെയാണ് വിവാഹമോചനം നേടിയത്. തനിക്കെതിരെ നിരന്തരം അപവാദ പ്രചരണവും ഭീഷണിയും നടത്തിയിട്ടുണ്ട്. താൻ സംവിധാനം ചെയ്ത 'പുഴു' സിനിമ ഇറങ്ങിയപ്പോൾ മമ്മൂട്ടിയെ അവഹേളിച്ച് ഒരു യൂടൂബ് ചാനലിന് അഭിമുഖവും കൊടുത്തു. അന്നൊന്നും ഷർഷാദ് പറഞ്ഞത് മാധ്യമങ്ങൾ ഏറ്റെടുത്തില്ല. എം വി ​ഗോവിന്ദനെയോ അദ്ദേഹത്തിന്റെ മകനെയോ തനിക്ക് പരിചയമില്ല. സിപിഐ എമ്മിനെതിരെ പറഞ്ഞാൽ മാധ്യമങ്ങൾ വീട്ടുപടിക്കൽ വരുമെന്ന് ആരോ ഉപ​ദേശിച്ച ബുദ്ധിയിലാകാം ഇപ്പോഴത്തെ നാടകമെന്നും രത്തീന ഫേസ്ബുക്ക് കുറിപ്പിൽ‌ പറഞ്ഞു.


ഗാർഹിക പീഡനത്തിൽ കോടതി ശിക്ഷിച്ച പ്രതിയാണ് മാധ്യമങ്ങൾ 'വ്യവസായി 'എന്ന് വിശേഷിപ്പിക്കുന്ന ഷർഷാദ്. നിരന്തരമായ, ശാരീരിക മാനസിക, സാമ്പത്തിക പീഡനത്തെ തുടർന്നാണ് ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. തന്റെ പിതാവിനെ ഗ്യാരന്റർ ആക്കി ഷർഷാദ് ലോൺ എടുത്ത് തുക അടയ്ക്കാതെ കബളിപ്പിച്ചു. 2.65 കോടി രൂപയാണ് അടയ്ക്കാനുണ്ടായത്. ഗ്യാരന്റർ തന്റെ പിതാവായതിനാൽ കുടുംബ വീട് ജപ്തി നടപടിയിലേക്ക് എത്തി. അങ്ങനെയാണ് ഡോ.ടി എം തോമസ് ഐസകിനെ കണ്ട് വിഷയം പറയുന്നത്. തുടർന്ന് ജപ്തി നടപടികൾ തൽകാലം നിർത്തി, തനിക്ക് കുറച്ചു സമയം സാവകാശം ലഭിച്ചു. എന്നിട്ടും ഷർഷാദ് തുക ബാങ്കിൽ അടച്ചില്ല. സമ്മർദത്തിലായെന്ന് കണ്ടപ്പോൾ തനിക്കെതിരെ അധിക്ഷേപ പ്രചാരണം നടത്തി. തന്റെ സിനിമ പൊളിക്കാനും, അവിഹിത കഥകൾ സൃഷ്ടിക്കാനും ഷർഷാദ് ശ്രമിച്ചു. പണമടച്ചു ജപ്തി ഒഴിവാക്കിയപ്പോൾ ആ ബാങ്കിനെതിരെ ഷർഷാദ് പരാതി കൊടുത്തു. കേസ് പിൻവലിച്ച് പറയുന്നത് അനുസരിച്ചില്ലെങ്കിൽ വർ​ഗീയ കലാപമുണ്ടാക്കുമെന്ന് ഷർഷാദ് ഭീഷണിപ്പെടുത്തിയെന്നും രത്തീന പറഞ്ഞു.


​ഗാർഹിക പീഡന പരാതിയിൽ 2024 നവംബർ 29ന് തനിക്ക് അനുകൂലമായി വിധി വന്നു. 2 കോടി 20 ലക്ഷം രൂപ ആറ് മാസത്തിനകം തിരിച്ചുനൽകാൻ ഉത്തരവായി. തനിക്കോ ബന്ധുക്കൾക്കോ കൂടെ ജോലി ചെയ്യുന്നവർക്ക് എതിരെയോ ഒരു തരത്തിലും മോശമായ പരാമർശങ്ങൾ ഉണ്ടാവരുതെന്നും കോടതി നിർദ്ദേശിച്ചു. എന്നാൽ അതൊന്നും ഷർഷാദ് പാലിച്ചില്ല. കുടുംബകോടതിയിൽ കൊടുത്ത കേസിലും നവംബറിൽ ഡിവോഴ്സ് അനുവദിച്ച് വിധിവന്നു. കുട്ടികളുടെ സമ്പൂർണ കസ്റ്റഡിയും അനുവദിച്ചു തന്നു. എന്നാൽ കുട്ടികൾക്ക് അവകാശപ്പെട്ട ജീവനാംശം പോലും കൊടുക്കാൻ ഷർഷാദ് തയ്യാറായിട്ടില്ല. ഇയാൾ നിരവധി പേരെ സാമ്പത്തികമായി കബളിപ്പിച്ചിട്ടുണ്ട്. തനിക്ക് നേരെ ഷർഷാദ് നടത്തിയ ഭീഷണി സന്ദേശങ്ങളടക്കം കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്നും രത്തീന പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Home