18000 ത്തോളം ലിറ്റർ ഡീസൽ പിടിച്ചെടുത്തു

18000 ലിറ്റർ ഡീസൽ പിടിച്ചെടുത്തു

spirit.j
വെബ് ഡെസ്ക്

Published on Mar 31, 2025, 04:14 PM | 1 min read

തേഞ്ഞിപ്പലം: അനധികൃതമായി സൂക്ഷിച്ച 18000 ത്തോളം ലിറ്റർ ഡീസൽ തേഞ്ഞിപ്പലം പോലീസ് പിടിച്ചെടുത്തു. തേഞ്ഞിപ്പലം കൊയപ്പപ്പാടത്തെ ഗോഡൗണിൽ ബാരലുകളിലായി സൂക്ഷിച്ചിരിക്കുകയായിരുന്നു ഡീസൽ. പെരിഞ്ചീരി മാട്ടിൽ അബ്ദുൾ സലാമിൻ്റെ വീട്ടുവളപ്പിലുള്ള ഗോഡൗണിലായിരുന്നു ഡീസൽ.


ഗോഡൗൺ വയനാട് മേപ്പാടി സ്വദേശി അബ്ദുൾ ലത്തീഫിന് വാടകക്ക് നൽകിയിരിക്കുകയാണ്. പഴയ ഓയിൽ ശുദ്ധീകരിക്കുന്നതിനാണ് എന്ന് പറഞ്ഞാണ് മൂന്ന് മാസം മുമ്പ് ഗോഡൗൺ ലത്തീഫ് വാടകയ്ക്ക് എടുത്തത്. കഴിഞ്ഞ ദിവസം ബേപ്പൂർ ഫിഷിംഗ് ഹാർബറിൽ നിന്നും ടാങ്കർ ലോറിയിലെത്തിച്ച 6000 ലിറ്റർ അനധികൃത ഡീസൽ ഫറോക്ക് അസി.കമ്മീഷണർ എ എം സിദ്ധീഖിൻ്റെ നേതൃത്വത്തിൽ പോലീസ് പിടികൂടിയിരുന്നു.


കുറ്റ്യാടി അരീക്കൽ സ്വദേശി സായിഷിനെ പിടികൂടുകയും ചെയ്തു. ചോദ്യം ചെയ്യലിൽ ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് തേഞ്ഞിപ്പലം കൊയപ്പപാടത്തെ ഗോഡൗണിൽ സൂക്ഷിച്ച അനധികൃത ഡീസലിനെ കുറിച്ച് വിവരം ലഭിച്ചത്. ഇതിനെ തുടർന്ന് തിങ്കളാഴ്ച രാവിലെ കൊണ്ടോട്ടി ഡിവൈഎസ്പി പി കെ സന്തോഷിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഗോഡൗണിലെത്തി ഡീസൽ പിടിച്ചെടുത്തത്. 26 വലിയ ബാരലുകളാണ് ഉണ്ടായിരുന്നത്. ഇതിൽ 15 ലും നിറച്ച് ഡീസലുണ്ടായിരുന്നു.


ഒമ്പത് എണ്ണം കാലിയുമായിരുന്നു. രണ്ടെണ്ണത്തിൽ ഭാഗികമായി ഡീസലുണ്ട്. കരിഞ്ചന്തയിൽ വില കുറച്ച് വിൽക്കുന്നതിനാണ് സംഭരിച്ചത്. ബിപിസി ഉദ്യോഗസ്ഥരെത്തി സാമ്പിൾ പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്. എന്നാൽ വില കുറച്ച് വിൽക്കാൻ കഴിയുന്നതെങ്ങനെയെന്ന് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തേഞ്ഞിപ്പലം സി ഐ ജീവൻ ജോർജ്, എസ് ഐ വിപിൻ സി പിള്ള, അരീക്കോട് ജൂനിയർ എസ് ഐ ടി എസ് വിഷ്ണു എന്നിവർ ഡീസൽ പിടികൂടിയ പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു.




ഫോട്ടോ: തേഞ്ഞിപ്പലം കൊയപ്പപ്പാടത്തെ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന അനധികൃത ഡീസൽ.







deshabhimani section

Related News

View More
0 comments
Sort by

Home