ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ്; അക്കൗണ്ട് വില്‍പ്പന നടത്തിയ 3 പേര്‍ അറസ്റ്റില്‍

എൻ പി ഷിബിലി, മനോജ്, അജ്മൽ
മലപ്പുറം: ഡിജിറ്റൽ അറസ്റ്റ്ചെയ്തെന്ന് ഭീഷണിപ്പെടുത്തി എടപ്പാൾ സ്വദേശിനിയുടെ 93 ലക്ഷം രൂപ തട്ടിയ കേസിൽ ബാങ്ക് അക്കൗണ്ടുകൾ വിൽപ്പന നടത്തിയ മൂന്നുപേരെ മലപ്പുറം സൈബർ പൊലീസ് അറസ്റ്റ്ചെയ്തു. കൊണ്ടോട്ടി കോട്ടപ്പറമ്പ് വീട്ടിൽ അജ്മൽ കുമ്മാളിൽ (41), തൃപ്പനച്ചി കണ്ടമങ്ങലത്ത് വീട്ടിൽ മനോജ് (42), അരീക്കോട് നടലത്തുപറമ്പ് വീട്ടിൽ എൻ പി ഷിബിലി (44) എന്നിവരാണ് അറസ്റ്റിലായത്. മുംബൈ പൊലീസെന്ന പേരിലാണ് എടപ്പാൾ സ്വദേശിനിയെ പ്രതികൾ ഫോൺ വിളിച്ചത്. ഇവർക്കെതിരെ മുംബൈ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസിൽനിന്ന് ഒഴിവാക്കാൻ പണം ആവശ്യപ്പെടുകയായിരുന്നു. ഭീതിയിലായ പരാതിക്കാരി തന്റെ ബാങ്ക് അക്കൗണ്ടുകളിലെ തുക പ്രതികൾ നൽകിയ അക്കൗണ്ടുകളിലേക്ക് അയച്ചു. തട്ടിപ്പ് നടത്താനായി പ്രധാന പ്രതികൾക്ക് ബാങ്ക് അക്കൗണ്ടുകൾ വിൽപ്പന നടത്തിയവരാണ് നിലവിൽ അറസ്റ്റിലായത്.
ജില്ലാ പൊലീസ് മേധാവി ആർ വിശ്വനാഥിന്റെ നിർദേശപ്രകാരം മലപ്പുറം ഡിസിആർബി ഡിവൈഎസ്‌പി ജയചന്ദ്രന്റെ മേൽനോട്ടത്തിൽ സൈബർ ക്രൈം പൊലീസ് ഇൻസ്‌പെക്ടർ ഐ സി ചിത്തരഞ്ജന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. എസ്ഐ അബ്ദുൾ ലത്തീഫ്, എഎസ്ഐ റിയാസ് ബാബു, അനീഷ്, സിപിഒമാരായ മൻസൂർ അയ്യോളി, റിജിൽ രാജ്, വിഷ്ണു ശങ്കർ എന്നിവരും അന്വേഷക സംഘത്തിലുണ്ടായിരുന്നു.









0 comments