റിയൽ കേരള സ്റ്റോറി നായകന് കേരളത്തിന്റെ ആദരം ; മന്ത്രിയുടെ സമ്മാനമായി സ്‌മാർട്ട് ഫോൺ

പെരുമ്പാവൂർ
മന്ത്രി എം ബി രാജേഷിനെ കാത്തിരിക്കുകയായിരുന്നു എം എ അബ്ദുള്ള മൗലവി ബാഖവി. കണ്ടതും സന്തോഷമായി. ‘ലോകപ്രശസ്‌തനായല്ലോ’ എന്നുകൂടി കേട്ടപ്പോൾ ആഹ്ലാദത്തിനൊപ്പം അഭിമാനവും മുഖത്ത് വിരിഞ്ഞു. എന്തെല്ലാം പഠിച്ചുവെന്ന മന്ത്രിയുടെ ചോദ്യം കേട്ടതോടെ, സ്മാർട്ട് ഫോണിൽ യൂട്യൂബ് പേജെടുത്തു. പിന്നാലെ ഷാർജയിൽ ജോലി ചെയ്യുന്ന ചെറുമകൻ ഷാക്കിർ അലിയെ വാട്സാപ് കോൾ വിളിച്ച് സംസാരിച്ചു. പഠനം എളുപ്പമായിരുന്നോ എന്ന ചോദ്യത്തിന്, വളരെ ഇൗസിയെന്നായിരുന്നു മറുപടി.
105–ാംവയസ്സിൽ ഡിജിറ്റൽ സാക്ഷരത നേടിയ അബ്ദുള്ള മൗലവി ബാഖവിയുടെ മിടുമിടുക്കിന് കൈയോടെ മന്ത്രി പുത്തൻ സ്‌മാർട്ട് ഫോൺ സമ്മാനവും നൽകി. സിം ഇട്ടശേഷം തന്നെ ആദ്യം വിളിക്കണമെന്നു പറഞ്ഞ മന്ത്രി, 21ന് തിരുവനന്തപുരത്ത് നടക്കുന്ന സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ പ്രഖ്യാപനച്ചടങ്ങിലേക്ക് ക്ഷണിക്കുകയും ചെയ്‌തു.
നാടിന്റെ യഥാർഥ കേരള സ്റ്റോറിയുടെ നായകൻ അബ്ദുള്ള മൗലവി ബാഖവിയാണെന്ന് മന്ത്രി പറഞ്ഞു. നാടിന്റെ അഭിമാനമാണ് ഇദ്ദേഹം. സമ്പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിക്കുന്ന രാജ്യത്തെ ആദ്യസംസ്ഥാനമായി കേരളം മാറുമ്പോൾ, ആ മാറ്റത്തിന്റെ ചരിത്രനായകനായി മാറുകയാണ് അബ്ദുള്ള മൗലവി ബാഖവി. പ്രായം ഒന്നിനും തടസ്സമല്ലെന്ന് തെളിയിച്ചു. ഇൗ പ്രായത്തിൽ ഡിജിറ്റൽ സാക്ഷരരാക്കാൻ കഴിഞ്ഞത് കേരളത്തിന്റെ നേട്ടമാണെന്നും മന്ത്രി പറഞ്ഞു. കായംകുളത്ത് ജോലി ചെയ്യുന്ന മകന് ഓടക്കാലിയിലേക്ക് സ്ഥലംമാറ്റം അനുവദിക്കണമെന്ന ബാഖവിയുടെ അഭ്യർഥനയ്‌ക്ക്, ശ്രമിക്കാമെന്ന് മന്ത്രി മറുപടി നൽകി. സെൽഫിയെടുത്തും ചായകുടിച്ചും അരമണിക്കൂർ ചെലവഴിച്ചാണ് മന്ത്രി മടങ്ങിയത്. സംസ്ഥാന സർക്കാരിന്റെ ഡിജി കേരളം പദ്ധതിയിലൂടെയാണ് അബ്ദുള്ള മൗലവി ഡിജിറ്റൽ സാക്ഷരത നേടിയത്.









0 comments